പൂളാടിക്കുന്ന്- വെങ്ങളം ബൈപ്പാസ് 22ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: January 4, 2016 10:34 am | Last updated: January 4, 2016 at 10:34 am
SHARE

കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപ്പാസിന്റെ ശേഷിക്കുന്ന ഭാഗമായ പൂളാടിക്കുന്ന്- വെങ്ങളം റോഡിന്റെ ഉദ്ഘാടനം ഈമാസം 22ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.അവസാന വട്ട മിനുക്കുപണികള്‍ മാത്രമെ ഇനി പൂര്‍ത്തിയാവാനുള്ളത്.
ഏകദേശം 152 കോടി രൂപയാണ് ബൈപ്പാസിന്റെ അവസാനഘട്ട പ്രവൃത്തിക്ക് ചെലവായത്. പൂളാടിക്കുന്ന് – വെങ്ങളം കോരപ്പുഴ, പുറക്കാട്ടേരി പാലങ്ങള്‍ ഉള്‍പ്പെടെ 5.1 കിലോമീറ്റര്‍ നീളം അതിവേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. 2014 സെപ്തംബര്‍ ഒന്നിനാണ് ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തി തുടങ്ങിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇരു പാലങ്ങളുടെയും നിര്‍മ്മാണത്തിന് 24മാസമായിരുന്നു കാലാവധി. എന്നാല്‍ 18 മാസത്തിനകം പണി തീര്‍ക്കാമെന്ന് പ്രവൃത്തി ഉദ്ഘാടനവേളയില്‍ പ്രഖ്യാപിച്ചിരുന്നു. വാഗ്ദാനം ചെയ്തതിലും വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കരാറെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് സാധിച്ചു.
കോരപ്പുഴയിലെ പാലത്തിന് 490 മീറ്റര്‍ നീളമാണുള്ളത്. 11.23 മീറ്റര്‍ വീതിയും. 13 സ്പാനുകളാണിതിനുള്ളത്. മൂഴുവന്‍ സ്പാനുകളുടെ നിര്‍മ്മാണവും നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. പാലത്തിന് മൊത്തം 14 തൂണുകളാണ് ഉള്ളത്. ഇരുവശത്തും നടപ്പാത കഴിഞ്ഞാല്‍ വാഹനങ്ങള്‍ കടന്നു പോകാന്‍ ഏഴര മീറ്റര്‍ വീതിയുണ്ട്. പുറക്കാട്ടേരിയില്‍ 185 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിച്ചത്. ഇതിന് അഞ്ചു സ്പാനുകളുണ്ട്. ഇതിനു പുറമേ ബൈപ്പാസില്‍ ആവശ്യമുളളയിടത്ത് അടിപ്പാതകളും കള്‍വെര്‍ട്ടുകളും നിര്‍മ്മിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് അവസാനഘട്ട നിര്‍മ്മാണം നടത്തിയത്.
ബൈപ്പാസ് പൂര്‍ത്തിയാവുന്നതോടെ വെങ്ങളത്തു നിന്നും 28 കിലോമീറ്റര്‍ കൊണ്ട് രാമനാട്ടുകരയിലെത്താം. നഗരത്തിലെ ഗതാഗത കുരുക്കില്‍ അകപ്പെടാതെ വടക്കുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മലപ്പുറം, തൃശൂര്‍ ഭാഗത്തേക്കും തെക്കുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കണ്ണൂര്‍ ഭാഗത്തേക്കും എളുപ്പത്തില്‍ പോകാന്‍ ബൈപ്പാസ് സഹായകരമാണ ഇതോടെ ബൈപ്പാസ് ഇല്ലാത്തതിനാല്‍ നേരത്തെ നഗരത്തിലൂടെ കടന്നു പോയിരുന്ന ഹെവിലോഡ് വാഹനങ്ങള്‍ കാരണം പതിവായി സംഭവിക്കാറുള്ള ഗതാഗതകുരുക്കുള്‍പ്പെടെയുള്ള പ്രശ്‌നത്തിന് ബൈപ്പാസ് പൂര്‍ണമായി യാഥാര്‍ഥ്യമാവുന്നതോടെ പരിഹാരമാവും.