ആഘോഷങ്ങള്‍ക്ക് വിട; പിറന്നാളിന് ഇനി എത്തില്ല

Posted on: January 5, 2016 5:58 am | Last updated: January 5, 2016 at 11:59 am

മണ്ണാര്‍ക്കാട്: ഏക മകള്‍ വിസ്മയയുടെ രണ്ടാം പിറന്നാള്‍ വിപുലമായി ആഘോഷിക്കാനിരിക്കെയാണ് ധീരജവാന്‍ നിരഞ്ജന്‍ കുമാര്‍ ഭീകരവാദികളുടെ ആക്രമണത്തില്‍ ജീവന്‍വെടിഞ്ഞത്. രണ്ട് വയസ് തികയുന്ന വിസ്മയയുടെ ആദ്യപിറന്നാള്‍ ആഘോഷിക്കാന്‍ ഔദ്യോഗിക തിരക്കിനിടയില്‍ നിരഞ്ജന് കഴിഞ്ഞിരുന്നില്ല. ഈ വരുന്ന ഏപ്രില്‍ 4ാം തീയതി ബാംഗ്ലൂരില്‍വെച്ച് ബന്ധുക്കളെയെല്ലാം വിളിച്ചുകൂട്ടി രണ്ടാം പിറന്നാള്‍ ആഘോഷിക്കാനുളള ഒരിക്കത്തിലായിരുന്നു നിരഞ്ജനും കുടുംബവും. ഇതിനായി ബന്ധുക്കളോടെല്ലാം തന്നെ നിര്‍ബന്ധമായും ബാംഗ്ലൂരിലെത്താന്‍ പറയുകയും ചെയ്തിരുന്നു. എന്ത് തിരക്കുണ്ടെങ്കിലും മകളുടെ രണ്ടാം പിറന്നാളാഘോഷിക്കാന്‍ എത്തുമെന്ന പ്രതീക്ഷയിലിരിക്കെയാണ് അപ്രതീക്ഷിതമായി നിരഞ്ജന്‍ വീരാമൃതു വരിച്ചത്. ഈ ആഘാതത്തില്‍ നിന്നും മോചിതരാവാന്‍ കഴിയാതെ ഞെട്ടലിലാണ് ഭാര്യയും കുഞ്ഞും. ഇവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ തകര്‍ന്നിരിക്കുകയാണ് കുടുംബം.
ഉത്സവത്തിലും ബന്ധുവിന്റെ വിവാഹത്തിലും പങ്കെടുക്കാനും അവധിക്ക് നാട്ടില്‍ വരാനുളള തയ്യാറെടുപ്പിനിടെയാണ് വിധി വൈപരീത്യത്തില്‍ നിരഞ്ജനെ മരണം തട്ടിയെടുത്തത്. അവധിക്ക് നാട്ടിലെത്താന്‍ നാലുദിവസം മാത്രം ബാക്കി നില്‍ക്കെ രാജ്യരക്ഷയുടെ പ്രത്യേക ദൗത്യവുമായി പത്താന്‍ക്കോട്ടിലെത്തുകയും ഭീകരാക്രമണത്തെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്യുകയാണുണ്ടായത്. ഭാര്യ ഡോ. രാധികയുടെ പുലാമന്തോളിലുളള കുടുംബ ക്ഷേത്രമായ പാലൂര്‍ സുബ്രമണ്യ ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനും രാധികയുടെ അമ്മായിയുടെ മകന്‍ സാനന്ദിന്റെ വിവാഹത്തില്‍ പങ്കെടുക്കുവാനും വേണ്ടി ഈ മാസം 8 മുതല്‍ നീണ്ട അവധിയെടുത്ത് തയ്യാറെടുപ്പിലായിരുന്നു നിരഞ്ജന്‍. ഭാര്യയും ഭാര്യാമാതാവും കുഞ്ഞും 6ാം തിയ്യതി നാട്ടിലെത്താനിരിക്കെയായിരുന്നു അപകടം.
ഔദ്ദ്യോഗിക തിരക്കുകളും പരിശീലനവുമായി ദീര്‍ഘകാലമായി കുടുംബങ്ങളിലെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നിരഞ്ജന്‍ കഴിഞ്ഞിരുന്നില്ല. അച്ഛമ്മ പത്മാവതിയുടെ 87ാം പിറന്നാള്‍ ആഘോഷ ചടങ്ങിലും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ബന്ധുക്കളുടെ ഈ പരാതികളെല്ലാം തീര്‍ക്കാന്‍ വേണ്ടി കൂടിയാണ് ഒരു മാസം നീളുന്ന അവധിയുമായി നാട്ടിലെത്താന്‍ നിരഞ്ജന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വരാനിരിക്കുന്ന സന്തോഷങ്ങളെയും ആഘോഷങ്ങളേയുമെല്ലാം മേല്‍ ദുഖത്തിന്റെ കരിനിഴല്‍ വീഴ്ത്തി ഞായറാഴ്ച ബന്ധുക്കളെ തേടിയെത്തിയത് ധീരദേശാഭിമാനിയുടെ മരണവാര്‍ത്തയായിരുന്നു.