സോളാര്‍ കേസ്: കമ്മീഷന് മുമ്പാകെ നല്‍കിയ മൊഴി രേഖപ്പെടുത്തിയതായി കാണുന്നില്ലെന്ന്

Posted on: January 5, 2016 9:46 am | Last updated: January 5, 2016 at 9:46 am
SHARE

കൊച്ചി: സോളാര്‍ കേസ് ആദ്യം അന്വേഷിച്ചിരുന്ന തലശ്ശേരി മുന്‍ എസ് ഐ ബിജു ജോണ്‍ ലൂക്കോസ് നേരത്തേ സോളാര്‍ കമ്മീഷനുമുമ്പാകെ നല്‍കിയ മൊഴിയിലെ പ്രധാനഭാഗങ്ങള്‍ കേസ് ഡയറി ഫയലില്‍ രേഖപ്പെടുത്തിയതായി കാണുന്നില്ലെന്ന് സോളാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘ(എസ്‌ഐടി)ത്തിലെ അംഗമായ മുന്‍ കണ്ണൂര്‍ ഡി വൈ എസ് പി കൂടിയായ കെ എസ് സുദര്‍ശന്‍. സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. സരിതാ നായരെ ആദ്യമായി അറസ്റ്റ് ചെയ്യുന്നതിനായി തലശ്ശേരി മുന്‍ എസ് ഐ ബിജു ജോണ്‍ ലൂക്കോസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം തിരുവനന്തപുരത്ത് എത്തുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മനസിലാക്കി അവര്‍ താമസിച്ചിരുന്ന ഫഌറ്റില്‍ എത്തിയിരുന്നെങ്കിലും പെരുമ്പാവൂര്‍ പോലീസ് സംഘം അറസ്റ്റു ചെയ്തു കൊണ്ടുപോയെന്നാണ് ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ സരിതാ നായരെ 2013 ജൂണ്‍ രണ്ടാം തീയതി രാത്രി പതിനൊന്ന് മണിക്കാണ് അറസ്റ്റ് ചെയ്തതെന്ന വിവരം ഫയലില്‍ ഇല്ലെന്നും സുദര്‍ശന്‍ സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി.
അതേസമയം സരിതയെ പെരുമ്പാവൂര്‍ പോലീസ് 2013 ജൂണ്‍ മൂന്നിന് പുലര്‍ച്ചെ നാല് മണിക്ക് അറസ്റ്റു ചെയ്തുവെന്നാണ് തന്റെ അറിവെന്നും അദ്ദേഹം സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി. സരിതയെ അറസ്റ്റു ചെയ്യുന്നതിലേക്കായി അവരുടെ താമസസ്ഥലം കണ്ടുപിടിക്കുന്നതിനായി എസ് ഐ ബിജു ജോണ്‍ ലൂക്കോസ് സരിതയുടെ പല മൊബൈല്‍ നമ്പറുകളുടെയും സി ഡി ആര്‍ ശേഖരിച്ചിരുന്നു എന്നു പറയപ്പെടുന്ന രേഖകള്‍ ഫയലില്‍ ഉണ്ടായിരുന്നില്ലെന്നും സുദര്‍ശന്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി. കണ്ണൂര്‍ ജില്ലാ പോലീസ് സുപ്രണ്ട് സിവില്‍ പോലീസ് ഓഫീസര്‍ വി പി നിജേഷിന് കൊടുത്ത കാരണം കാണിക്കല്‍ നോട്ടീസില്‍ സി പി ഒ എസ് ഐ ബിജുവിനോടൊപ്പം കണ്ണൂര്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് സി ഡിആര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നതായും കണ്ണൂര്‍ സൈബര്‍ സെല്‍ കണ്ണൂര്‍ എസ് എച്ച് ഒയുടെ ഒഫീഷ്യല്‍ ഐഡിയിലേക്ക് ഇ- മെയില്‍ അയച്ചിരുന്നതായും പറയുന്നുണ്ട്. എന്നാല്‍ താന്‍ കേസ് ഏറ്റെടുത്ത ദിവസം സി ഡി ഫയലില്‍ ഈ രേഖകള്‍ ഉണ്ടായിരുന്നില്ലെന്നും ഡി വൈ എസ് പി കമ്മീഷനു മുമ്പാകെ മൊഴി നല്‍കി.
ചെങ്ങന്നൂര്‍ ഡി വൈ എസ് പി പ്രസന്നന്റെ കൈവശമുള്ള അന്വേഷണ ഫയലുകളില്‍ സി ഡി ആര്‍ ഉണ്ടാകാമെന്നും അദ്ദേഹം മൊഴി നല്‍കി. തന്റെ ഫോണില്‍ നിന്ന് സരിതാ നായര്‍ സി എല്‍ ആന്റോയെ വിളിച്ചിരുന്നതായി ഡിജിപിക്ക് സി എല്‍ ആന്റോ നല്‍കിയ പരാതി വ്യക്തി വിദ്വേഷത്താലാണ്.
തലശ്ശേരി കോടതിയിലെ മജിസ്‌ട്രേറ്റിന്റെ ഉത്തരവു പാലിക്കുന്നതിനായി സരിതയ്ക്ക് അവരുടെ അഭിഭാഷകനെ ഫോണ്‍ ചെയ്യുന്നതിനായി സുരക്ഷാ കാരണങ്ങളുടെ പേരിലാണ് അനുവദിച്ചതെന്നും ഡി വൈ എസ്പി കമ്മീഷനു മുമ്പാകെ മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here