പത്താന്‍കോട്ട് ഭീകരാക്രമണം: ധീര ജവാന്മാര്‍ക്ക് അന്തിമോപചാരം

Posted on: January 5, 2016 1:31 am | Last updated: January 5, 2016 at 9:34 am
SHARE

pat-martyrsഅംബാല/ ബെംഗളൂരു: പത്താന്‍കോട്ട് ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ജവാന്മാര്‍ക്കുള്ള അന്തിമയാത്രയയപ്പ് വികാരനിര്‍ഭരമായി. പൂര്‍ണ സൈനിക ബഹുമതികളോടെ നടന്ന ചടങ്ങില്‍ ‘ഭാരത് മാതാ കീ ജയ്’ വിളികളുമായി നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ ഗരുഡ് കമാന്‍ഡോ ഗുര്‍സേവക് സിംഗിന്റെ മൃതദേഹം അംബാലക്ക് സമീപം ഗമാല ഗ്രാത്തില്‍ എത്തിച്ചു. ഇക്കഴിഞ്ഞ നവംബറില്‍ വിവാഹിതനായ ഗുര്‍സേവക് സിംഗിന്റെ മൃതദേഹം ജന്മനാട്ടിലെത്തിയപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് ഉണ്ടായത്. ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. ഹരിയാന മന്ത്രിമാരായ അനില്‍ വിജിയും അഭിമന്യുവും മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

എന്‍ എസ് ജിയിലെ ബോംബ് വിദഗ്ധന്‍ ലഫ്. കേണല്‍ ഇ കെ നിരഞ്ജന്റെ മൃതദേഹം ബംഗ്ലൂരുവില്‍ എത്തിച്ച ശേഷം സ്വന്തം നാടായ പാലക്കാട്ടേക്ക് കൊണ്ടുപോയി. മൃതദേഹം ഏറ്റുവാങ്ങാനായി പിതാവും ഭാര്യയും സഹോദരിയുമടക്കമുള്ള ബന്ധുക്കള്‍ ബെംഗളൂരുവില്‍ ഉണ്ടായിരുന്നു. ‘അവന്‍ എന്നും സൈനികനാകാന്‍ ആഗ്രഹിച്ചിരുന്നു. മകനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു’- നിരഞ്ജന്റെ പിതാവ് ശിവരാജന്‍ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. ‘കര്‍മഭൂമിക്ക് വേണ്ടി യുദ്ധം ചെയ്ത അര്‍ജുനനെയാണ് നിരഞ്ജനില്‍ കാണുന്നതെ’ന്ന് നിരഞ്ജന്റെ സഹോദരി പറഞ്ഞു. നിരഞ്ജന്റെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ സൈനിക ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തികളും നൂറുകണക്കിന് സാധാരണക്കാരും ബെംഗളൂരുവിലെ വീട്ടില്‍ എത്തിയിരുന്നു.

പഞ്ചാബിലെ ഗുരുദാസ്പുര്‍ സ്വദേശിയായ വീരജവാന്‍ സുബേദാര്‍ ഫത്തേഹ് സിംഗിന്റെ മൃതദേഹം നാട്ടിലെത്തിച്ച് പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ മെഡല്‍ നേടിയിട്ടുണ്ട് ഈ സൈനികന്‍. ‘എന്റെ പിതാവ് ചെയ്തതിന് തുല്യമായി ഇനിയൊന്നും തന്നെയില്ല. ഞാന്‍ അതില്‍ അഭിമാനിക്കുന്നു’- ഫത്തേഹ് സിംഗിന്റെ മകള്‍ മധു പറഞ്ഞു.