മാപ്പിളപ്പാട്ടില്‍ അഫ്‌സലും ഇര്‍ശാദും; പിന്തള്ളിയത് റിയാലിറ്റി ഷോ താരങ്ങളെ

Posted on: January 5, 2016 12:29 pm | Last updated: January 5, 2016 at 12:29 pm

അരീക്കോട്: മാപ്പിളപ്പാട്ട് വേദിയില്‍ വിജയ കിരീടം ചൂടിയത് മുഹമ്മദ് അഫ്‌സലും മുഹമ്മദ് ഇര്‍ശാദും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം മാപ്പിളപ്പാട്ട് മത്സരങ്ങളാണ് ഇന്നലെ കലോത്സവത്തിലെ മുഖ്യ ആകര്‍ഷണമായത്.
20 പേര്‍ മത്സരിച്ച ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പി എച്ച് എസ് എസ് പന്തല്ലൂരിലെ കെ മുഹമ്മദ് ഇര്‍ശാദാണ് വിജയിയായത്. ഹംസ നരോക്കാവ് രചന നിര്‍വഹിച്ച സുധി ഭാഷാ അബുല്‍ കാസിം സതിസാരം സുനെവിട്ട് …. എന്നു തുടങ്ങുന്ന ഗാനമാണ് പാടിയത്. മൂന്ന് റിയാലിറ്റി ഷോ താരങ്ങളുള്‍പ്പെടെയുള്ളവരെ പിന്നിലാക്കിയാണ് ഈ നേട്ടം. സല്‍മാനുല്‍ ഫാരിസിന് രണ്ടാം സ്ഥാനവും റബീഹുള്ളക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. മുടിക്കോട് സ്വദേശി അബ്ദുല്‍ മന്‍സൂര്‍-റജീന ദമ്പതികളുടെ മകനാണ് മുഹമ്മദ് ഇര്‍ശാദ്.ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പാണക്കാട് ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ മുഹമ്മദ് അഫ്‌സലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. ഹംസ നരോക്കാവ് തന്നെ രചിച്ച ബിടാലം ബഹു ബദുമൈ കൊണ്ട്……… എന്ന ഗാനമാലപിച്ചാണ് വിജയ കിരീടം ചൂടിയത്. 18 പേര്‍ മാറ്റുരച്ച മത്സരത്തില്‍ എല്ലാവരും മികച്ച നിലവാരം പുലര്‍ത്തി. പാണക്കാട് സ്വദേശി സിദ്ധീഖ്-റംല ദമ്പതികളുടെ മകനാണ് മുഹമ്മദ് അഫ്‌സല്‍. രണ്ടു പേര്‍ക്കും പരിശീലനം നല്‍കിയത് ഹനീഫ മുടിക്കോടാണ്. ഫസല്‍ കൊടുവള്ളി, അബ്ദുല്ല ചെറുവാടി, അശ്‌റഫ് വയനാട് എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.