Connect with us

National

എ ബി ബര്‍ദന് യാത്രാമൊഴി

Published

|

Last Updated

ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എ ബി ബര്‍ദന്റെ ഭൗതികദേഹം സംസ്‌കരിച്ചു. ന്യൂഡല്‍ഹിയിലെ കാശ്മീരി ഗേറ്റിനു സമീപം നിഗംബോധ്ഘട്ട് ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ നിരവധി രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും വിദേശ പ്രതിനിധികളും ഇടതുപക്ഷ പ്രവര്‍ത്തകരും പങ്കെടുത്തു. രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, കേന്ദ്രമന്ത്രിമാരായ അരുണ്‍ജെയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ്, മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഡല്‍ഹി ലഫ്.ഗവര്‍ണര്‍ നജീബ്ജംഗ്, സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, എം ഡി എം കെ നേതാവ് വൈകോ, എ ഐ എഫ് ബി നേതാവ് ദേവരാജന്‍, ജനതാദള്‍ യുനൈറ്റഡ് നേതാവ് ശരത് യാദവ്, ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിത്, ചൈന, ക്യൂബ, വെനസ്വേല, വിയറ്റ്‌നാം നയതന്ത്ര പ്രതിനിധികള്‍, ക്യൂന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി തുടങ്ങിയവര്‍ അജോയ്ഭവനിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ രണ്ട് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ക്കായി നിഗംബോധ് ഘട്ടിലേക്കെടുത്ത ബര്‍ദന്റെ ഭൗതിക ദേഹത്തെ സി പി ഐ ദേശീയ നിര്‍വാഹക സമിതി, കേരള സംസ്ഥാന സെക്രട്ടേറിയറ്റ് കൗണ്‍സില്‍ അംഗങ്ങള്‍, എ ഐ ടി യു സി, എ ഐ എസ് എഫ്, എ ഐ വൈ എഫ്, എ ഐ കെ എസ്, ബി കെ എം യു, എന്‍ എഫ് ഐ ഡബ്ല്യു തുടങ്ങിയ പാര്‍ട്ടി പോഷക സംഘടന പ്രതിനിധികളും വിവിധ സംസ്ഥാന സംഘടനാ പ്രതിനിധികളും നൂറുകണക്കിന് പ്രവര്‍ത്തകരും അനുഗമിച്ചു.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗാണ് അജോയ്ഭവനില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ആദ്യമായെത്തിയത്. സി പി എം നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയവര്‍ വിലാപയാത്രയിലും സംസ്‌കാര ചടങ്ങുകളിലും മുഴുവന്‍ സമയവും പങ്കെടുത്തു. ഈ മാസം ഏഴിന് നാഗ്പൂരിലും 19ന് ഡല്‍ഹിയിലെ മൗലങ്കാര്‍ ഹാളിലും സര്‍വകക്ഷി അനുശോചന യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നാഗ്പൂരില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ പങ്കെടുക്കും.
രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

Latest