കഥ പറയുന്നു; ഈ പീരങ്കിയുണ്ടകള്‍

Posted on: January 5, 2016 9:44 am | Last updated: January 5, 2016 at 9:44 am

എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും, എല്ലാ സുല്‍ത്താന്മാരും വെളിച്ചം കടക്കുന്ന ഗുഹയിലൂടെ ഒളിച്ചോടും. ഉറക്കച്ചടവില്ലാത്ത എന്റെ കുട്ടികള്‍ ഇവയെല്ലാം കൗതുകപൂര്‍വം നോക്കി കാണും. എങ്കിലും ഞാന്‍ പറയുന്നു, കാവല്‍ക്കാര്‍ ഒടുവില്‍ അവരുടെ തോളിലും തൊട്ടുകൊണ്ടു പറയുമല്ലോ- സമയമായി. (കണ്ണൂര്‍ കോട്ട – കടമ്മനിട്ട രാമകൃഷ്ണന്‍)
കണ്ണൂര്‍ കോട്ടയിലെ പീരങ്കിയുണ്ടകളുടെ എണ്ണം അര ലക്ഷത്തോട് അടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇത് ലോകറെക്കോര്‍ഡിലേക്കും എത്തിക്കഴിഞ്ഞു. ഏറ്റവുമധികം പീരങ്കിയുണ്ടകള്‍ കണ്ടെടുത്ത നാലാമത്തെ കുഴിയില്‍ ഇനിയും പീരങ്കിയുണ്ടകള്‍ പുറത്തെടുക്കാനുണ്ടെന്നാണ് നിഗമനം. ഖനനം തുടരാനാണ് തീരുമാനം. ആ ഭൂഗര്‍ഭ ഖനനത്തിലൂടെ കണ്ടെത്തിയാല്‍ ഗതകാലയുദ്ധ തന്ത്രങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശാന്‍ ഇപ്പോള്‍ ഭൂമിക്കടിയില്‍ നിന്നും പൊങ്ങി വന്നിട്ടുള്ള ഈ പടക്കോപ്പ് ശേഖരത്തിന് കഴിയുമെന്നാണ് വിദഗ്ധരുടെ നിഗമനം. കടല്‍ കടന്നു വരുന്ന ഏതോ വിദേശ ശക്തികളെ ലക്ഷ്യമാക്കി ആരോ തയ്യാറാക്കി സൂക്ഷിച്ചവയാണ് ഈ പീരങ്കിയുണ്ടകള്‍. ഇവയില്‍ ഏത്ര നൂറുകള്‍ എത്ര ആയിരം ഉണ്ടകള്‍ അറബിക്കടലിന് മുകളിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് ചീറിപാഞ്ഞിട്ടുണ്ടാകണം! അവയുടെ ആഘാതത്തില്‍ എത്ര മനുഷ്യരുടെ രക്തം അറബിക്കടലിനെ ചുവപ്പിച്ചിട്ടുണ്ടാകണം. ആര്‍ക്കറിയാം. ഈ പീരങ്കിയുണ്ടകള്‍ ഓരോന്നിനും ആറ് നൂറ്റാണ്ടിലേറെ ദീര്‍ഘിച്ച കേരളത്തിന്റെ വിദേശ ബന്ധങ്ങളെ കുറിച്ചുള്ള കഥകള്‍ പറയാനുണ്ടാകും. ഏതായാലും കണ്ണൂര്‍കാര്‍ കണ്ണൂര്‍കാര്‍ക്കെതിരെ പ്രയോഗിക്കാന്‍ തയ്യാറാക്കി വെച്ചവയല്ലെന്ന് നിശ്ചയം. വൈദേശികാധിനിവേശത്തില്‍ കേരളം പൊതുവിലും കണ്ണൂര്‍ പ്രത്യേകിച്ചും വഹിച്ച പങ്ക് പുറത്തുകൊണ്ടുവരാന്‍ പര്യാപ്തമായിരിക്കും കണ്ണൂര്‍ കോട്ടയെ കേന്ദ്രീകരിച്ച് ഭാവിയില്‍ നടക്കാനിടയുള്ള ഖനന പര്യവേഷണം.
പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഡച്ച്, ബ്രിട്ടീഷ് വിദേശ ശക്തികളുടെ ഈ മണ്ണിലേക്കുള്ള കടന്നു വരവും, ഇപ്പോള്‍ തത്പരകക്ഷികള്‍ മനഃപൂര്‍വം വിവാദ നായകരാക്കിയ ഹൈദരാലിയും ടിപ്പുസുല്‍ത്താനും കേരളത്തില്‍ നടത്തിയ പടയോട്ടത്തിനും പടിപ്പുരയായി വര്‍ത്തിച്ച കണ്ണൂരിന്റെയും പ്രാന്തപ്രദേശങ്ങളുടേയും ചരിത്രം ഒരു പക്ഷേ, കണ്ണൂര്‍ കോട്ടയുടെ ഉള്ളിലും പുറത്തുമായി കാലത്തിന്റെ കാലടിപ്പാടുകള്‍ കാതോര്‍ത്തുകൊണ്ട് ഉറങ്ങിക്കിടക്കുന്നുണ്ടാകും. ഒരുള്‍ക്കടലില്‍ രൂപം കൊണ്ട മനോഹര പട്ടണമെന്നാണ് ഹാമില്‍ട്ടണ്‍ കണ്ണൂരിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വിശാലമായ മൈതാനങ്ങളും മനോഹരമായ കടല്‍ത്തീരങ്ങളും കണ്ണൂരിനെ കേരളത്തിലെ മറ്റേതൊരു പട്ടണത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നു. പ്രാക് ചരിത്രകാലം മുതലേ അറബിക്കടലിന്റെ തലോടല്‍ ഏറ്റുവാങ്ങിക്കൊണ്ടു പ്രസിദ്ധിയാര്‍ജിച്ച ഒരു തുറമുഖമായിരുന്നു കണ്ണൂര്‍ എന്നു വേണം അനുമാനിക്കാന്‍.
പെരിപ്ലസിന്റെ ഗ്രന്ഥകാരനും മാര്‍ക്കാപൊളോയും കണ്ണൂരിനെ സുഗന്ധവിളകളുടെ സുപ്രധാന കേന്ദ്രമെന്ന് വിശേഷിപ്പിച്ചുട്ടുണ്ട്. ഇത്തരം സൂചനകളായിരിക്കണം ഇന്ത്യയിലേക്കുള്ള വഴി ഒരുക്കി കൊടുക്കാന്‍ വിദേശ ശക്തികളെ പ്രാപ്തരാക്കിയത്. 15-ാം ശതകത്തിന്റെ അന്ത്യപാദത്തിലെ പോര്‍ച്ചുഗീസ് നാവികരുടെ മലബാര്‍ തീരത്തേക്കുള്ള ആഗമനം; ജോവദനോവ എന്ന പോര്‍ച്ചുഗീസുകാരന്‍ 1501ല്‍ കണ്ണൂരില്‍ ഒരു ഫാക്ടറി സ്ഥാപിച്ചു. തുടര്‍ന്ന് 1502ല്‍ തന്നെ വാസ്‌കോഡിഗാമ ഇന്നത്തെ അഴീക്കോടിനെ ഒരു സൈനിക താവളമായി രൂപാന്തരപ്പെടുത്തി. അതോടെ അഴീക്കോട്ട ലോപിച്ച് അഴീക്കോടായി. 2000 പോര്‍ച്ചുഗീസ് സൈനികരെ അവിടെ പാര്‍പ്പിച്ചു. തുടര്‍ന്നാണ് കടലിലേക്കുന്തി നില്‍ക്കുന്ന ഭാഗത്ത് സെന്റ് ഏഞ്ചലോസ് കോട്ട എന്ന പേരില്‍ ഇന്നു പുരാവസ്തു ശേഖരമായി മാറിയ കോട്ട സ്ഥാപിച്ചത്. ഈ കോട്ടയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ യൂറോപ്യന്മാര്‍ക്ക് ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ സുരക്ഷിതമായ ഒരിടം ലഭ്യമായി. പോര്‍ച്ചുഗീസുകാര്‍ മുതല്‍ ബ്രിട്ടീഷുകാര്‍ വരെയുള്ള വിദേശികളുടെ വാഴ്ചക്കു കണ്ണൂര്‍ കോട്ട ഒരു മാപ്പുസാക്ഷിയായി. വിദേശ ശക്തികള്‍ കേവലം കടന്നാക്രമണം മാത്രമായിരുന്നോ ലക്ഷ്യമാക്കിയത്? ആയിരുന്നെങ്കില്‍ അവര്‍ എങ്ങനെ ഇതു സാധിച്ചു? ആറു നൂറ്റാണ്ടുകള്‍ക്കു മുമ്പത്തെ കേരളം എങ്ങനെയാണ് ഈ വിദേശികളോട് പ്രതികരിച്ചിരുന്നത്? വിദേശികളില്‍ നിന്നു നമ്മളെന്തെങ്കിലും പഠിച്ചോ? അവര്‍ നമ്മളില്‍ നിന്നെന്തെങ്കിലും പഠിച്ചോ? ഇത്തരം ചോദ്യങ്ങള്‍ക്കൊക്കെ കൃത്യമായ ഉത്തരം ഇനി നമ്മള്‍ നടത്തേണ്ടിയിരിക്കുന്ന വിപുലമായ ഗവേഷണ പഠനങ്ങളിലൂടെ കണ്ടെത്തേണ്ടവയാണ്.
ദേശീയ ബോധം ഒരു ഭ്രാന്തായി മാറ്റാന്‍ ചിലരൊക്കെ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ഈ കാലത്ത് സാര്‍വദേശീയ ബന്ധങ്ങളിലൂടെ നമ്മള്‍ കൈവരിച്ച ജീവിത പൂരോഗതിയും വിശാലമായ കാഴ്ചപ്പാടുകളും വിദേശ ബന്ധങ്ങളെ പഴിപറഞ്ഞ് തമസ്‌കരിക്കുന്നത് തികഞ്ഞ അസംബന്ധമായിരിക്കും. ചെറുത്തുനില്‍പ്പുകളുടെയും കീഴടങ്ങലുകളുടെയും നഷ്ടങ്ങളുടെയും കണക്കുകള്‍ മാത്രമല്ല, ചരിത്രത്തില്‍ നിന്ന് നമുക്ക് കണ്ടെത്താന്‍ കഴിയുക. അമ്പും വില്ലും പോലുള്ള പ്രാകൃത ആയുധങ്ങളുടെ കാലോചിതമായ വികസനമാണ് പരിഷ്‌കൃത ആറ്റോമിക് മിസൈലുകളില്‍ നാം കാണുന്നത്. മനുഷ്യരാശിയുടെ ഈ മാറ്റത്തില്‍ നമുക്കും പങ്കാളിയാകാന്‍ കഴിഞ്ഞത്, പാരമ്പര്യത്തിന്റെ വിലങ്ങുകളെ മാനിച്ച്, തറവാട്ടു മഹിമകളുടെ എലിപ്പത്തായത്തില്‍ ചടഞ്ഞുകൂടിയത് കൊണ്ടായിരുന്നില്ല. മറിച്ച് പുറം ലോകവുമായി ഇടപെടാന്‍ നമ്മള്‍ ധൈര്യം കാണിച്ചതുകൊണ്ടാണ്. ഇത്തരം ധൈര്യങ്ങള്‍ നമുക്ക് നഷ്ടപ്പെടുകയാണോ എന്ന ആശങ്ക ഇന്ന് നിലവിലുണ്ട്.
ഒമ്പതാം നൂറ്റാണ്ടില്‍ ചൈനക്കാരാണ് യുദ്ധാവശ്യങ്ങള്‍ക്കായി വെടിമരുന്നുപയോഗിച്ചു തുടങ്ങിയത്. 13-ാം നൂറ്റാണ്ടില്‍ മാത്രമാണ് യൂറോപ്യന്മാര്‍ വെടിമുരുന്നിന്റെ രഹസ്യം കണ്ടെത്തിയതും സ്വന്തമാക്കിയതും. തുടര്‍ന്നങ്ങോട്ട് യുദ്ധ തന്ത്രങ്ങളില്‍ സ്‌ഫോടനാത്മകമായ മാറ്റമാണ് സംഭവിച്ചത്. ചെറിയ കുട്ടികളുടെ കളിക്കോപ്പിന്റെ രൂപം മുതല്‍, ഒരു നിമിഷം കൊണ്ട് ഒരു പ്രദേശമാകെ ഉന്മൂലനം ചെയ്യാന്‍ പാകത്തിലുള്ള യുദ്ധോപകരണങ്ങള്‍ വരെ ഇന്നു രൂപപ്പെട്ടുകഴിഞ്ഞു. യു എസ് ഉള്‍പ്പെടെയുള്ള മിക്ക വികസിത രാജ്യങ്ങളുടേയും പ്രധാന ഉത്പാദനവും കയറ്റുമതിച്ചരക്കും കൂടുതല്‍ പ്രഹരശേഷിയുള്ള ആയുധങ്ങളാണ്. മനുഷ്യന്‍ നിര്‍മിച്ച പണിയായുധങ്ങളില്‍ ഏറ്റവും വിലപ്പെട്ട വസ്തു നിര്‍മാണ ശേഷിയുള്ള ഏതെങ്കിലും ഉപകരണങ്ങളല്ല, പിന്നെയോ, നശീകരണ ശേഷിയുള്ള യുദ്ധോപകരണങ്ങളാണെന്ന് വന്നിരിക്കുന്നു. ആയുധക്കച്ചവടമാണ് ഏറ്റവും വലിയ കച്ചവടമെന്ന് വന്നിരിക്കുന്നു. മനുഷ്യര്‍ പരസ്പരം സ്‌നേഹത്തിലും സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ലാഭക്കച്ചവടമായ ആയുധ നിര്‍മാണവും വിപണനവും ഇല്ലാതാകും. ഇതുകൂടെ കണക്കിലെടുത്താകണം ലോകത്തിന്റെ ഏതൊക്കെയോ കോണുകളില്‍ മനുഷ്യത്വം മറന്നുള്ള അക്രമ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്മാരായി ആയുധ പ്രേമികളായ ഒരുപറ്റം ചെറുപ്പക്കാരെയെങ്കിലും സജീവമായി നിലനിര്‍ത്തുക എന്ന തന്ത്രം – അമേരിക്കയും സഖ്യകക്ഷികളും അവലംബിച്ചുപോരുന്നത്. ഈ കെണിയില്‍ കുടുങ്ങുന്നതോ ഇന്ത്യ ഉള്‍പ്പെടെയുള്ള പിന്‍നിര നാടുകളിലെ തല തിരിഞ്ഞുപോയ ചെറുപ്പകാരും. കണ്ണൂര്‍ കോട്ടയിലെ പീരങ്കിയുണ്ടകള്‍ മൗനത്തിന്റെ ഭാഷയില്‍ നമ്മളോട് ഇങ്ങനെയൊക്കെ ചിലതെല്ലാം പറയുന്നുണ്ടെന്ന് തോന്നുന്നു.
കണ്ണൂര്‍ കോട്ടയില്‍ അതിഥികളായി എത്തിയവരും അവര്‍ക്ക് ആഥിത്യം അരുളിയവരും ആരും ആകട്ടെ. അവിടെ അധിനിവേശത്തിന്റെ വെന്നിക്കൊടി പാറിച്ചവര്‍ ആരുമാകട്ടെ. അവരവശേഷിപ്പിച്ചു പോയ കാല്‍പാടുകളെ ഒന്നവലോകനം ചെയ്യുന്നത് അവസരത്തിനിണങ്ങുന്നതായിരിക്കും. 1498 മെയില്‍ കോഴിക്കോട്ട് വന്നിറങ്ങിയ പോര്‍ച്ചുഗീസ് നാവികന്‍ വാസ്‌കോഡഗാമക്ക് കോഴിക്കോട് സാമൂതിരിയില്‍ നിന്നും കിട്ടിയതിലുമേറെ ഹൃദ്യമായ സ്വീകരണമാണ് കോലത്തിരിയുടെ ഭരണത്തിന് കീഴിലായിരുന്ന കണ്ണൂരില്‍ ലഭിച്ചത്. 1498 നവംബറില്‍ കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ലിസ്ബണില്‍ തിരിച്ചെത്തിയ ആദ്ദേഹം ഇവിടെ നിന്ന് കടത്തിയ ചരക്കുകളുടെ വില മാത്രം ആ പര്യടനത്തിന് ചെലവായതിന്റെ 60 മടങ്ങുണ്ടായിരുന്നു. (എ ശ്രീധര മേനോന്‍, കേരള ചരിത്രം. എസ് പി എസ് കോട്ടയം-1973). കേരളം ആസ്ഥാനമാക്കി ഇന്ത്യയില്‍ ഒരു സാമ്രാജ്യം സ്ഥാപിക്കുക എന്ന പോര്‍ച്ചുഗീസ് സ്വപ്നത്തെ തകര്‍ത്തത് പ്രധാനമായും കോഴിക്കോട് സാമൂതിരിയും സാമൂതിരിയുടെ വിശ്വസ്ത സേവകനായിരുന്ന കുഞ്ഞാലിമരക്കാരും ആയിരുന്നു. അറബിക്കടലില്‍ സാന്നിധ്യം ഉറപ്പിച്ചിരുന്ന അറബികച്ചവട കപ്പലുകളും പോര്‍ച്ചുഗീസ് മുന്നേറ്റത്തെ ഒരു പരിധി വരെ തടഞ്ഞു.
കൊച്ചിയും കണ്ണൂരും (കോലത്തിരി) സാമൂതിരിയോടുള്ള പക വീട്ടാന്‍ കിട്ടിയ അവസരം എന്ന നിലയില്‍ പോര്‍ച്ചുഗീസ് വാഴ്ചക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുത്തു. 1505ല്‍ പോര്‍ച്ചുഗീസ് രാജാവിനാല്‍ നിയമിതനായ രാജപ്രതിനിധി ഫ്രാന്‍സിസ്‌കോ അല്‍മേറിസ് അഞ്ചുദ്വീപ്, കണ്ണൂര്‍ മലാക്ക, കൊച്ചി എന്നിവിടങ്ങളിലെ കോട്ടകള്‍ ബലപ്പെടുത്തുകയും പുതിയ കോട്ട നിര്‍മിക്കുകയും ചെയ്തു. കണ്ണൂര്‍ കോട്ടക്ക് പോര്‍ച്ചുഗീസ് പുണ്യവാളനായ സെന്റ് ആഞ്ചലോസിന്റെ പേരിട്ടത് ഇദ്ദേഹമായിരുന്നു. ഒപ്പം നിന്നവരെ പോലും കാര്യം കണ്ടു കഴിയുമ്പോള്‍ കൊന്നു കടലില്‍ തള്ളുകയോ കോട്ടകളിലെ നിലവറക്കുഴിയിലേക്കെറിയുകയോ പതിവായിരുന്നു. സാമൂതിരിക്കെതിരെ പടനീക്കത്തില്‍ പോര്‍ച്ചുഗീസുകാരുടെ സഹായത്തിന് കണ്ണൂര്‍ രാജാവ് വിട്ടുകൊടുത്ത വലിയ ഹസ്സനെന്ന ധീര പോരാളിയെ കണ്ണൂര്‍ കോട്ടയിലെ നിലവറക്കുഴികളിലൊന്നിലേക്ക് വാസ്‌ഗോഡഗാമ വലിച്ചെറിയുകയുണ്ടായി. ഇപ്പോള്‍ പുറത്തെടുത്ത പീരങ്കിയുണ്ടകള്‍ക്കിടയില്‍ ഇങ്ങനെ വലിച്ചെറിയപ്പെട്ട എത്രയോ ധീര സേനാനികളുടെ ജീര്‍ണാവശിഷ്ടങ്ങള്‍ ഉറഞ്ഞുകൂടിയിട്ടുണ്ടാകും. ഒടുവില്‍ കുഞ്ഞാലിമരക്കാരേയും സാമൂതിരി വഞ്ചിച്ചു. അവരും പോര്‍ച്ചുഗീസ് കഴുകന്മാരുടെ രക്ത ദാഹം ശമിപ്പിക്കാനുള്ള ഇന്ധനമായി. അതുകൊണ്ടൊന്നും പോര്‍ച്ചുഗീസ് സ്വപ്നങ്ങള്‍ സഫലമായില്ല. അവര്‍ക്കു പിന്നാലെ വന്നവര്‍ അവരേക്കാള്‍ ശക്തന്മാരായിരുന്നു. അവരായിരുന്നു ഡച്ചുകാര്‍.
പോര്‍ച്ചുഗീസുകാരുടെ കച്ചവടകുത്തകയെ പൊളിക്കുകയെന്ന ലക്ഷ്യത്തോടെ കേരളവുമായി വാണിജ്യ ബന്ധം സ്ഥാപിച്ച യൂറോപ്പിലെ ആദ്യത്തെ പ്രൊട്ടസ്റ്റന്റ് ജനതയായിരുന്നു ഡച്ചുകാര്‍. 1663-ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്ന് കൊച്ചി പിടിച്ചെടുത്തതോടു കൂടി കേരളത്തില്‍ ഡച്ച് കാലഘട്ടം ആരംഭിച്ചു. 1663 ഫെബ്രുവരിയില്‍ പോര്‍ച്ചുഗീസുകാരില്‍ നിന്ന് കണ്ണൂര്‍ കോട്ട പിടിച്ചെടുത്തു. 1766ല്‍ ഹൈദരാലിയുടെ നേതൃത്വത്തില്‍ നടന്ന മൈസൂരിന്റെ ആക്രമണം ആയിരുന്നു ഡച്ച് ശക്തികള്‍ക്കെതിരെ ആദ്യമുയര്‍ന്ന വെല്ലുവിളി. യൂറോപ്പിലെ യുദ്ധം അവസാനിച്ചപ്പോള്‍ ഡച്ചുകാര്‍ കൊച്ചിയുള്‍പ്പെടെ കേരളത്തില്‍ തങ്ങള്‍ക്കുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് സ്വദേശത്തേക്ക് പിന്‍വാങ്ങി. കേരളത്തിലെ തദ്ദേശീയ ക്രിസ്ത്യാനികള്‍ക്കു മേല്‍ കത്തോലിക്കാ മതം സ്ഥാപിച്ചു കഴിഞ്ഞ മേധാവിത്വം ഒരു പരിധി വരെ തകര്‍ക്കാനും പുരാതന സുറിയാനി ക്രിസ്ത്യാനികളില്‍ ഒരു വിഭാഗത്തിന് അവരുടെ പൈതൃക പാരമ്പര്യങ്ങളും വിശ്വാസ സംഹിതകളും വീണ്ടെടുത്തുകൊടുക്കാനും കഴിഞ്ഞത് ഡച്ചു ശക്തികള്‍ പോര്‍ച്ചുഗീസുകാര്‍ക്കു മേല്‍ വിജയം കൈവരിച്ചതുകൊണ്ടു മാത്രമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇതിന് പുറമെ കേരളത്തിന്റെ സമ്പദ്ഘടനക്കും സുപ്രധാനമായ പല സംഭാവനകളും നല്‍കാനും ഡച്ചുകാര്‍ക്ക് കഴിഞ്ഞു. ഇന്ത്യന്‍ സസ്യങ്ങളുടെ ഔഷധ ഗുണങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്ന ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന അമൂല്യ ഗ്രന്ഥത്തിന്റെ രചന അഡ്മിറല്‍ വാന്റീഡിന്റെ രക്ഷാധികാരത്തിന്റെ കീഴില്‍ നടന്നു എന്നത് ഡച്ച് വാഴ്ചയുടെ സുപ്രധാന സംഭാവനയായിരുന്നു.
മൈസൂര്‍ ആക്രമണവും പിന്നാലെ വന്ന ബ്രിട്ടീഷ് ഭരണവും അതിനെതിരെ ഉയര്‍ന്നു വന്ന ജനകീയ പ്രക്ഷോഭങ്ങളും എല്ലാം ചേര്‍ന്നു കണ്ണൂര്‍ കോട്ടക്ക് പറഞ്ഞാല്‍ തീരാത്ത ഒട്ടേറെ കഥകള്‍ പുതിയ തലമുറയോട് പറയാനുണ്ടായിരിക്കണം. കുഴിച്ചുമൂടപ്പെട്ട പീരങ്കിയുണ്ടകള്‍ ഇപ്പോള്‍ പൊങ്ങി വന്നത് ഇത്തരം ചില കഥ പറച്ചിലുകള്‍ക്കുള്ള ആമുഖം എന്ന നിലയിലായിരിക്കാം എന്നു കണക്കുകൂട്ടാവുന്നതാണ്. വീണ്ടും കടമ്മനിട്ടയെ ഉദ്ധരിക്കട്ടേ.
‘പിമ്പുകള്‍ പരതി നടക്കുന്നു, കാവല്‍ക്കാരന്‍ കണ്ണടയ്ക്കുന്നു. ഇതാ ഒരു പരസ്യം.
ഈ പുരാവസ്തുവിന് കോട്ടം വരുത്തുന്നവരെ നിയമപ്രകാരം ശിക്ഷിക്കുമത്രേ, ഭേഷ് !
ചരിത്രത്തിന്റെ ശുദ്ധ അസംബന്ധം വിളംബരം ചെയ്യുന്നു. ഇതിനുള്ളില്‍ ചരിത്രങ്ങള്‍ തിരുത്തുകയും ആവര്‍ത്തിക്കുകയും ആചരിക്കുകയും ചെയ്തിരിക്കണം.
അടിമത്തത്തിന്റെയും അച്ചടക്കത്തിന്റെയും കറുത്ത ചങ്ങലകള്‍ വലിഞ്ഞു മുറുകിയിരിക്കണം.
അടിച്ചമര്‍ത്തലിന്റെ ചാട്ടവാറുകള്‍ ചീറിപ്പുകഞ്ഞിരിക്കണം.
അസ്ഥിപഞ്ജരങ്ങള്‍ കൊത്തളങ്ങളിലെ ഒതുക്കുകല്ലുകള്‍ക്കിടയില്‍ അമര്‍ന്നിരിക്കണം
കഠാരകളും കരവാളുകളും. അവയ്ക്കിടയില്‍ പാവം മനുഷ്യരുണ്ട്.
കൂരമ്പുകള്‍ക്കിടയില്‍ നിര്‍ദോഷികളുടെ നിലവിളികള്‍!
വിഡ്ഢികള്‍ വിജയാഘോഷം കൊണ്ടാടിയിരിക്കണം. മനുഷ്യന്‍ മനം നൊന്ത് ദുഃഖിച്ചിരിക്കണം.
നിസ്സംഗമായ മരണത്തില്‍ എല്ലാം മറന്നു പോയിരിക്കണം
(കണ്ണൂര്‍കോട്ട)
കെ സി വര്‍ഗീസ് ഫോണ്‍: 9446268581