കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കേന്ദ വിഹിതം കുറഞ്ഞു

Posted on: January 4, 2016 4:31 am | Last updated: January 3, 2016 at 11:37 pm
SHARE

തിരുവനന്തപുരം: ആസൂത്രണ കമ്മീഷന് പകരമായി വന്ന നീതി ആയോഗ് നിര്‍ദേശങ്ങള്‍ നടപ്പാക്കി തുടങ്ങിയതോടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനത്തിന് വന്‍ബാധ്യതയാകുന്നു. പ്രധാന കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെല്ലാം സംസ്ഥാനങ്ങളുടെ വിഹിതം ഗണ്യമായി വര്‍ധിപ്പിക്കുന്നതാണ് നീതി ആയോഗ് നിര്‍ദേശം. ഇതനുസരിച്ച് സുപ്രധാന കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെല്ലാം കേന്ദ്ര വിഹിതം ഗണ്യമായി കുറച്ചു. സംസ്ഥാന സര്‍ക്കാര്‍ ആകട്ടെ, ബാധ്യതയുടെ ഒരു വിഹിതം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റിനെയും താളം തെറ്റിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം കേന്ദ്രാവിഷ്‌കൃത പദ്ധതികളിലേക്ക് നീക്കിവെക്കേണ്ടി വരുന്നതോടെ പ്രാദേശിക വികസന പദ്ധതികളെയും ഇത് ബാധിക്കും.
കേന്ദ്രാവിഷ്‌കൃത പദ്ധതികളെ കോര്‍ ഓഫ് ദി കോര്‍ എന്നും കോര്‍ ആന്‍ഡ് ഓപ്ഷണല്‍ എന്നും രണ്ടായി തിരിച്ചിരിക്കുകയാണ്. ഇവയില്‍ കോര്‍ പദ്ധതികളില്‍ സംസ്ഥാനത്തിന്റെ പങ്കാളിത്തം നിര്‍ബന്ധമായിരിക്കണമെന്നാണ് നീതി ആയോഗ് നിര്‍ദേശം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സടക്ക് യോജന, ദേശീയ സാമൂഹ്യ സഹായ പദ്ധതി, കൃഷി ഉന്നതി യോജന, പ്രധാന്‍മന്ത്രി കൃഷി സിന്‍ചായ് യോജന, ദേശീയ ആരോഗ്യ മിഷന്‍, സര്‍വശിക്ഷാ അഭിയാനും ഉച്ചഭക്ഷണ പദ്ധതിയും, സംയോജിത ശിശുവികസന പദ്ധതിയും അനുബന്ധ പരിപാടികളും, സ്വച്ഛ് ഭാരത് അഭിയാന്‍, സ്മാര്‍ട്ട് സിറ്റി പദ്ധതി ഉള്‍പ്പെടെയുള്ള നഗര വികസന ദൗത്യം, 500 പട്ടണങ്ങളുടെ നഗര പുനരുദ്ധാരണ പരിപാടി തുടങ്ങിയവയെല്ലാം കോര്‍ പദ്ധതികളിലാണ് വരുന്നത്. ഇതില്‍ തൊഴിലുറപ്പ് പദ്ധതി, പട്ടിക ജാതി, പിന്നാക്ക ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ കോര്‍ ഓഫ് ദി കോര്‍ ആയി കണക്കാക്കിയിട്ടുണ്ട്. ഇതൊഴികെയുള്ള പദ്ധതികളുടെയെല്ലാം സംസ്ഥാന വിഹിതം ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുകയാണ്.
വടക്കു കിഴക്കുള്ള എട്ട് സംസ്ഥാനങ്ങളിലും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നീ ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്കും മാത്രമാണ് ഇളവ്. ഈ സംസ്ഥാനങ്ങളില്‍ ഓപ്ഷണല്‍ സ്‌കീമുകള്‍ക്ക് എണ്‍പത് ശതമാനം കേന്ദ്രവും ഇരുപത് ശതമാനം സംസ്ഥാനവും വഹിക്കും. കേരളം ഉള്‍പ്പെടെ മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലും കോര്‍ പദ്ധതികള്‍ക്കുള്ള വിഹിതത്തിന്റെ അറുപത് ശതമാനം കേന്ദ്രവും നാല്‍പ്പത് ശതമാനം സംസ്ഥാനവും വഹിക്കണം. ഓപ്ഷണല്‍ സ്‌കീമുകള്‍ക്ക് അമ്പത് ശതമാനം കേന്ദ്രവും അമ്പത് ശതമാനം സംസ്ഥാനവും വഹിക്കണമെന്നതാണ് സ്ഥിതി.
ഐ സി ഡി എസ് ശിശുപരിപാലന പരിപാടി, സര്‍വശിക്ഷാ അഭിയാന്‍, എന്‍ ആര്‍ എച്ച് എം, ടൈഗര്‍ പ്രൊജക്ട് തുടങ്ങി വിവിധ കേന്ദ്ര പദ്ധതികളുടെ വിഹിതം ഇതിനകം ഗണ്യമായി കുറച്ചിട്ടുണ്ട്. സമഗ്ര ശിശുപരിപാലന പദ്ധതിയായ ഐ സി ഡി എസില്‍ തൊണ്ണൂറ് ശതമാനം കേന്ദ്രവിഹിതവും പത്ത് ശതമാനം സംസ്ഥാനവും വഹിച്ചിരുന്നത് 60:40 എന്ന രീതിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഐ സി ഡി എസിന്റെ മാത്രം കാര്യമെടുത്താല്‍ ഈ പദ്ധതി മുന്നോട്ടുപോകാന്‍ 181 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണം.
അതേസമയം, അധിക ബാധ്യതയുടെ ഒരു വിഹിതം തദ്ദേശ സ്ഥാപനങ്ങളുടെ ചുമലിലേക്ക് മാറ്റാനാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കം. ഇപ്പോള്‍ തന്നെ പല പദ്ധതികള്‍ക്കും തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതത്തില്‍ നിന്ന് പണം നല്‍കുന്നുണ്ട്.
അങ്കണ്‍വാടി പോഷകാഹാര വിതരണം, എസ് എസ് എ, ആര്‍ എം എസ് എ, പാലിയേറ്റീവ് കെയര്‍ പദ്ധതികള്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, ഐ എ വൈ അധികവിഹിതം നല്‍കല്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് ഇപ്പോള്‍ പഞ്ചായത്തുകള്‍ വിഹിതം നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here