ബെനിറ്റസിനെ റയല്‍ പുറത്താക്കി; സിദാന്‍ പുതിയ കോച്ച്

Posted on: January 5, 2016 8:15 am | Last updated: January 5, 2016 at 1:33 pm

benitez nad zidaneമാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് കോച്ച് റാഫേല്‍ ബെനിറ്റസിനെ പുറത്താക്കി. പകരം ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാനെ കോച്ചായി നിയമിച്ചു. ബെനിറ്റസിനെ കഴിഞ്ഞ ജൂണിലാണ് റയല്‍ കോച്ചായി നിയമിച്ചത്. എന്നാല്‍ ടീമിന്റെ പ്രകടനത്തില്‍ ക്ലബ് മാനേജ്‌മെന്റ് അതൃപ്തരായിരുന്നു. എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയോട് 4-0ന് പരാജയപ്പെട്ടപ്പോള്‍ തന്നെ ബെനിറ്റസിനെ പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ വലന്‍സിയയോട് സമനില വഴങ്ങിയ റയല്‍ ലീഗില്‍ മൂന്നാമതാണ്.

ക്ലബ് പ്രഹസഡന്റ് ഫ്‌ളോറന്റിനോ പെരസാണ് സിദാനെ നിയമിച്ചതായി അറിയിച്ചത്. ഫ്രാന്‍സിന് ലോകകപ്പും റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സിനദിന്‍ സിദാന്‍ ആദ്യമായാണ് ഒരു ഒന്നാം നിര ടീമിന്റെ കോച്ചാകുന്നത്. റയലിന്റെ ബി ടീമായ കാസ്റ്റില്ലയുടെ കോച്ചായി 2014ല്‍ സിദാനെ നിയമിച്ചിരുന്നു. ഈ സീസണിന്റെ തുടക്കം മുതല്‍ റയലിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.