പത്താന്‍കോട്ടില്‍ അഞ്ചാമത്തെ ഭീകരനും കൊല്ലപ്പെട്ടു; ഉത്തരവാദിത്വമേറ്റ് യുണെെറ്റഡ് ജിഹാദ് കൗൺസില്‍

Posted on: January 4, 2016 9:58 am | Last updated: January 5, 2016 at 10:28 am

PATHANKOT INDIAN ARMYന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ മൂന്നാം ദിനവും തുടരുന്ന ശക്തമായ ഏറ്റുമുട്ടലില്‍ അഞ്ചാമത്തെ ഭീകരനും കൊല്ലപ്പെട്ടു. ദേശീയ സുരക്ഷാ ഗാര്‍ഡ് വൃത്തങ്ങളാണ് ഇക്കാര്യ‌ം അറിയിച്ചത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. അതിനിടെ, പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം യുണെെറ്റഡ് ജിഹാദി കൗണ്‍സില്‍ എന്ന ഭീകര സം‌ഘടന ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക്ക് അധീന കാശ്മീരിലെ ഭീകരസംഘടനകളുടെ പൊതുപ്ലാറ്റ്‌ഫോമാണ് യുജെസി. അതേസമയം, ഇവരുടെ അവകാശ വാദം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.

ഒന്നോ രണ്ടോ ഭീകരര്‍ ഇപ്പോഴും ഇവിടെ ഒളിച്ചിരിക്കുന്നതായാണ് സംശയം. അതിനിടെ സൈനികര്‍ നടത്തിയ തിരച്ചിലിനിടെ വീണ്ടും സ്‌ഫോടനമുണ്ടായി. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ മലയാളിയുള്‍പ്പെടെ ഏഴ് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

pathankot-attack

ഭീകരര്‍ രണ്ട് സംഘങ്ങളായാകാം വ്യോമതാവളത്തിലെത്തിയതെന്നാണ് സംശയിക്കുന്നത്. ഇതുവരെ അഞ്ച് ഭീകരരെ വധിച്ചിട്ടും ഏറ്റുമുട്ടല്‍ തുടരുന്നതാണ് ഇങ്ങനെയൊരു നിഗമനനത്തിലെത്താന്‍ കാരണം. അഞ്ച് ഭീകരരാണ് പൊലീസ് ഓഫീസറുടെ കാര്‍ തട്ടിയെടുത്ത് താവളത്തിലെത്തിയത്. മറ്റൊരാളോ ഒരു സംഘമോ വേറെ മാര്‍ഗത്തിലൂടെ എത്തിയതാകാമെന്നാണ് കുതുന്നത്.

അതേസമയം ആക്രമണത്തിനിടയാക്കിയ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍പ്രതിരോധ മന്ത്രാലയം മൂന്നംഗ സമിതി രൂപീകരിച്ചു. ഭീകരാക്രമണ വിഷയം ഇന്ത്യ പാകിസ്ഥാനോട് ഉന്നയിച്ചേക്കും.

ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് പത്താന്‍കോട്ടിലെ വ്യോമതാവളത്തില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.