Connect with us

Articles

മൂല്യ വര്‍ധിത നികുതി; പ്രവാസികളുടെ ജോലി

Published

|

Last Updated

സമ്പദ്ഘടനയെയും പൗരഘടനയെയും സുരക്ഷിതമാക്കാനുള്ള രണ്ടു സുപ്രധാന താത്പര്യങ്ങള്‍ ഗള്‍ഫ് ബജറ്റുകള്‍ മുന്നോട്ടു വെക്കുന്നു, മൂല്യവര്‍ധിത നികുതിയും (വാറ്റ്) സ്വദേശി പൗരന്‍മാര്‍ക്ക് ജോലിയും. രണ്ടും പുതിയതല്ല. വാറ്റ് വര്‍ഷങ്ങളായി ചര്‍ച്ചയിലുള്ളതും എല്ലാ ഗള്‍ഫ് നാടുകളിലും ഒരുമിച്ചു നടപ്പിലാക്കാന്‍ ഗള്‍ഫ് സഹകരണ സമിതി (ജി സി സി) തീരുമാനിച്ചതുമാണ്. പൗരന്മാരുടെ തൊഴില്‍ പര്യാപ്തതയും ഗള്‍ഫ് നാടുകള്‍ വര്‍ഷങ്ങളായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന വിഷയമാണ്. എങ്കിലും കാലഗണനയും വേഗവും നിശ്ചയിക്കുന്നതിന്റെ സൂചനകള്‍ വന്നിരിക്കുന്നു. രണ്ടും പ്രവാസി സമൂഹത്തെ ബാധിക്കുന്നവയാണ്. വാറ്റ് പ്രധാനമായും പ്രയാസം സൃഷ്ടിക്കുക ചെറുകിട സംരംഭങ്ങല്‍ തുടങ്ങാന്‍ ശ്രമിക്കുന്നവരെയായിരിക്കും. ഉത്പന്നങ്ങളുടെ വില വര്‍ധനവിലൂടെ വാറ്റിന്റെ ഭാരവ്യാപ്തിയുമുണ്ട്.
തൊഴില്‍ രംഗത്തേക്ക് പൗരന്‍മാരെ പ്രാപ്തരാക്കുന്നതിനുള്ള ത്രീവ ശ്രമങ്ങളുണ്ടാകുമ്പോള്‍, അതൊരു നയപരിപാടിയായി ബജറ്റില്‍ കടന്നു വരുമ്പോള്‍ നിലവിലുള്ള കുറേ തസ്തികകള്‍ “റീപ്ലെയ്‌സ്” ചെയ്യപ്പെടും എന്നാണ് അതിന്റെ ആന്തരാര്‍ഥം. ഈ പ്രക്രിയ ഇതിനകം തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു മലയാളികളുള്‍പ്പെടെയുള്ളവര്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന പിരിച്ചുവിടല്‍ നോട്ടീസുകള്‍ തന്നെയാണ് അതിന്റെ അടയാളം. മറ്റൊന്ന്, ബജറ്റുകള്‍ ഊന്നിപ്പറയുന്ന പൊതുചെവലുകള്‍ കുറക്കുക എന്ന പ്രസ്താവന തൊഴില്‍ മേഖലയെ ബാധിക്കുക, പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടില്ല എന്നതിലൂടെയാണ്. ചെലവു ചുരുക്കല്‍, പുതിയ വികസന പദ്ധതികളുടെ കുറവിനു കാരണമാകുമ്പോള്‍ സ്വാഭാവികമായ തൊഴിലവസരങ്ങളുടെ അഭാവം പ്രവചിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
രണ്ട് വര്‍ഷത്തിനകം വാറ്റ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാണ് സഊദി ബജറ്റ് നിര്‍ദേശിച്ചിരിക്കുന്നത്. യു എ ഇയില്‍ വാറ്റ് ഏര്‍പ്പെടുത്തുന്നതിനുള്ള നിയമപരമായ തയാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണ്. ഗള്‍ഫില്‍ ആദ്യം അഥവാ 2017 ആദ്യത്തില്‍ വാറ്റ് നിലവില്‍ വരുന്ന രാജ്യം യു എ ഇ ആയിരിക്കും എന്നാണ് വാര്‍ത്തകള്‍. ഏറ്റവും ഒടുവില്‍ വാറ്റ് വരുന്നത് ഖത്വറിലായിരിക്കും എന്നും നിരീക്ഷണങ്ങളുണ്ട്. 18 മുതല്‍ 28 മാസത്തിനുള്ളില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലും നികുതി നടപ്പിലാകുമെന്ന് യു എ ഇ ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനിസ് ഹാജി അല്‍ ഖൂരി കഴിഞ്ഞ മാസം പ്രസ്താവന നടത്തി. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികസേവനം എന്നിവക്കു പുറമേ 94 ഭക്ഷ്യവിഭവങ്ങളെയും നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാറ്റ് സാധാരണക്കാരുടെ ചെലവിനെ വല്ലാതെ ബാധിക്കില്ലെന്നു വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍, കമ്പ്യൂട്ടര്‍, കാര്‍ പോലുള്ള വില കൂടിയ ഉത്പന്നങ്ങള്‍ വാങ്ങുന്നവരെയാണ് വാറ്റ് പിടികൂടുക. അഞ്ച് ശതമാനം വാറ്റ് വഴി ഉണ്ടാകുന്ന സാമ്പത്തിക ഭാരം നിസ്സാരമാണെന്നാണ് അബുദാബി നാഷനല്‍ ബേങ്ക് സീനിയര്‍ എക്കണോമിസ്റ്റ് ആല്‍പ് ഈക്കിന്റെ അഭിപ്രായം. എന്നാല്‍ വാറ്റ് പത്ത് ശതമാനനത്തിനോ അതിനു മുകളിലോ ആണെങ്കില്‍ തീര്‍ച്ചയായും അത് ഉപഭോക്താക്കളെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. ആഡംബര ഭക്ഷണം, ഇലക്‌ട്രോണിക്‌സ്, വിനോദം എന്നീ മേഖലകളിലാണ് ഇതു സാരമായി സ്വാധീനിക്കുക. അതേസമയം, വന്‍തോതില്‍ പര്‍ച്ചേസിംഗും ടൂറിസവും നടക്കുന്ന രാജ്യമായ യു എ ഇയില്‍ രണ്ട് മേഖലയിലെയും ചെലവു ചെയ്യലിനെ കഠിനമായി ബാധിക്കുന്നതാകും മൂല്യവര്‍ധിത നികുതി എന്നാണ് ടു ജി ഐ എസ് മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ കരിന്‍ പട്ടേലിന്റെ അഭിപ്രായം.
വാറ്റ് നടപ്പിലായാല്‍ ഗള്‍ഫില്‍ ബിസിനസ് നടത്തുന്നതിന് ചെലവു വര്‍ധിക്കുമെന്നാണ് നിഗമനം. സി എഫ് എ ഇന്‍സ്റ്റിറ്റിയൂട്ട് ഗള്‍ഫ് നാടുകളില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേരും ഈ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. വാറ്റ് നേരിട്ടുള്ള വിദേശ നിക്ഷേപത്തെ വിപരീത ദിശയില്‍ ബാധിക്കുമെന്ന് 17 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നതിനും സുരക്ഷിതത്വം നേടുന്നതിനും നികുതി നടപ്പിലാക്കാന്‍ ജി സി സി രാജ്യങ്ങള്‍ക്കു മേല്‍ ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് (ഐ എം എഫ്), നിരന്തരമായി സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. മേഖലയിലെ വലിയ സാമ്പത്തിക പുനഃക്രമീകരണമായാണ് വാറ്റിനെ വിലയിരുത്തുന്നത്. ടാക്‌സ് നടപ്പില്‍ വരുത്തുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നികുതിവെട്ടിച്ചു കടത്തുന്ന പ്രവണത ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്നും ഇത് ഇപ്പോള്‍ സര്‍ക്കാറുകള്‍ക്ക് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബില്യന്‍ കണക്കിനു തുക ലാഭിക്കാന്‍ സഹായിക്കുമെന്നും വിദഗ്ധാഭിപ്രായമുണ്ട്. ചുരുക്കത്തില്‍, സാമ്പത്തിക ഭദ്രതയുടെ ദീര്‍ഘകാല ആശ്വാസം പരിഗണിച്ച് പ്രാബല്യത്തില്‍ വരുന്ന മൂല്യവര്‍ധിത നികുതിയുടെ പെട്ടെന്നുള്ള സ്വാധീനം അനുഭവിക്കാന്‍ പ്രവാസികളും തയാറാകേണ്ടി വരും. നിയന്ത്രണങ്ങള്‍ വരുന്നു എന്നറിയുമ്പോള്‍ അതിന്റെ കെടുതികളെക്കുറിച്ച് ആവലാതികൊള്ളാതെ അവ മറികടക്കാനുള്ള കരുതലാണു വേണ്ടത്. സഊദിയും യു എ ഇയുമുള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകള്‍ നികുതിയുടെ അറിയിപ്പുകള്‍ വ്യക്തമായി നല്‍കിയിരിക്കുന്നു, മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊള്ളുക എന്ന സൂചനയോടെ.
പൗരന്‍മാരുടെ തൊഴിലിനെക്കുറിച്ച് ബജറ്റുകള്‍ ഊന്നിപ്പറയുന്നു. കേവല തൊഴില്‍ മാത്രമല്ല ലക്ഷ്യം. സ്വയം സംരഭങ്ങള്‍, വിദഗ്ധ മേഖലയിലെ പരിജ്ഞാനം, ശാസ്ത്ര സാങ്കേതിക പുരോഗതി, ഉന്നത വിദ്യാഭ്യാസം ഇതെല്ലാം അതിന്റെ ഭാഗമായി വരും. രാജ്യത്തെ പൊതുമേഖലയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനകം 90 ശതമാനം സ്വദേശികളെ നിയമിക്കും എന്നാണ് ഖത്വര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചത്. സഊദി ബജറ്റ് സ്വദേശികളെ വിവിധ തൊഴില്‍ തസ്തികകളിലേക്ക് പ്രാപ്തരാക്കുന്നതിനൊപ്പം അനിവാര്യത പരിഗണിച്ചു മാത്രം വിദേശികളെ റിക്രൂട്ട് ചെയ്താല്‍ മതിയെന്നു കൂടിയുള്ള ബജറ്റ് സ്റ്റേറ്റ്‌മെന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ടാക്‌സി ഡ്രൈവര്‍ ജോലി പോലും സ്വദേശിവത്കരിച്ച ഒമാനില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വരും. അഥവാ സ്വന്തം പൗരന്‍മാര്‍ക്ക് തൊഴില്‍ നല്‍കാന്‍ ബാധ്യതപ്പെട്ട രാജ്യങ്ങളില്‍ നിന്നുണ്ടാകുന്ന അനിവാര്യമായ നപടികളാണിത്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി വിദ്യാഭ്യാസ രംഗത്ത് പുരോഗതി പ്രാപിച്ചു വരുന്ന സ്വേദേശി വനിതകള്‍ക്കു കൂടി തൊഴില്‍ അവസരവും സമത്വവും സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഇത് അത്രയും അവസരങ്ങളിലെ വിദേശികളുടെ സാധ്യത ഇല്ലായ്മ ചെയ്യും. അറബ് പൗരന്‍മാര്‍ക്ക് തൊഴില്‍ തേടിപ്പോകാന്‍ മറ്റൊരു ഗള്‍ഫ് ഭൂമുഖത്ത് ഇല്ലാത്തതിനാല്‍ ഭരണകൂടങ്ങള്‍ സാഹചര്യങ്ങളെ ദീര്‍ഘദൃഷ്ടിയോടെ സംബോധന ചെയ്യുകയാണ്.
സ്വദേശിവത്കരണം ഒന്നാമതായി സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയില്‍ നിശ്ചിത തസ്തികകളെയുമാണ് ബാധിക്കുന്നത്. സഊദി, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഇതിന്റെ സ്വാധീനം ശക്തമായി ഉണ്ടാകും. മറ്റു രാജ്യങ്ങളിലേക്കും ആനുപാതികമായി കടന്നു വരും. ഖത്വറില്‍ എണ്ണ പ്രതിസന്ധിയുടെ ഭാഗമായുള്ള പിരിച്ചുവിടല്‍ അധികവും നടന്നത് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലാണ്. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തെ മറികടക്കാനുള്ള ക്രമീകരണങ്ങളുടെ ഭാഗമായും ജോലിക്കാരെ കുറക്കുന്നതിനു കമ്പനികള്‍ സന്നദ്ധരാകുന്നു. ധനക്കമ്മി പുതിയ പദ്ധതികളെ ഇല്ലാതാക്കുമ്പോള്‍ തൊഴിലവസരങ്ങളും കുറയുന്നു. ഗള്‍ഫ് തൊഴില്‍ മേഖലയെ നിരീക്ഷണവിധേയമാക്കുന്നവര്‍ ഈ സൂചന നല്‍കിക്കഴിഞ്ഞു.
എന്നാല്‍, ഇതൊരു സ്ഥായിയായ പ്രതിസന്ധിയല്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പ് മലയാളികള്‍ കേട്ടി തുടങ്ങിയതാണ് ഗള്‍ഫ് അവസാനിക്കാന്‍ പോകുന്നു എന്ന പേടി പറച്ചില്‍. ദുബൈയില്‍ പ്രവാസിയായ മെഹ്ബൂബ് മാട്ടൂല്‍ കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ എഴുതി; “”ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദുബൈയിലുള്ള ഒരാള്‍ ഒരു പോസ്റ്റിട്ടിരുന്നു. പ്രൊജക്ടുകള്‍ കുറഞ്ഞത് കാരണം അയാളുടെ കമ്പനി ആളുകളെ പിരിച്ചു വിടാന്‍ സാധ്യത ഉള്ളതിനാല്‍ എവിടെയെങ്കിലും ജോലി ഉണ്ടെങ്കില്‍ അറിയിക്കണം എന്ന്. അതിനു താഴെ വന്നു ചിലര്‍ കമന്റെഴുതിയത് കണ്ടു. എല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതി, ഗള്‍ഫ് സ്വപ്‌നമൊക്കെ ഏതാണ്ട് അസ്തമിക്കാറായി. ഒന്നും ഇനി പഴയ പോലെ നടക്കില്ല, എല്ലാം പൂട്ടിക്കെട്ടി പോവാന്‍ സമയമായി എന്ന്.
ഒരുപാടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഡിഗ്രി കഴിഞ്ഞ ഉടനെ ദുബൈയില്‍ ഉണ്ടായിരുന്ന ബന്ധുവിനോട് വിസക്ക് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, “ഇവിടെയൊക്കെ സ്ഥിതി വളരെ മോശമാണ്, നീ നാട്ടില്‍ തന്നെ വല്ലതും നോക്ക്”. ഈ ബന്ധു വീണ്ടും വര്‍ഷങ്ങളോളം ദുബൈയില്‍ ജീവിച്ചു. നാട്ടില്‍ വീട് നിര്‍മിച്ചു പെണ്‍ മക്കളുടെയെല്ലാം കല്യാണം കഴിച്ചുവിട്ട ശേഷമാണ് നാടു പിടിച്ചത്. ആദ്യമായി അബുദാബി വന്നപ്പോള്‍ മറ്റൊരു ബന്ധുവിനെ കണ്ടു. ഗള്‍ഫിനേക്കാള്‍ നല്ലത് നാടാണെന്നും ഇവിടെ വരുന്നതൊക്കെ വെറുതെയാണെന്നുമായിരുന്നു അഭിപ്രായം. അദ്ദേഹം ഇപ്പോഴും അബുദാബിയിലുണ്ട്. പഴയ വീടുവിറ്റ് വേറൊരെണ്ണം പണിതു. എന്നുവെച്ച് ഇവിടെ വന്ന എല്ലാവരും നല്ല നിലയിലായി എന്നല്ല, വര്‍ഷങ്ങള്‍ ചെലവഴിച്ചു ഒന്നും നേടാനാവാതെ തിരിച്ചു പോയവരും ഉണ്ട്.
ദുബൈയില്‍ വന്നാല്‍ ഇപ്പോള്‍ ജോലി കിട്ടുമോ അതോ പിന്നെ വരണോ എന്ന് പലരും ചോദിക്കാറുണ്ട്. ഇവിടെ ആയിരക്കണക്കിന് കമ്പനികള്‍ ഉണ്ട്. ഒഴിവുകള്‍ വരുന്നതനസരിച്ച് കമ്പനികള്‍ പുതിയ ആളുകളെ എടുക്കും. അതുപോലെ തന്നെ വര്‍ക്ക് കുറഞ്ഞാല്‍ പിരിച്ചു വിടുകയും ചെയ്യും. ഇത് ഗള്‍ഫില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ഇങ്ങിനെയൊക്കെയാണ്. ബന്ധുക്കളായ മൂന്നു പേര്‍ കഴിഞ്ഞ മാസം ഇവിടെ വന്നു അവര്‍ക്കെല്ലാം ജോലി കിട്ടി. ജോലി കിട്ടും എന്ന് ഒരുറപ്പും പറയാന്‍ പറ്റില്ല. അതാണ് ഇവിടം. 2008-2010 കാലത്തെ സാമ്പത്തികമാന്ദ്യ സമയത്തുപോലും ഇവിടെ വന്നു ജോലി കിട്ടിയവരും ജോലി മാറിയവരും ഉണ്ട്. ആ സമയത്ത് എന്റെ ഫഌറ്റില്‍ കൂടെ താമസിച്ചിരുന്ന ആറു പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. കുവൈത്ത് അധിനിവേശ കാലത്തും ഗള്‍ഫ് അവസാനിച്ചു എന്ന് ആളുകള്‍ പറഞ്ഞു നടന്നിരുന്നു. ചുരുക്കത്തില്‍, ഒന്നും എവിടെയും പൂര്‍ണമായും ഇല്ലാതാകില്ല. ചിലര്‍ തളരുമ്പോള്‍ ചിലര്‍ വളരും. അതാണ് ഈ മരുഭൂമി””. ഒരു സാധാരണക്കാരന്റെ ഈ വിശകലനം തന്നെയാണ് അതിന്റെ യാഥാര്‍ഥ്യം.

---- facebook comment plugin here -----

Latest