കേന്ദ്രാനുമതി ലഭിച്ചാല്‍ കണ്ണൂരില്‍ നിന്ന് ഈ മാസം വിമാനമുയരും

Posted on: January 5, 2016 9:25 am | Last updated: January 5, 2016 at 9:25 am
SHARE

KNR Airport Roadകണ്ണൂര്‍: കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 25ന് പരീക്ഷണ പറക്കല്‍ നടക്കുമെന്ന് മന്ത്രി കെ ബാബു പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മൂര്‍ഖന്‍ പറമ്പില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചശേഷം നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹംി.
വിമാനത്താവളത്തിന്റെ റണ്‍വേ 3400 മീറ്റര്‍ മാത്രമാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചത്. 4000 മീറ്റര്‍ ആയിരുന്നു ആദ്യ തീരുമാനം എന്ന വാദം തെറ്റാണ്. ഈ വാദം എങ്ങനെ വന്നുവെന്നു വ്യക്തമല്ല. ഇന്ത്യയില്‍ 117 വിമാനത്താവളങ്ങള്‍ ഉണ്ടെങ്കിലും മൂന്നെണ്ണത്തില്‍ മാത്രമാണ് 4000 മീറ്റര്‍ റണ്‍വേയുള്ളത്.
നിര്‍മാണം പൂര്‍ത്തിയാക്കാതെയാണ് ഉദ്ഘാടനം നടത്തുന്നതെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ പരീക്ഷണ പറക്കല്‍ മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഉദ്ഘാടനം സംബന്ധിച്ചുള്ള പ്രതിഷേധത്തിന് പ്രസക്തിയില്ല. സെപ്തംബറോടെയാണ് വാണിജ്യ അടിസ്ഥാനത്തിലുള്ള സര്‍വീസ് ആരംഭിക്കുക. പരീക്ഷണ പറക്കലിന് കിയാലും സംസ്ഥാന സര്‍ക്കാറും തയ്യാറാണ്. കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതിക്കായി കഴിഞ്ഞ മാസം 11ന് അപേക്ഷ നല്‍കിയിട്ടുണ്ട്. അനുമതി ഉടന്‍ ലഭിക്കുമെന്നാണു പ്രതീക്ഷ.
ഇതു ലഭിച്ചാല്‍ പരീക്ഷണ പറക്കല്‍ നടത്തുമെന്നും അടുത്ത 50 വര്‍ഷത്തേക്ക് റണ്‍വേയുടെ നീളം 3400 മീറ്റര്‍ തന്നെ മതിയാകുമെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരു, ഹൈദരാബാദ്, ദുര്‍ഗാപ്പൂര്‍ എന്നീ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പൂര്‍ത്തിയാകാന്‍ മൂന്നര വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ സമയമെടുത്തിരുന്നെങ്കിലും രണ്ട് വര്‍ഷം കൊണ്ട് കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തിയാകുന്നത്. മഴ കാരണവും ബ്ലാസ്റ്റിംഗുമായി ബന്ധപ്പെട്ടും അഞ്ച് മാസത്തോളം പ്രവൃത്തിക്ക് തടസമുണ്ടായതായും മന്ത്രി കെ ബാബു പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച കഴിഞ്ഞ മാസം 31ന് മൂര്‍ഖന്‍ പറമ്പില്‍ പരീക്ഷണ വിമാനമിറക്കാന്‍ സാധിച്ചിരുന്നില്ല. എന്തു പ്രതിബന്ധമുണ്ടായാലും 31ന് മൂര്‍ഖന്‍ പറമ്പില്‍ പ്രഥമ വിമാനം പറന്നിറങ്ങുമെന്നു പ്രഖ്യാപനം നടത്തിയ വിവിധ മന്ത്രിമാരില്‍ ഒരാള്‍ പോലും അതു തിരുത്തിപ്പറയുവാനോ പരീക്ഷണ പറക്കല്‍ എന്നു നടക്കുമെന്നു ഔദ്യോഗികമായി വ്യക്തമാക്കുവാനോ തയ്യാറാകാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ കഴിഞ്ഞ മാസം 31ന് റബര്‍ വിമാനമിറക്കി പ്രതിഷേധിച്ചിരുന്നു.