മുസ്‌ലിംലീഗ് സാമുദായിക പേര് ഉപേക്ഷിച്ച് ന്യൂനപക്ഷങ്ങളോട് മാപ്പ് പറയണം: ഐ എന്‍ എല്‍

Posted on: January 5, 2016 11:50 am | Last updated: January 5, 2016 at 11:50 am
SHARE

കോഴിക്കോട്: കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വമാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന ജനതാദള്‍ (യു) നേതാവ് വര്‍ഗീസ് ജോര്‍ജിന്റെ പ്രസ്താവന യു ഡി എഫിന്റെ പൊയ്മുഖം വലിച്ചുകീറുന്നതാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ്. ന്യൂനപക്ഷ താത്പര്യം സംരക്ഷിക്കുന്നവരാണെന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിംലീഗ് സാമുദായിക പേര് ഉപേക്ഷിച്ച് ന്യൂനപക്ഷങ്ങളോട് മാപ്പ് പറയണം. കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തിലിരിക്കുമ്പോള്‍ ഗര്‍വാപ്പസി, ബീഫ് നിരോധനം എന്നീ പ്രചാരണങ്ങളിലൂടെ ന്യൂനപക്ഷ ഉന്മൂലനത്തിനുള്ള ശ്രമം നടക്കുന്നു. ഇതിന്റെ ഭാഗമെന്നോണം സംസ്ഥാനത്ത് വെള്ളാപ്പള്ളി നടേശനുമായി ചേര്‍ന്ന് രാഷ്ട്രീയ മുന്നേറ്റത്തിന് ബി ജെ പി ശ്രമിക്കുന്നു. ഈ അവസ്ഥയില്‍ കോണ്‍ഗ്രസ് നിലപാടും ഇത്തരത്തിലുള്ള മൃദു ഹിന്ദുത്വമാണെന്ന ഘടകക്ഷി നേതാവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. തിരഞ്ഞെടുപ്പിന് ശേഷം ചെന്നിത്ത ഹൈക്കമാന്‍ഡിന് അയച്ചതെന്ന് ആരോപിക്കപ്പെടുന്ന കത്തില്‍ ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായി കാര്യങ്ങള്‍ നേടുന്നതിനാല്‍ ഭൂരിഭക്ഷ സമുദായം യു ഡി എഫില്‍ നിന്ന് അകലന്നുവെന്ന് പറയുന്നു. കത്ത് നിഷേധിക്കുന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ കത്തില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതയും ചര്‍ച്ച ചെയ്യേണ്ടതുമാണെന്ന് പറയുന്നു. ബി ജെ പിയും വെള്ളാപ്പള്ളിയും പറയുന്ന അതേ അഭിപ്രായമാണിതെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here