Connect with us

National

പത്താന്‍കോട്ട് ഭീകരാക്രമണം: ഇന്ത്യ നല്‍കിയ വിവരങ്ങള്‍ പരിശോധിക്കുമെന്ന് പാകിസ്താന്‍

Published

|

Last Updated

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ വിവരങ്ങള്‍ പരിശോധിക്കുമെന്ന് പാകിസ്താന്‍. വിദേശകാര്യ വക്താവിന്റെ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കും പാകിസ്താനുമിടയില്‍ ചര്‍ച്ച തുടരുണമെന്നും ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് നീങ്ങണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ഭീകരരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇന്ത്യ കൈമാറിയതായാണ് സൂചന. ഇവര്‍ ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളുടെ വിവരങ്ങളും കൈമാറിയിട്ടുണ്ട്. ഭീകരരെ നിയന്ത്രിച്ചത് പാകിസ്താനില്‍ നിന്നാണെന്ന് തളിയിക്കുന്ന തെളിവുകളും കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. ഭീകരാക്രമണത്തില്‍ പാകിസ്താന്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായി പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജാന്‍ജുവ പറഞ്ഞിരുന്നു.

പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് ആണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം യുണൈറ്റഡ് ജിഹാദി കൗണ്‍സില്‍ എന്ന ഭീകര സംഘടന ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്ക് അധീന കാശ്മീരിലെ ഭീകരസംഘടനകളുടെ പൊതുപ്ലാറ്റ്‌ഫോമാണ് യുജെസി. അതേസമയം, ഇവരുടെ അവകാശ വാദം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്ന് തന്നെയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

Latest