മേലേ പൊന്നങ്കയം ആദിവാസി കോളനിയിലെ 35 കുടുംബങ്ങള്‍ ദുരിതക്കയത്തില്‍

Posted on: January 4, 2016 10:32 am | Last updated: January 4, 2016 at 10:32 am
SHARE

താമരശ്ശേരി: തിരുവമ്പാടി പഞ്ചായത്തിലെ മേലേ പൊന്നാങ്കയം ആദിവാസി കോളനിയിലെ 35 കുടുംബങ്ങള്‍ രോഗവും പട്ടിണിയുമായി ദുരിതക്കയത്തില്‍. കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ച യുവതിയുടെ പറക്കമുറ്റാത്ത മക്കളും നിത്യരോഗിയായ ഭര്‍ത്താവും ഉള്‍പ്പെടെ നിരവധിപേര്‍ നിത്യവൃത്തിക്ക് വഴികാണാതെ അലയുന്നവരാണ്. കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോളനിയില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മാരക രോഗങ്ങളുടെ പിടിയിലാണ്.
മിക്കവാറും കുടുംബങ്ങള്‍ക്ക് കോണ്‍ക്രീറ്റ് വീടുകളുണ്ടെങ്കിലും വര്‍ഷങ്ങളായി വാതിലുകളില്ല. പല വീടുകളുടെയും വൈദ്യുതിബന്ധം വിഛേദിച്ചിട്ട് മാസങ്ങളായി. പേരിന് കക്കൂസുണ്ടെങ്കിലും ഉപയോഗശൂന്യമാണ്. ചില വീടുകള്‍ക്ക് കക്കൂസിന്റെ സ്ഥലം ഒഴിച്ചിട്ടതല്ലാതെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടില്ല. കുടിവെള്ളം ഇവര്‍ക്ക് കിട്ടാക്കനിയാണ്. നിരവധി പന്നി ഫാമുകള്‍ക്ക് സമീപത്തുകൂടെ ഒഴുകിയെത്തുന്ന പുഴയില്‍ നിന്നും പൈപ്പിലൂടെ വെള്ളം ശേഖരിച്ചാണ് ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെങ്കിലും ബദല്‍ സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കോളനിയുടെ ചുമതലയുള്ള പ്രമോട്ടര്‍ വല്ലപ്പോഴും കോളനിയിലെത്തി മടങ്ങുന്നതല്ലാതെ ചികിത്സക്കുള്ള സൗകര്യംപോലും ഒരുക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ മാരക രോഗങ്ങളുടെ പിടിയിലാണ്. കോളനിയിലെ അംങ്കണ്‍വാടിയില്‍ മാസത്തിലൊരിക്കല്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പ് മാത്രമാണ് ഇവര്‍ക്കുള്ള ചികിത്സ.
കോളനിയിലെ ചന്ദ്രന്റെ ഭാര്യ ശാന്ത(35) കഴിഞ്ഞ ദിവസം മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയാണെന്ന് ആരോപണമുണ്ട്. ഡിസംബര്‍ 27നാണ് പനിബാധിച്ചതിനെ തുടര്‍ന്ന് ശാന്തയെ മുക്കത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നല്‍കി വൈകിട്ടോടെ വീട്ടിലേക്കയച്ചു. ക്ഷീണിതയായിരുന്ന ശാന്ത പിറ്റേന്ന് പുലര്‍ച്ചെ മരിച്ചു. നാല് വര്‍ഷത്തോളമായി നിത്യരോഗിയായ ചന്ദ്രന് ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ ശാന്തയായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. പിതാവിന്റെ രോഗം കാരണം മൂത്തമകള്‍ ശാമിലി(15) ആറാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു. സഹോദരങ്ങളായ ശാലിനി(13), ചന്ദ്രു(11), സജില്‍(6) എന്നിവരുടെ സംരക്ഷണം കൂടി ഇനി ശാമിലിയുടെ കരങ്ങളിലാണ്. ഒരു വര്‍ഷം മുമ്പ് ചന്ദ്രന്‍ ആദിവാസികള്‍ക്കുള്ള ചികിത്സാ സഹായത്തിന് അപേക്ഷിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഒരു വര്‍ഷം മുമ്പ് ശസ്ത്രക്രിയക്ക് വിധേയനായി വീട്ടില്‍ കഴിയുന്ന നിഖില്‍(27) ആറുമാസം മുമ്പ് ചികിത്സാ സഹായത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും ഇതേവരെ യാതൊരു സഹായവും ലഭിച്ചിട്ടില്ല. നാല് മക്കള്‍ ഉള്‍ക്കൊള്ളുന്ന നിഖിലിന്റെ കുടുംബം ജീവന്‍ നിലനിര്‍ത്തുന്നത് ബന്ധുക്കളുടെ സഹായത്താലാണ്. കോളനി നിവാസികളുടെ ദുരിത ജീവിതം സംബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനായ ജില്ലാ സബ് ജഡ്ജ് ആര്‍ എല്‍ ബൈജുവിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കോളനി സന്ദര്‍ശിച്ച അതോറിറ്റി പാരാ വളണ്ടിയര്‍ ശ്രീജ അയ്യപ്പന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here