Connect with us

Wayanad

സുമനസ്സുകളുടെ കാരുണ്യം തേടുന്നു

Published

|

Last Updated

കല്‍പ്പറ്റ: വാഹനാപകടത്തെത്തുടര്‍ന്ന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മധ്യവയസ്‌കന്‍ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. താഴെ അരപ്പറ്റയിലെ ചെന്നിയന്‍ അബൂട്ടി(48)യാണ് തുടര്‍ ചികില്‍സക്കായി കനിവ് തേടുന്നത്. കൂലിപ്പണി ചെയ്തു കുടുംബം പുലര്‍ത്തിയിരുന്ന അബൂട്ടി കഴിഞ്ഞ ആഗസ്ത് 29നാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കില്‍ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന അബൂട്ടിയെ പിന്നില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അബൂട്ടിയെ വിംസ് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് അഞ്ചു ലക്ഷം രൂപയിലധികം ചെലവഴിച്ച് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ഇപ്പോഴും കൈകാലുകള്‍ക്ക് അനക്കമില്ലാതെ കിടപ്പിലാണ്.
സ്വന്തമായി ഭൂമിയോ കിടപ്പാടമോ ഇല്ലാത്തതിനാല്‍ വാടകവീട്ടില്‍ താമസിച്ചുവന്ന അബൂട്ടിയുടെ കുടുംബം അപകടത്തിനു ശേഷം സഹോദരിയുടെ വീട്ടിലേക്ക് മാറുകയായിരുന്നു. രോഗിക്ക് സഹായത്തിനായി വീട്ടില്‍തന്നെ നില്‍ക്കേണ്ടതിനാല്‍ ഭാര്യയ്ക്കും സഹോദരിക്കും ജോലിക്കുപോയി ചികില്‍സയ്ക്കും നിത്യച്ചെലവുകള്‍ക്കും പണം കണ്ടെത്താന്‍ കഴിയുന്നില്ല. ഇപ്പോള്‍ ആഴ്ചയിലൊരിക്കല്‍ മെഡിക്കല്‍ കോളജില്‍ പോയി പരിശോധന നടത്താന്‍ മാത്രം 15,000 രൂപ ചെലവ് വരുന്നുണ്ട്. ഇനിയും രണ്ടു ശസ്ത്രക്രിയകള്‍ കൂടി നടത്തിയാല്‍ മാത്രമേ നിലവിലുള്ള അവസ്ഥക്കു മാറ്റംവരികയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍,
ഇതിനാവശ്യമായ തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഭാര്യ റംലത്തും രണ്ടു പെണ്‍മക്കളുമടങ്ങുന്ന അബൂട്ടിയുടെ കുടുംബം.
ഇവരെ സഹായിക്കാനായി നാട്ടുകാര്‍ ചികില്‍സാ സഹായ കമ്മിറ്റി രൂപീകരിച്ചു. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സെയ്തലവി മുഖ്യരക്ഷാധികാരിയാണ്. എസ്ബിടി ബാങ്കില്‍ 67347150400 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ഐഎഫ്എസ്‌സി കോഡ്- എസ്ബിടിആര്‍0000478, കോട്ടപ്പാടി ബ്രാഞ്ച്. കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ അരപ്പറ്റ, കണ്‍വീനര്‍ കാജാ ഹുസൈന്‍, സി കെ അബു, വിജയകുമാരി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest