Connect with us

Wayanad

തോട്ടം തൊഴിലാളികളുടെ ദുരിതം വീണ്ടും ഒറ്റമുറി ലയങ്ങളില്‍ ഒതുങ്ങുന്നു

Published

|

Last Updated

കല്‍പ്പറ്റ: തോട്ടം തൊഴിലാളികളുടെ ദുരിതം ഒറ്റമുറി ലയങ്ങളില്‍ ഒതുങ്ങുന്നു. വേതന വര്‍ധവും 20 ശതമാനം ബോണസും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി തൊഴിലാളികള്‍ നടത്തിയ സമരം ഭൂരിഭാഗവും തോട്ടം മേഖലയായ ജില്ലയില്‍ ശക്തമായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ലയങ്ങളിലെ ഒറ്റമുറിയില്‍ ദുരിത ജീവിതം നയിക്കുന്ന തോട്ടം തൊഴിലാളികള്‍ സമരവീര്യവുമായി തെരുവിലിറങ്ങിയത്. തുടര്‍ന്ന് സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ദേശീയ പാതയടക്കമുള്ള റോഡുകള്‍ തൊഴിലാളികള്‍ ഉപരോധിച്ചു. ഇതിനിടെ തൊഴില്‍ വകുപ്പ് മന്ത്രിയടക്കമുള്ളമുള്ളവരുടെ സാന്നിധ്യത്തില്‍ തോട്ടം മാനേജ്‌മെന്റുകളും തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടന്നെങ്കിലും തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനമെത്തിയതോടെ സമരം ഏതുവിധേനെയും അവസാനിപ്പിക്കാനുള്ള തത്രപാടിലായിരുന്നു സര്‍ക്കാരും ട്രേഡ് യൂനിയനുകളും. ഒടുവില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ കൂലി 301 രൂപയായി വര്‍ധിപ്പിക്കുകയും മറ്റുകാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം പി എല്‍ സി യോഗത്തില്‍ തീരുമാനിക്കുമെന്ന ധാരണയിലാണ് സമരം അവസാനിച്ചത്.
എന്നാല്‍ ജില്ലയിലെ തോട്ടംതൊഴിലാളികള്‍ ഇപ്പോഴും സമരപാതയില്‍ തന്നെയാണ്. സര്‍ക്കാര്‍ സമ്മര്‍ദ്ദം കാരണം കൂലി വര്‍ധിപ്പിക്കേണ്ടി വന്ന തോട്ടം മാനേജ്‌മെന്റുകള്‍ നിലവില്‍ തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണ്. ഇതിനെതിരേ വിവിധയിടങ്ങളില്‍ വീണ്ടും സമരം ആരംഭിച്ചിട്ടുണ്ട്. കൂടാതെ പി എല്‍ സി യോഗത്തില്‍ ധാരണയാകാത്ത കൂലിക്ക് 27 കിലോ തേയില പറിക്കണമെന്ന നിബന്ധ മാനേജ്‌മെന്റുകള്‍ തൊഴിലാളികളെ അടിച്ചേല്‍പ്പിക്കുകയാണ്. കഴിഞ്ഞ മാസം 27 കിലോ കുറവുള്ളവരുടെ ശമ്പളം അധികൃതര്‍ കുറച്ചിട്ടുണ്ട്.
ഏതായാലും തിരഞ്ഞെടുപ്പിന് ശേഷം യോഗം വിളിച്ച് മറ്റാവശ്യങ്ങളില്‍ തീരുമാനമുണ്ടാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. പൊള്ളുന്ന സൂര്യന്റെ ചുട്ടില്‍ ചാക്കുമുടുത്ത് തേയില നുള്ളുന്ന തോട്ടം തൊഴിലാളികളുടെ പ്രതീക്ഷകള്‍ക്ക് എന്നും സഹന സമരങ്ങളുടെ പിന്തുണയുണ്ട്.

Latest