Connect with us

Gulf

ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് അറബ് രാജ്യങ്ങള്‍

Published

|

Last Updated

റിയാദ്: സഊദി അറേബ്യയും യു എ ഇയും ബഹ്‌റൈനും ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു. ഭീകരപ്രവര്‍ത്തികളുടെ പേരില്‍ ശിയാ നേതാവ് നിംറ് അല്‍നിംറിന്റെ വധശിക്ഷ സഊദി നടപ്പാക്കിയതിന് ശേഷം ഇറാനില്‍ നിന്നുള്ള മോശം പ്രതികരണമാണ് നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിലേക്ക് എത്തിച്ചത്. ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായും അവിടെയുള്ള സഊദി നയതന്ത്ര പ്രതിനിധികള്‍ തിരിച്ചുവരുന്നതായും സഊദി അറേബ്യ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇറാനിലെ സഊദി നയതന്ത്ര പ്രതിനിധികള്‍ ദുബൈ വഴി സഊദിയിലേക്ക് മടങ്ങി. യു എ ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷിന്റെ നേതൃത്വത്തില്‍, ഇറാനില്‍ നിന്ന് മടങ്ങുന്ന സഊദി നയതന്ത്ര പ്രതിനിധികളെ ദുബൈയില്‍ സ്വീകരിച്ചു. റിയാദിലെ ഇറാന്‍ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ 48 മണിക്കൂറിനകം അവസാനിപ്പിക്കണമെന്നും സഊദി മുന്നറിയിപ്പ് നല്‍കിയിരുന്നു. സഊദിക്കു പിന്നാലെ ജി സി സി അംഗ രാജ്യങ്ങളില്‍ പലതും ഇറാനുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. യു എ ഇ ഇറാനിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധി സൈഫ് അല്‍ സആബിയെ ഇന്നലെ തിരിച്ചുവിളിച്ചു. ഇറാനിലെ തങ്ങളുടെ നയതന്ത്ര കാര്യാലയം തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും നാമമാത്ര ഉദ്യോഗസ്ഥര്‍ മാത്രമെ ഉണ്ടായിരിക്കുകയുള്ളൂവെന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കി. സഊദി നയതന്ത്ര കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍, യു എ ഇയിലുള്ള ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധമറിയിച്ചതിന്റെ പിന്നാലെയായിരുന്നു നയതന്ത്ര പ്രതിനിധിയെ യു എ ഇ തിരിച്ചുവിളിച്ചത്.
ബഹ്‌റൈനും ഇറാനുമായുള്ള മുഴുവന്‍ നയതന്ത്ര ബന്ധങ്ങളും വിഛേദിക്കുന്നതായി പ്രഖ്യാപിച്ചു. ജി സി സിക്കു പുറമെ സുഡാനും സംഭവത്തിലെ പ്രതിഷേധ സൂചകമായി ഇറാനിലുള്ള തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കുകയും സുഡാനിലെ ഇറാന്‍ സ്ഥാനപതി കാര്യാലയം അടച്ചുപൂട്ടി ബന്ധപ്പെട്ടവരോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ബഹ്‌റൈനിലെ ശിയാക്കള്‍ക്കിടയില്‍ രാജ്യവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പ്രേരണ കുത്തിവെക്കുന്നത് ഇറാനാണെന്ന് നേരത്തെ ബഹ്‌റൈന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ഇറാനിലെ സഊദി എംബസിക്ക് പ്രതിഷേധക്കാര്‍ തീവെച്ചിരുന്നു. എംബസിക്ക് നേരെ നടന്ന ആക്രമണം മുതലെടുക്കുയാണ് സഊദിയെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. അന്താരാഷ്ട്ര കരാറുകള്‍ പ്രകാരം നയതന്ത്ര പ്രതിനിധികള്‍ക്ക് സുരക്ഷയൊരുക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.
ഇറാനുമായുള്ള നയതന്ത്ര ബന്ധം വേര്‍പ്പെടുത്തിയ സഊദി നടപടി തികച്ചും ആകസ്മികമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നീക്കങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഭയപ്പെടുന്നു. ഇറാനും സഊദിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി സമാധാന ചര്‍ച്ചകളിലേക്ക് അവരെ തിരിച്ചുകൊണ്ടുവരാന്‍ പാശ്ചാത്യന്‍ രാജ്യങ്ങള്‍ ഇടപെടണമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
നിംറിന്റെ വധശിക്ഷ നടപ്പാക്കിയത് മുതല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വാക് പോര് രൂക്ഷമായിരിക്കുകയാണ്. 2003നും 2006നും ഇടയില്‍ വിവിധ ഭീകരവാദ കേസുകളില്‍ പിടിക്കപ്പെട്ട 47 പേരുടെ വധശിക്ഷയാണ് സഊദി ദിവസങ്ങള്‍ക്ക് മുമ്പ് നടപ്പാക്കിയത്. ഇവരില്‍ നാല് പേര്‍ ശിയാക്കളാണ്. 2011ല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്‍കിയെന്നതായിരുന്നു നിംറിനെതിരെയുള്ള കുറ്റം.

കാര്യങ്ങള്‍ വഷളാക്കിയത് ഇറാന്‍ തന്നെയെന്ന്
സഊദി വിദേശകാര്യ മന്ത്രി
റിയാദ്: കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത് ഇറാന്‍ തന്നെയാണെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഇറാനിലെ സഊദി എംബസി കെട്ടിടത്തിലുണ്ടായിരുന്ന രേഖകളും കംപ്യൂട്ടറുകളും ഉള്‍പ്പെടെ പ്രധാനപ്പെട്ടതെല്ലാം എടുത്തുകൊണ്ടുപോയി. കെട്ടിടത്തിന് നേരെ ആക്രമണം തുടങ്ങിയപ്പോള്‍ തന്നെ ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തോട് സഊദി പ്രതിനിധികള്‍ സഹായം ആവശ്യപ്പെട്ടിരുന്നു. പക്ഷേ മൂന്ന് തവണയും ഈ അഭ്യര്‍ഥന അവര്‍ തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്വം മുഴുവന്‍ ഇറാന്: ജി സി സി സെക്രട്ടറി
റിയാദ്: ജി സി സി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്വീഫ് ബിന്‍ റാശിദ് അല്‍ സയാനി എംബസിക്ക് നേരെ നടന്ന ആക്രമണത്തെ എതിര്‍ത്ത് രംഗത്തെത്തി. നയതന്ത്ര മേഖലകളില്‍ ആവശ്യമായ സുരക്ഷ ഒരുക്കാത്ത ഇറാന് തന്നെയാണ് സംഭവങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Latest