Connect with us

Kozhikode

സംസ്ഥാന സാമൂഹികനീതി ദിനാഘോഷങ്ങള്‍ക്ക് ഏഴിന് തിരിതെളിയും

Published

|

Last Updated

കോഴിക്കോട്: “സാമൂഹിക ക്ഷേമത്തില്‍ നിന്ന് സാമൂഹിക നീതിയിലേക്ക്” എന്ന സന്ദേശത്തില്‍ നടക്കുന്ന സംസ്ഥാനതല സാമൂഹികനീതി ദിനാഘോഷങ്ങള്‍ക്ക് ഏഴിന് കോഴിക്കോട് തിരിതെളിയും. സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി സ്വപ്‌നനഗരിയിലും ടൗണ്‍ഹാളിലും പാരമൗണ്ട് ടവറിലുമായാണ് ആഘോഷ പരിപാടികള്‍. ഏഴിന് രാവിലെ ഒമ്പതിന് സിവില്‍സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് സ്വപ്‌നനഗരി വരെ ഘോഷയാത്ര സംഘടിപ്പിക്കും. ഘോഷയാത്രയില്‍ ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, മുതിര്‍ന്ന പൗരന്‍മാര്‍, കുടുംബശ്രീക്കാര്‍, സാമൂഹിക നീതി വകുപ്പ് ജീവനക്കാര്‍ തുടങ്ങി 7500 ഓളം പേര്‍ പങ്കെടുക്കുമെന്ന് മന്ത്രി എം കെ മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് സ്വപ്‌നനഗരയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും.സാമൂഹിക ക്ഷേമസ്ഥാപനങ്ങള്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ദുബായ് കെ എം സി സി 40 ലക്ഷം രൂപ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് കൈമാറും. അന്നേ ദിവസം രാവിലെ ടൗണ്‍ഹാളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയും ലൈംഗികതയും, ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി ഉഭയാര്‍ഥങ്ങളും സാധ്യതകളും എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. നാഷണല്‍ ട്രെസ്റ്റ് ആക്ട് എന്ന വിഷയത്തില്‍ അന്ന് പരാമൗണ്ട് ടവറിലും സെമിനാര്‍ നടക്കും.
എട്ടിന് സ്വപ്‌നനഗരിയില്‍ രാവിലെ സാമൂഹിക നീതിയും സ്ത്രീകളും എന്ന വിഷയത്തിലും ഉച്ചക്ക് ശേഷം വയോജന സൗഹൃദ കേരളം എന്ന വിഷയത്തിലും സെമിനാറുകള്‍ നടക്കും. കൂടാതെ വിവിധ പ്രദര്‍ശനങ്ങള്‍, അദാലത്തുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, കലാപരിപാടികള്‍ എന്നിവയും സ്വപ്‌നനഗരയില്‍ ഉണ്ടാകും. സംസ്ഥാനത്തെ മികച്ച കലക്ടര്‍ക്കുള്ള അവാര്‍ഡ്, പ്രഗത്ഭ ട്രാന്‍ജെന്‍ഡര്‍, ഭിന്നശേഷി പ്രതിഭകള്‍ക്കുള്ള അവാര്‍ഡ്, മികച്ച സി ഡി പി ഒ, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍, അങ്കണവാടി വര്‍ക്കര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍, ക്ഷേമ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കുള്ള സമ്മാന വിതരണം, 1500 ഓളം പേര്‍ക്കുള്ള ആശ്വാസകിരണം പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണം എന്നിവയും നടക്കും.
ഒമ്പതിന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എ പ്രദീപ്കുമാര്‍ എം എല്‍ എ, സി ഡി എ ചെയര്‍മാന്‍ എന്‍ സി അബൂബക്കര്‍ പങ്കെടുത്തു.
ലോഗോ പ്രകാശനം
ചെയ്തു
കോഴിക്കോട്: സ്വപ്‌ന നഗരിയില്‍ നടക്കുന്ന സാമൂഹിക നീതി ദിനാഘോഷ പരിപാടിയുടെ ലോഗോ പഞ്ചായത്ത് സാമൂഹികനീതി മന്ത്രി എം കെ മുനീറിന്റെ അധ്യക്ഷതയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ പ്രകാശനം ചെയ്തു. എലത്തൂര്‍ സ്വദേശി അനുദേവ് ആണ് ലോഗോ രൂപകല്‍പന ചെയ്തത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാരായ ടി പി സാറാമ്മ, സുഭാഷ് കുമാര്‍, സി ആര്‍ സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി, സാമൂഹ്യ സുരക്ഷാമിഷന്‍ റീജിയണല്‍ ഡയറക്ടര്‍ മുഹമ്മദ് യൂനുസ്, ജില്ലാ പ്രബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ജോസഫ് റിബല്ലോ, അബ്ദുല്‍ കരീം, ലോഗോ ഡിസൈനര്‍ അനുദേവ് പ്രസംഗിച്ചു.