ധീരജവാന് യാത്രാമൊഴിയേകി ആയിരങ്ങള്‍: നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം സംസ്‌കരിച്ചു

Posted on: January 5, 2016 1:01 pm | Last updated: January 6, 2016 at 1:12 pm
പാലക്കാട് വിക്‌ടോറിയാ കോളജ് ഗ്രൗണ്ടില്‍ എത്തിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം കണ്ട് വിതുമ്പുന്ന ഭാര്യയെ ബന്ധുക്കള്‍ ആശ്വസിപ്പിക്കുന്നു
പാലക്കാട് വിക്‌ടോറിയാ കോളജ് ഗ്രൗണ്ടില്‍ എത്തിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം കണ്ട് വിതുമ്പുന്ന ഭാര്യയെ ബന്ധുക്കള്‍ ആശ്വസിപ്പിക്കുന്നു

പാലക്കാട്: പത്താന്‍കോട്ട് സൈനിക കേന്ദ്രത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം സംസ്‌കരിച്ചു. 12 മണിയോടെ തറവാട്ട് വളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ള പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. രാവിലെ ഏഴരയോടെ മുതല്‍ എളമ്പുലാശ്ശേരി കെ എ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമായിരുന്നു സംസ്‌കാരം.

ഇന്നലെ തറവാട്ടു വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബി ജെ പി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവരും രാത്രിയോടെ എത്തി അന്തിമോചാരം അര്‍പ്പിച്ചു.
മൃതദേഹം ഇന്നലെ വൈകീട്ട് നാലോടെ വ്യോമസേനയുടെ ഹെലിക്കോപ്റ്ററില്‍ പാലക്കാട് വിക്‌ടോറിയ കോളജ് മൈതാനത്തായിരുന്നു എത്തിച്ചത്. പിതാവ് ശിവരാജന്‍, ഭാര്യ രാധിക, മകള്‍ വിസ്മയ, സഹോദരങ്ങള്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു.

എം എല്‍ എമാരായ എ കെ ബാലന്‍, എം ഹംസ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി തുടങ്ങിയവര്‍ സ്ഥലത്തെത്തി.