വിരസത സമ്മാനിച്ച മിമിക്രിയില്‍ വ്യത്യസ്തനായി മിഖ്ദാദ്

Posted on: January 5, 2016 10:01 am | Last updated: January 5, 2016 at 12:04 pm
SHARE

സുല്‍ത്താന്‍ബത്തേരി: വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മിമിക്രിവേദിയിലെ ഇനങ്ങള്‍ ഇന്നും അതേ പടി പകര്‍ത്തുന്ന കുറച്ച് വിദ്യാര്‍ത്ഥികളെയാണ് എച്ച് എസ് വിഭാഗം ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ കണ്ടത്.
കുതിരക്കുളമ്പടിയും, കിളി ചിലക്കുന്നതും, പശുവിനെ കറക്കുന്നതും ആക്‌സോബ്ലേഡ് കൊണ്ട് പൈപ്പ് മുറിക്കുന്നതും, ഓട്ടോറിക്ഷ ഓടിക്കുന്നതുമെല്ലാമാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും അവതരിപ്പിച്ചത്. ചിലര്‍ ഷീല, സത്യന്‍, കെ പി ഉമ്മര്‍, കമല്‍ഹാസന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയ ചില താരങ്ങളുടെ ശബ്ദമെടുത്തെങ്കിലും അതൊന്നും പൂര്‍ണതയിലെത്തിയില്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങി, വൈകിട്ട് വീട്ടിലെത്തുന്നത് വരെ കാണുന്ന കാര്യങ്ങളെന്ന രീതിയിലാണ് ഇത്തവണയും ഭൂരിഭാഗം വിദ്യാര്‍ത്ഥികളും വേദിയിലെത്തിയത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മിമിക്രിവേദിയെ അതേ പടി പകര്‍ത്തുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. എച്ച് എസ് വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ രണ്ട് പേരാണ് മത്സരിക്കാനുണ്ടായിരുന്നത്. തീവണ്ടിയും, കൂര്‍ക്കംവലിയും, ടാപ്പുതുറക്കുന്നതുമെല്ലാം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. എച്ച് എസ് വിഭാഗത്തില്‍ പനമരം ക്രസന്റ് എച്ച് എസ് എസിലെ പത്താംക്ലാസ് വിദ്യാര്‍ഥി മിക്ദാദിനാണ് എ ഗ്രേഡോടെ ഒന്നാംസ്ഥാനം. മംഗള്‍യാന്‍, ഹെലികോപ്റ്റര്‍, വെസ്റ്റേണ്‍മ്യൂസിക്, ഇംഗ്ലീഷ് സിനിമാ ട്രെയിലര്‍ തുടങ്ങിയ ശബ്ദങ്ങളിലെ കൃത്യതയായിരുന്നു മിക്ദാദിനെ ജേതാവാക്കിയത്.പനമരം നെല്ലുള്ളതില്‍ റഷീദ്-ഫെമിതാ ദമ്പതികളുടെ മകനാണ് മിഖ്ദാദ്.

LEAVE A REPLY

Please enter your comment!
Please enter your name here