Connect with us

Kannur

സി പി എമ്മിന് ഇനി ചേതനയോഗ

Published

|

Last Updated

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങും മുമ്പേ മുഖം മിനുക്കല്‍ നടപടി ആരംഭിച്ച സി പി എം കൂടുതല്‍ ജനകീയ ഇടപെടലിനായുള്ള പാര്‍ട്ടി പരിപാടികള്‍ ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കിത്തുടങ്ങി.
രാഷ്ട്രീയ കക്ഷിഭേദമന്യേ ആരംഭിച്ച പാലിയേറ്റിവ് കെയറിനും ജൈവകൃഷിക്കും ശക്തമായ ചുവപ്പ് സേനക്കും പിറകെയാണ് നാടെങ്ങും പുതിയ യോഗാ പരിശീലനത്തിനും കളമൊരുക്കുന്നത്. നേരത്തെ പരിശീലനം നല്‍കിയ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരത്തില്‍പ്പരം യുവതീയുവാക്കളെ പങ്കടുപ്പിച്ച് കണ്ണൂരില്‍ സംഘടിപ്പിച്ച യോഗാ പ്രദര്‍ശനത്തോടെയാണ് എല്ലാ പഞ്ചായത്തിലും യോഗാ കേന്ദ്രങ്ങള്‍ തുടങ്ങുതടക്കമുള്ള പരിപാടികള്‍ക്ക് ആരംഭം കുറിച്ചത്. യോഗാചാര്യന്‍ ശ്രീ എം ഉദ്ഘാടനം ചെയ്ത് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രദര്‍ശനത്തിന് സാക്ഷികളാകാന്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തുടങ്ങിയ നേതാക്കളുമെത്തി.
ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടിയ സ്റ്റേഡിയത്തില്‍ ഭഗവദ്ഗീതയെയും യോഗയെയുമെല്ലാം കോര്‍ത്തിണക്കി ആധ്യാത്മിക പ്രവര്‍ത്തകന്‍ കൂടിയായ ശ്രീ എം നടത്തിയ പ്രഭാഷണത്തോടെയായിരുന്നു പ്രദര്‍ശനത്തിന്റെ തുടക്കം. താനൊരു ദൈവവിശ്വാസിയാണെങ്കിലും വിശ്വാസമില്ലാത്തവര്‍ക്കു കൂടി ചെയ്യാവുന്നതാണ് യോഗയെന്ന് കന്യാകുമാരിയില്‍ നിന്ന് ദേശീയോദഗ്രഥനസന്ദേശവുമായി കാശ്മീരിലേക്ക് പദയാത്ര നടത്താറുള്ള ശ്രീ എം പറഞ്ഞു.
ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ആന്‍ഡ് യോഗാ സ്റ്റഡി സെന്ററിന്റെ പേരിലവതരിപ്പിച്ച യോഗാ പരിപാടിക്ക് ചേതനാ യോഗയെന്ന പേരും സി പി എം നിശ്ചയിച്ചു. ഇതിന്റെ നാമകരണവും ശ്രീ എം നടത്തി. മൈതാനത്ത് 42,000 ചതുരശ്ര അടി പ്രദേശത്ത് ഒരുക്കിയ കാര്‍പ്പറ്റിലാണ് ഒരു മണിക്കൂര്‍ നേരത്തെ പ്രദര്‍ശനം നടന്നത്. സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ യോഗ പരിശീനത്തെക്കുറിച്ചുള്ള പാര്‍ട്ടി നിലപാട് വിശദീകരിച്ചു. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ യോഗ പരിശീലിക്കാനാണ് വിപുലമായ പദ്ധതി തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കായിക പരിശീലനത്തിലൂടെ വ്യക്തിയുടെ ആന്തരീകവും മാനസികവുമായ സൗഖ്യം ഉറപ്പാക്കി സ്‌നേഹവും മതസൗഹാര്‍ദവും സമാധാനവും വളര്‍ത്തി, ദേശീയോദ്ഗ്രഥനത്തിനായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. യോഗയും മറ്റും വര്‍ഗീയ സംഘടനകള്‍ ഗൂഢലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെയുള്ള പ്രതിരോധം കൂടിയാണ് ഈ സാര്‍ഥക ഇടപെടലെന്നും അദ്ദേഹം വിശദീകരിച്ചു. കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി എം പിയാണ് ചടങ്ങിന് അധ്യക്ഷത വഹിച്ചത്. ആധ്യാത്മിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മുന്‍ നക്‌സല്‍ നേതാവ് ഫിലിപ്പ് എം പ്രസാദ് ഉള്‍പ്പടെയുള്ളവരും നേരത്തെ തന്നെ ചടങ്ങിനെത്തിയിരുന്നു. കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ യോഗയുടെ പ്രചരണ പരിശീലന പരിപാടികള്‍ സംസ്ഥാന വ്യാപകമായി നടത്താനാണ് പാര്‍ട്ടി തീരുമാനം.
ഇന്ത്യയുടെ സ്വന്തം രീതിയായ യോഗ നമ്മുടെ സംസ്‌കാരത്തോടു ചേര്‍ന്നുനില്‍ക്കുന്ന സമ്പ്രദായമാണെന്നും മനുഷ്യന്റെ മുന്നോട്ടുള്ള യാത്രക്ക് ഇതിനെ ഉപയോഗപ്പെടുത്തണമെന്നുമാണ് എല്ലായിടത്തും യോഗാ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് കാരണമായി സി പി എം നേതൃത്വം പറയുന്നത്. സാംസ്‌കാരിക അടയാളങ്ങളെ സ്വന്തമാക്കി വികൃതമാക്കുന്ന മതവര്‍ഗീയ ശക്തികളെ തുറന്നുകാണിച്ചില്ലെങ്കില്‍ യോഗ ഒരു മതത്തിന്റെ ഒസ്യത്തായി പരിഗണിക്കുന്ന അവസ്ഥയുണ്ടാകും. അരാജകത്വത്തിന്റെ ആള്‍ക്കൂട്ടങ്ങള്‍ക്കുള്ള അലങ്കാരമല്ല യോഗ. മുതലാളിത്തത്തിനും കോര്‍പറേറ്റ് രാഷ്ട്രീയത്തിനും യോഗ വിപണനതന്ത്രമാണ്. അധികാരത്തിന്റെ ആസ്വാദനാവസ്ഥ യോഗക്ക് നിഷിദ്ധമാണ്. യോഗയുടെ പ്രസക്തി വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഇത് ഒരു പൊതുജനാരോഗ്യ പദ്ധതിയായി പരിഗണിക്കണം. മതത്തിനും ജാതിക്കും ഇതില്‍ കാര്യമില്ലെന്നും സി പി എം പറയുന്നു. പാര്‍ട്ടി പിന്തുണയില്‍ നേരത്തെ ആരംഭിച്ച ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ആന്‍ഡ് യോഗാ സ്റ്റഡി സെന്റര്‍ യോഗ കൂടാതെ കളരി, കരാട്ടേ, കുംഫു തുടങ്ങിയ ആയോധന കലകളും ആഭ്യസിപ്പിക്കുന്നുണ്ട്. രാഷ്ടീയം നോക്കാതെ യുവാക്കളെയും യുവതികളെയും ആകര്‍ഷിച്ച് സംസ്ഥാനത്തെല്ലായിടത്തും ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏറ്റവും വലിയ ജനകായ പരിപാടിയായി ഇതിനെ മാറ്റാനാകുമെന്നും സി പി എം കണക്കു കൂട്ടുന്നുണ്ട്.
സി പി എമ്മിന് ഏറ്റവും ശക്തിയുള്ള കണ്ണൂര്‍ ജില്ലയില്‍ തുടക്കമിട്ട ജനകീയ ബന്ധം ലക്ഷ്യംവെച്ച മറ്റു പരിപാടികളും എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കിടപ്പ് രോഗികളെ ചികിത്സിക്കാന്‍ കണ്ണൂരില്‍ ആരംഭിച്ച പാലിയേറ്റിവ് കെയര്‍ യൂനിറ്റിന് വലിയ ജനകീയാംഗീകാരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇത്തവണ അയ്യപ്പ ഭക്തന്മാര്‍ക്കായി തളിപ്പറമ്പില്‍ തുടങ്ങിയ പാലിയേറ്റീവ് സെന്ററിന്റെ പ്രവര്‍ത്തനമുള്‍പ്പടെ അടുത്ത വര്‍ഷം വിപുലീകരിക്കും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest