വിദ്വേഷ പ്രസംഗം: വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Posted on: January 4, 2016 1:11 pm | Last updated: January 5, 2016 at 9:27 am

vellappaകൊച്ചി: വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ വെള്ളാപ്പള്ളിയെ ജാമ്യത്തില്‍ വിട്ടു. തനിക്കെതിരെ കേസെടുത്ത പോലീസ് നീതികേടാണ് കാണിച്ചതെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
ഇന്നലെ രാവിലെ 10.40 ഓടെയാണ് വെള്ളാപ്പള്ളി നടേശന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ സി ഐ. ടി ബി വിജയന്‍ മുമ്പാകെ ഹാജരായത്. എസ് എന്‍ ഡി പി നേതാക്കള്‍ക്കും ഭാര്യ പ്രീതി നടേശനും യോഗത്തിന്റെ നിയമോപദേശകന്‍ അഡ്വ. എ എന്‍ രാജന്‍ ബാബുവിനുമൊപ്പമായിരുന്നു വെള്ളാപ്പള്ളി സ്റ്റേഷനിലെത്തിയത്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിലെ നിര്‍ദേശ പ്രകാരമായിരുന്നു വെള്ളാപ്പള്ളിയുടെ ഹാജരാകല്‍. അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത് ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി ഉച്ചക്ക് പന്ത്രണ്ടിന് ശേഷമായിരുന്നു കോടതിയില്‍ എത്തിച്ചത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ വെള്ളാപ്പള്ളിക്ക് മജിസ്‌ട്രേറ്റ് പി എ സിറാജുദ്ദീന്‍ ജാമ്യം അനുവദിച്ചു. ജാമ്യം നല്‍കാന്‍ ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ അഞ്ച് മിനുട്ടിനകം ജാമ്യം അനുവദിക്കുന്ന നടപടി പൂര്‍ത്തിയായി.
സമുദായ സൗഹാര്‍ദം തകര്‍ക്കുന്ന ഒന്നും തന്റെ പ്രസംഗത്തിലുണ്ടായിരുന്നില്ലെന്നും സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം പോലീസ് കള്ളക്കേസ് എടുത്തിരിക്കുകയാണെന്നും വെള്ളാപ്പള്ളി കോടതിയില്‍ പറഞ്ഞു. അഡ്വ. അജയനാണ് വെള്ളാപ്പള്ളിക്ക് വേണ്ടി ജാമ്യാപേക്ഷ നല്‍കിയത്. എസ് എന്‍ ഡി പി വൈക്കം യൂനിയന്‍ പ്രസിഡന്റ് വിനീഷ് പ്ലാത്താനത്ത്, വി എല്‍ അശോകന്‍ എന്നിവരായിരുന്നു ജാമ്യം നിന്നത്.
കോഴിക്കോട് മാന്‍ഹോളില്‍ അകപ്പെട്ട രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ മരിച്ച നൗഷാദിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിനെ പരാമര്‍ശിച്ച് വെള്ളാപ്പള്ളി ആലുവയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. മുസ്‌ലിം ആയതുകൊണ്ടാണ് നൗഷാദിന് സഹായം ലഭിച്ചതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. വെള്ളാപ്പള്ളിയുടെ പ്രസംഗം മതവിദ്വേഷം സൃഷ്ടിക്കുന്നതാണെന്നു കാണിച്ച് വി എം സുധീരനും ടി എന്‍ പ്രതാപനും കളമശ്ശേരി സ്വദേശി ഗിരീഷ്‌കുമാറും നല്‍കിയ പരാതികളിലാണ് പോലീസ് കേസെടുത്തത്. മൂവരുടെയും മൊഴി പോലീസ് ഒരാഴ്ച മുമ്പ് രേഖപ്പെടുത്തിയിരുന്നു.