ഇനി താളലയങ്ങളുടെ മൂന്ന് ദിനങ്ങള്‍

Posted on: January 5, 2016 10:02 am | Last updated: January 5, 2016 at 12:03 pm
SHARE

സുല്‍ത്താന്‍ ബത്തേരി: കലയുടെ നൂപുരധ്വനികളുയര്‍ത്തി മുപ്പത്തിയാറാമത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളില്‍ വര്‍ണ്ണാഭമായ തുടക്കം.താളലയങ്ങളുടെ വൈവിധ്യത്തില്‍ ഇനി ആഘോഷത്തിന്റെ മുന്നുദിനങ്ങള്‍.ബത്തേരി ടൗണില്‍ നിന്നും തുടങ്ങിയ ഘോഷയാത്ര നഗരം ചുറ്റി വേദിയിലെത്തിയതോടെയാണ് കലാമേളയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്.
പുലികളിയും ചെണ്ടമേളവും കലാരൂപങ്ങളുമായി വിദ്യാര്‍ഥികളും നാടും അണിനിരന്ന ഘോഷയാത്ര വിസ്മയമായി.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും,സ്‌കൗട്ട് ആന്റ് ഗൈഡ്‌സും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും അണി നിരന്ന ഘോഷയാത്രയില്‍ കലാ പ്രതിഭകളുടെയും പ്രാതിനിധ്യമുണ്ടായിരുന്നു.
പട്ടിക വര്‍ഗ്ഗ യുവജനക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി സ്‌കൂള്‍ കലോത്സവം 36 ഭദ്രദീപങ്ങള്‍ കൊളുത്തി ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കലാപരമായ ഉന്നതികളുണ്ടാക്കുന്നതിന് കലോത്സവത്തിന്റെ പങ്ക് വളരെ വലുതാണ്.കലയുടെ താളലയങ്ങളില്‍ ഉണര്‍വ് പകര്‍ന്ന് എല്ലാ വര്‍ഷവുമെത്തുന്ന കലോത്സവം വിദ്യാലയ അനുഭവങ്ങളില്‍ ഏറ്റവും മികച്ചതാണ്.തലമുറകളിലേക്ക് കൈമാറി വന്ന ഈ കലോത്സവത്തില്‍ പങ്കെടുക്കുകയെന്നതും വിജയത്തെപോലെ തന്നെ അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാണ്.വയനാട്ടില്‍ നിന്നുള്ള പ്രതിഭകളുടെ വളര്‍ച്ചക്ക് തികഞ്ഞ പ്രോത്സാഹനമാണ് ഈ വേദി നല്‍കുന്നത്.സംസ്ഥാന തലത്തിലും മറ്റുള്ളവര്‍ക്കൊപ്പം കലാമികവ് പ്രകടിപ്പിക്കാന്‍ ഈ പ്രതിഭകള്‍ക്കെല്ലാം കഴിയട്ടെയെന്നും മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു.
ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം കലാപരമായ നേട്ടങ്ങളും ഇന്ന് വയനാടിന് സ്വന്തമാണ്.കലോത്സവവേദിയിലെ അവസരങ്ങള്‍ ധാരാളം പ്രതിഭകള്‍ക്ക് വളരാനുള്ള അവസരവും നല്‍കുന്നുണ്ടെന്നും ഐ.സി.ബാലകൃഷ്ണന്‍ പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി.സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ സി കെ സഹദേവന്‍,സെന്റ് ജോസഫ് ഇ എച്ച്.എസ് എസ് മാനേജര്‍ ബിഷപ്പ് ഡോ.ജോസഫ് തോമസ് എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്,കല്‍പ്പറ്റ നഗര സഭ ചെയര്‍പേഴ്‌സണ്‍ ബിന്ദുജോസ്,ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി,കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ മിനി,അഡ്വ.ഒ ആര്‍ രഘു,നഗരസഭ ചെയര്‍പേഴ്‌സണ്‍ വത്സജോസ്,ബാബു അബ്ദുറഹിമാന്‍,കെ ഷിഫാനത്ത്,മുന്‍ വിദ്യാഭ്യാസ ജോയിന്റ് കമ്മീഷണര്‍ എന്‍ ഐ തങ്കമണി, എച്ച് എസ്,എസ് കോ-ഓര്‍ഡിനേറ്റര്‍ താജ് മന്‍സൂര്‍,ജില്ലാ വിദ്യാഭ്യാസഓഫീസര്‍എം ബാബുരാജ്,എം പി മുരളീധരന്‍,എം ലതിക,എ എസ് ജോസ്,സായിസുധസുന്ദര്‍ തുടങ്ങിയവര്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി രാഘവന്‍ സ്വാഗതവും കെ.അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here