ലോധ കമിഷന്‍ നിര്‍ദേശം: ഐ പി എല്ലിന് ഒമ്പത് അംഗ ഭരണസമിതി

Posted on: January 5, 2016 1:54 am | Last updated: January 5, 2016 at 9:55 am

ipl-2016ന്യൂഡല്‍ഹി: ഐ പി എല്ലിന്റെ സുഗമമായ നടത്തിപ്പിന് ഗവേര്‍ണിംഗ് കൗണ്‍സില്‍ എന്ന പേരില്‍ ഒമ്പത് അംഗ ഭരണസമിതി രൂപവത്കരിക്കണമെന്ന് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് ശിപാര്‍ശ. ബി സി സി ഐ സെക്രട്ടറിയും ട്രഷററും ഉള്‍പ്പെടുന്ന ഭരണസമിതിയില്‍ ഫ്രാഞ്ചൈസികളില്‍ നിന്ന് രണ്ട് അംഗങ്ങള്‍ക്കും, കളിക്കാരുടെയും സി എ ജിയുടെയും പ്രതിനിധികള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്നും ശിപാര്‍ശ ചെയ്യുന്നുണ്ട്. ബി സി സി ഐയുടെയും ഐ പി എല്ലിന്റെയും ഭരണം രണ്ടായിതന്നെ മുന്നോട്ട് കൊണ്ടു പോകാനുദ്ദേശിച്ചാണ് കമ്മിറ്റി ഈ ശിപാര്‍ശ മുന്നോട്ടുവെച്ചിരിക്കുന്നത്. ഐ പി എല്‍ ഭരണ സമിതിക്ക് നിയന്ത്രിത അധികാരം നല്‍കിയാല്‍ മതിയെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും ഐ പി എല്ലില്‍ നിന്ന് വിലക്കാന്‍ നിര്‍ദേശിച്ചതിന് ശേഷം അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ് ജസ്റ്റിസ് ലോധ സമിതി അന്തിമ റിപ്പോര്‍പ്പ് നല്‍കുന്നത്.
ബി സി സി ഐയില്‍ ഓംബുഡ്‌സ്മാന്‍, എത്തിക്‌സ് ഓഫീസര്‍, ഇലക്ടറല്‍ ഓഫീസര്‍ എന്നിവരെ നിയമിക്കണം. ഓംബുഡ്‌സ്മാന്‍ ഒരു സുപ്രീം കോടതി ജഡ്ജിയോ വിരമിച്ച ഹൈക്കോടതി ജഡ്ജിയോ ആയിരിക്കണം.
ബി സി സി ഐ അംഗങ്ങളുടെ ഭിന്നതാത്പര്യം, അഴിമതി എന്നിവ കൈകാര്യം ചെയ്യേണ്ടത് വിരമിച്ച ഹൈക്കോടതി ജഡ്ജിയായ എത്തിക്‌സ് ഓഫീസറായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) വാതുവയ്പും ഒത്തുകളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അന്വേഷിക്കാനാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് ആര്‍ എം ലോധ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്.

സുന്ദര്‍ രാമന് ക്ലീന്‍ ചിറ്റ്
ന്യൂഡല്‍ഹി: മുന്‍ ഐപിഎല്‍ സി ഒ ഒ സുന്ദര്‍ രാമന് ലോധ കമ്മിറ്റിയുടെ ക്ലീന്‍ ചിറ്റ്. 2013 ഐ പി എല്ലില്‍ തത്‌സമയ വാതുവെപ്പുമായി സുന്ദര്‍ രാമനും പങ്കുണ്ടെന്ന ആരോപണം തെളിവുകളുടെ അഭാവത്തില്‍ കമ്മിറ്റി തള്ളിക്കളഞ്ഞു.
സുന്ദര്‍ രാമനെതിരെ തെളിവില്ല, വിന്ദൂ ധാരാ സിംഗുമായി ബന്ധമുണ്ടെന്നതിനെ കുറിച്ചും വ്യക്തതയില്ല – ജസ്റ്റിസ് ആര്‍ എം ലോധ പറഞ്ഞു.
റിപ്പോര്‍ട്ട് വായിച്ചിട്ടില്ലാത്തതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് സുന്ദര്‍ രാമന്‍ പറഞ്ഞു.