പത്താന്‍കോട്ട് ഭീകരാക്രമണം: ഇന്ത്യ-പാക് നയതന്ത്ര ചര്‍ച്ച നീട്ടിവെക്കും

Posted on: January 5, 2016 8:22 am | Last updated: January 5, 2016 at 1:33 pm
SHARE

indo-pakന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ ആസ്ഥാനത്ത് ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഇന്ത്യ- പാക് നയതന്ത്ര സമാധാന ചര്‍ച്ചകള്‍ മാറ്റിവെച്ചേക്കും. വ്യോമസേനാ താവളം ലക്ഷ്യമാക്കി ഭീകരര്‍ നടത്തിയ ആക്രമണം സംബന്ധിച്ച തുടര്‍ നടപടികള്‍ക്ക് ശേഷം മതി സമാധാന ചര്‍ച്ചകളെന്ന് രാജ്യത്തെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ നീട്ടിവെക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി ഇന്നലെ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചര്‍ച്ചയിലും ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം നടന്ന ആക്രമണവും വിഷയമായിരുന്നു. ഭീകരാക്രമണ വിഷയം പാക്കിസ്ഥാന്‍ സര്‍ക്കാറിനോട് ഉന്നയിക്കാനാണ് യോഗത്തില്‍ തീരുമാനിച്ചത്. എഴുപത്തിരണ്ട് മണിക്കൂറിനുള്ളില്‍ ജയ്‌ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടും. രഹസ്യന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളും ഭീകരസംഘടനക്കെതിരെ ശേഖരിച്ച വിവരങ്ങളെയും അടിസ്ഥാനപ്പെടുത്തി നടപടിയെടുക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

പത്താന്‍കോട്ടിലെ ഭീകരാക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്ന ശേഷം മാത്രമേ ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യ- പാക് സെക്രട്ടറിതല ചര്‍ച്ചകളെക്കുറിച്ച് അന്തിമ തീരുമാനമെടുക്കൂവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കൃത്യമായി പരിശീലനം കിട്ടിയ ഭീകരരാണ് വ്യോമത്താവളത്തില്‍ ഇരച്ചുകയറിയതെന്നും 24 കിലോമീറ്ററോളം വിശാലമായ കോമ്പൗണ്ടില്‍ നിന്ന് ഇവരെ തുരത്താന്‍ സമയമെടുക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതയും സമാധാനവും ഒരുമിച്ച് കൊണ്ടുപോകല്‍ പ്രായോഗികമല്ലെന്നാണ് ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കളുടെ നിലപാട്. പ്രധാനമന്ത്രി പാക്കിസ്ഥാനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിന് ആര്‍ എസ് എസ് നേതൃത്വം പിന്തുണ അറിയിച്ചിട്ടുണ്ട്.
ഈ മാസം 14, 15 തീയതികളിലായി വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച ഇസ്‌ലാമാബാദില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. നരേന്ദ്ര മോദിയുടെ പാക്കിസ്ഥാനിലെ മിന്നല്‍ സന്ദര്‍ശനത്തിനു പിന്നാലെയാണ് സെക്രട്ടറിമാരുടെ കൂടിക്കാഴ്ച സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടതെന്നാണ് വിവരം. അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ അപ്രതീക്ഷിതമായാണ് മോദി പാക്കിസ്ഥാനിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here