Connect with us

Malappuram

വൃക്ക തകരാറിലായ സഹോദരങ്ങള്‍ക്ക് കാരുണ്യം കാത്ത് കുടുംബം

Published

|

Last Updated

തിരൂര്‍: വൃക്ക തകരാറിലായ മക്കളുടെ ചികിത്സക്കും മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുമായി പണമില്ലാതെ കുടുംബം ദുരിതത്തില്‍. കൂട്ടായി അരയന്‍കടപ്പുറം സ്വദേശി കുറിയന്റെ പുരക്കല്‍ മൂസയുടെ മക്കളായ ഫാജിസ് (21), ആസിഫ്(12) എന്നിവരാണ് വൃക്കരോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്നത്. രോഗം ബാധിച്ച് വേദന കടിച്ചമര്‍ത്തുന്നതിനു പുറമെ തുടര്‍ ചികിത്സക്കുള്ള സാമ്പത്തിക ബാധ്യതകളും ഇവരെ തളര്‍ത്തുന്നു.

അഞ്ച് വര്‍ഷം മുമ്പാണ് മൂസയുടെ മൂന്നാമത്തെ മകന്‍ ആസിഫില്‍ വൃക്ക രോഗം കണ്ടെത്തുന്നത്. തുടര്‍ന്ന് ശാരീരിക വളര്‍ച്ച മുരടിച്ച മൂത്ത മകന്‍ ഫാജിസിനെ കൂടി ചികിത്സക്കു വിധേയമാക്കിയതോടെയാണ് വൃക്കയെ രോഗം പിടിമുറിക്കിയ വിവരം വീട്ടുകാര്‍ അറിയുന്നത്. ഇരു കുട്ടികളും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഫാജിസിനെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. പിതാവിന്റെ വൃക്ക മാറ്റി വെക്കുന്നതിനുള്ള നടപടികളും ടെസ്റ്റുകളും നടന്നു വരികയാണിപ്പോള്‍. ബി കോം പഠനം പൂര്‍ത്തിയാക്കിയ ഫാജിസിന് തുടര്‍ പഠനം നടത്താന്‍ ആഗ്രഹമുണ്ടെങ്കിലും രോഗം ശരീരത്തെയും മനസിനെയും തളര്‍ത്തിയിരിക്കുകയാണ്.

ദിവസവും ആയിരം രൂപയിലധികം ചെലവ് വരുന്നുണ്ട്. ആറാം ക്ലാസ് വിദ്യാര്‍ഥിയായ സഹോദരന്‍ ആസിഫും കഴിഞ്ഞ നാല് വര്‍ഷമായി ചികിത്സയിലാണ്. മാതാവും പ്ലസ്ടുവിലും മൂന്നിലും പഠിക്കുന്ന സഹോദരങ്ങളുമടങ്ങുന്നതാണ് കുടുംബം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പത്ത് വര്‍ഷം മുമ്പ് മൂസയുടെ സഹോദരന്‍ മരണപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളിയായ മൂസയാണ് കുടുംബത്തിന്റെ ഏക വരുമാനം. സുമനസുകളുടെ കാരുണ്യം മാത്രമാണ് പ്രതീക്ഷ. ഇരുവരുടെയും ചികിത്സക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഏ പി പരീക്കുട്ടി (Mob-8943946645) കമ്മിറ്റി ചെയര്‍മാനും കെ കെ ലിറാര്‍ (Mob-9846108263) കണ്‍വീനറുമാണ്. ഫാജിസിന്റെ പേരില്‍ എസ് ബി ഐ ബേങ്ക് തിരൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 20326005353 നമ്പര്‍ അക്കൗണ്ടിലേക്ക്(ഐ എഫ് സി കോഡ് SBIN0008678) ഉദാരമതികളുടെ സഹായം കാത്തിരിക്കുകയാണ് ഈ കുടുംബം.

Latest