Connect with us

Articles

മതേതരത്വം സംരക്ഷിക്കാന്‍

Published

|

Last Updated

“ജനരക്ഷാ യാത്ര” ഇന്ന് കാസര്‍കോട് കുമ്പളയില്‍ ആരംഭിച്ച് ഫെബ്രുവരി ഒന്‍പതിന് തിരുവനന്തപുരത്തു സമാപിക്കുകയാണ്. വര്‍ഗീയ ഫാസിസത്തിനും കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹനടപടികള്‍ക്കും അക്രമരാഷ്ട്രീയത്തിനും സാമൂഹിക തിന്മകള്‍ക്കുമെതിരെ പ്രചരണം നടത്താനാണ് ലക്ഷ്യമിടുന്നത്. മതേതരത്വസംരക്ഷണം, കേരളത്തിന്റെ സമഗ്ര പുരോഗതി, സര്‍ഗാത്മക യുവശാക്തീകരണം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യും.
രാജ്യത്തിന്റെ മതനിരപേക്ഷ സംസ്‌കാരം ആക്രമിക്കപ്പെടുകയും അധിനിവേശത്തിന് വിധേയമാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തിന്റെ മുഖമുദ്രയായ സഹിഷ്ണുതക്ക് മുറിവേറ്റിരിക്കുന്നു. ഫാസിസ്റ്റ് ക്രൂരതകള്‍ക്ക് കേന്ദ്ര ഭരണം മൗനാനുവാദം നല്‍കുന്ന തരത്തില്‍ നിസംഗത പുലര്‍ത്തുന്നു. വിദ്യാഭ്യാസം, ശാസ്ത്രം, കല, ചരിത്രം തുടങ്ങി എല്ലാ മേഖലകളിലും സംഘ്പരിവാര്‍ ഇടപെടുന്നു. പാഠ്യ പദ്ധതികള്‍ ആര്‍ എസ് എസ് അജന്‍ഡ അനുസരിച്ച് മാറ്റുകയും തിരുത്തുകയും ചെയ്യുന്നു. “മതേതരത്വം” ഭരണഘടനയുടെ ആമുഖത്ത്‌നിന്ന് നീക്കം ചെയ്യാനുള്ള ആസൂത്രിതമായ നീക്കം നടക്കുന്നു. ബുദ്ധിജീവികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ആക്രമിക്കുന്നു. മാട്ടിറച്ചി വീട്ടില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നാരോപിച്ചുകൊണ്ട് ദാദ്രിയിലെ മുഹമ്മദ് അഖ്‌ലഖിനെ കൊലപ്പെടുത്തി. ഹാമില്‍പൂരില്‍ ദളിത് വൃദ്ധനെ കോടാലികൊണ്ട് വെട്ടിയും മണ്ണെണ്ണ ഒഴിച്ച് കത്തിച്ചും കൊന്നു. ഹരിയാനയിലെ ഫരീദാബാദില്‍ ഉറങ്ങിക്കിടന്ന രണ്ട് ദളിത് ബാലന്മാരെ പെട്രോളൊഴിച്ച് തീ കത്തിച്ച് ക്രൂരമായി കൊലപ്പെടുത്തി. ആ കുട്ടികളെ പട്ടികളോട് ഉപമിച്ച കേന്ദ്രമന്ത്രി വി കെ സിംഗിന്റെ നടപടി എല്ലാവരെയും ഞെട്ടിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2014 ഒക്ടോബറിന് ശേഷം ഒരു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായത് 630 വര്‍ഗീയ സംഘര്‍ഷങ്ങളാണ്. 86 പേരാണിതില്‍ കൊല്ലപ്പെട്ടത്. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ ബഹുസ്വരത, സഹിഷ്ണുത എന്നിവ കൈവിടാന്‍ അനുവദിക്കരുതെന്ന് രാഷ്ട്രപതിക്ക് നിരവധി തവണ പറയേണ്ടി വന്നു. ലോകപ്രശസ്ത ഗസ്സല്‍ ഗായകന്‍ ഗുലാം അലിയെ പാടുന്നതില്‍ നിന്നു തടഞ്ഞു. ഭരത്പട്‌നാക്കര്‍, പ്രൊഫ. കെ എസ് ഭഗവാന്‍, ഗിരീഷ് കര്‍ണാട് തുടങ്ങിയവരെ ഭീഷണിപ്പെടുത്തി. അസഹിഷ്ണുതക്കെതിരെ പ്രസ്താവനകള്‍ നടത്തിയ ആമീര്‍ഖാന്‍, ഷാറൂഖ് ഖാന്‍ എന്നിവരെ ഭീഷണിപ്പെടുത്തി.
ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ വര്‍ഗീയ ഫാസിസത്തെയും അസഹിഷ്ണുതയെയും നേരിടാന്‍ കഴിയുന്ന ദേശീയ തലത്തില്‍ വേരോട്ടമുള്ള ജനാധിപത്യ മതേതര പ്രസ്ഥാനം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മാത്രമാണ്. സംഘപരിവാര്‍, മോദി, അമിത് ഷാ കൂട്ടുകെട്ടിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തേണ്ട സന്ദര്‍ഭത്തില്‍ സി പി എം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍, കോണ്‍ഗ്രസ് മഹാസഖ്യത്തെ എതിര്‍ത്തുകൊണ്ട് ജനാധിപത്യ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ പ്രത്യേക മുന്നണിയായിട്ടാണ് ബീഹാറില്‍ മല്‍സരിച്ചത്. അന്ധമായ കോണ്‍ഗ്രസ് വിരോധം മൂലം വര്‍ഗീയ ഫാസിസത്തെ പിന്തുണക്കുക എന്നത് സി പി എമ്മിന്റെ എക്കാലത്തെയും നയമാണ്. ഗുജറാത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. മധ്യപ്രദേശിലും ജാര്‍ഖണ്ഡിലും ഉപതെരഞ്ഞെടുപ്പുകളില്‍ ബി ജെ പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് വിജയം നേടി. അസഹിഷ്ണുതയും വെറുപ്പും വിദ്വേഷവും ജീവിത ശൈലിയാക്കിയ ബി ജെ പി ഭരണത്തിനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര ശക്തികള്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു.
മോദി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളോടും പ്രതിപക്ഷ സര്‍ക്കാറുകളോടും കാട്ടുന്ന അസഹിഷ്ണുതയെയും പ്രതികാര രാഷ്ട്രീയവും ജനാധിപത്യ വിരുദ്ധമാണ്. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും നാഷനല്‍ ഹെറാള്‍ഡ് കേസില്‍ പെടുത്തി ജയിലിലടക്കാനുള്ള ഗൂഢമായ തീരുമാനങ്ങള്‍ കൈക്കൊണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഭരണഘടനാവിരുദ്ധമാണ്. മകളുടെ വിവാഹദിനത്തില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെ വീട്ടില്‍ സി ബി ഐ റെയ്ഡ് നടത്തി. അദ്ദേഹത്തെയും കുടുംബത്തെയും അപമാനിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസ് സീല്‍ ചെയ്ത ശേഷം സി ബി ഐ നടത്തിയ റെയ്ഡ് രാഷ്ട്രീയ പക പോക്കലാണ്.
കേന്ദ്ര ഭരണത്തിന്റെ കീഴില്‍ റബ്ബര്‍, നാളികേരം, ഏലം കര്‍ഷകര്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുന്നു. റബ്ബര്‍ വില സര്‍വകാല റെക്കോര്‍ഡ് തകര്‍ച്ചയെ നേരിടുന്നു. ഇറക്കുമതി നിര്‍ത്തിവെച്ച് കര്‍ഷകരുടെ ജീവല്‍ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണം. നാളികേരത്തിന്റെ വിലയിടിവ് പരിഹരിക്കാന്‍ പാമോയിലിന്റെ ഇറക്കുമതി നിയന്ത്രണവിധേയമാക്കുന്നതിനൊപ്പം താങ്ങുവില വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. കേന്ദ്ര സര്‍ക്കാറും സ്‌പൈസസ് ബോര്‍ഡും ഏലത്തിന്റെ വിലയിടിവ് പരിഹരിച്ച് വില ആയിരത്തിലെത്തിക്കാന്‍ നടപടിയുണ്ടാകണം. യു പി എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ 70, 000 കോടി രൂപയാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനായി വിനിയോഗിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മെയ് 27ന് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വില 104. 78 ഡോളറായിരുന്നു. ഇപ്പോഴത് 34. 53 ഡോളറായി ചുരുങ്ങി. എന്നിട്ടും വിലകുറക്കാന്‍ തയ്യാറാകാത്തതിനു പുറമേ എക്‌സൈസ് തീരുവ പല തവണ വര്‍ധിപ്പിക്കുകയും ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വിലയെ ഗണ്യമായി സ്വാധീനിക്കുന്ന ഇന്ധനവില കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മോദി സര്‍ക്കാര്‍ ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ അഴിമതിയുടെ പേരില്‍ മുഖം നഷ്ടമായിരിക്കുന്നു. കേന്ദ്രമന്ത്രിമാരും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരും അഴിമതി ആരോപണങ്ങളെ നേരിടുകയാണ്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ച ബി ജെ പി എം പി കീര്‍ത്തി ആസാദിനെ സസ്‌പെന്റു ചെയ്തതിലൂടെ അഴിമതിക്കാരുടെ സംരക്ഷകനായി പ്രധാനമന്ത്രി മാറിയിരിക്കുന്നു.
യു ഡി എഫ് സര്‍ക്കാര്‍ വികസന രംഗത്തും ജനക്ഷേമത്തിലും അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിച്ചത്. കൊച്ചി സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം എന്നീ വന്‍കിട പദ്ധതികള്‍ 2016-ല്‍ പൂര്‍ത്തീകരിക്കുമ്പോള്‍ കേരളജനതയുടെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാവുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. ഒട്ടും വൈകാതെ തിരുവനന്തപുരത്തും, കോഴിക്കോട്ടും ലൈറ്റ് മെട്രോയുടെ നിര്‍മാണം ആരംഭിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരുന്നു.
സാമൂഹിക ക്ഷേമം ലക്ഷ്യമാക്കി 10 വര്‍ഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുന്നതിന്റെ ഭാഗമായി 5 സ്റ്റാറിന് താഴെയുള്ള 730 ബാറുകള്‍ അടച്ചുപൂട്ടിയ നടപടി ഗുണപരമായ മാറ്റം ഉണ്ടാക്കി. മദ്യ ഉപഭോഗത്തില്‍ 20. 27 ശതമാനം കുറവ് വന്നു. വിദേശമദ്യ വില്‍പ്പനയില്‍ 2014 ഏപ്രില്‍ മുതല്‍ 2015 സെപ്തംബര്‍ വരെയുള്ളകാലയളവില്‍ 5,37,24,258 ലിറ്ററിന്റെ കുറവുണ്ടായി.
സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം അംഗീകരിച്ച സുപ്രീം കോടതി വിധി ചരിത്രപ്രധാനവും, സാമൂഹികാന്തരീക്ഷം ശക്തിപ്പെടുത്തുന്നതുമാണ്. ജനരക്ഷാ യാത്രക്ക് കൂടുതല്‍ ആത്മവിശ്വാസവും കരുത്തും സുപ്രീം കോടതി വിധി പ്രദാനം ചെയ്യും. . ഓപ്പറേഷന്‍ കുബേരയിലൂടെയും ഓപ്പറേഷന്‍ സുരക്ഷയിലൂടെയും ചൂഷണവിധേയരായ പാവപ്പെട്ടവരെയും അക്രമഭീഷണികൊണ്ട് ബുദ്ധിമുട്ടുന്നവരെയും സംരക്ഷിച്ചു. സംസ്ഥാനത്ത് പുതിയ നാല് മെഡിക്കല്‍ കോളജുകള്‍ കൂടി ആരംഭിച്ചു. രാജ്യത്ത് ആദ്യമായി പട്ടികജാതി പട്ടിക വര്‍ഗ വകുപ്പിന്റെ കീഴില്‍ ഒരു മെഡിക്കല്‍ കോളജ് പാലക്കാട് സ്ഥാപിച്ചു. പത്തനാപുരം കുര്യാട്ട് മലയില്‍ എയ്ഡഡ് മേഖലയില്‍ അയ്യങ്കാളി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കെ പി എം എസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഭരണരംഗത്ത് ജനകീയ വിപ്ലവമായി മാറി. ജനങ്ങള്‍ ഹൃദയത്തിലേറ്റിയ പരിപാടിയെ ലോകത്തിലെ ഏറ്റവും വലിയ പൊതുജനപ്രശ്‌നപരിഹാര പരിപാടിയെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചു.
ശ്രീനാരായണഗുരു അനുഗ്രഹിച്ച നവോത്ഥാന പ്രസ്ഥാനമായ എസ് എന്‍ ഡി പി .യോഗത്തെ സംഘപരിവാറുകള്‍ക്ക് അടിയറ വെക്കാനുള്ള നീക്കം നടക്കുന്നു. വര്‍ഗീയധ്രുവീകരണം ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബി ജെ പിയും കൂട്ടരും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടത് ജനാധിപത്യ മതേതര വിശ്വാസികളുടെയും കടമയാണ്. വെള്ളാപ്പള്ളി നടേശന്‍ ആര്‍ എസ് എസ് നിര്‍ദ്ദേശപ്രകാരം നടത്തിയ സമത്വമുന്നേറ്റയാത്രക്കൊടുവില്‍ പ്രഖ്യാപിച്ച ഭാരത്ധര്‍മ്മജനസേന പാര്‍ട്ടി ആര്‍ എസ് എസ് അജന്‍ഡയുടെ ഭാഗമാണ്. രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തില്‍ അത് വേരുപിടിക്കില്ല.
സോളാര്‍ കേസില്‍ ഇടതുപക്ഷം വസ്തുതകള്‍ക്കു നിരക്കാത്ത കാര്യങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനായി മുഖ്യമന്ത്രിക്കും മറ്റുമെതിരെ ഉപയോഗപ്പെടുത്തിയതു വഴി രാഷ്ട്രീയ ധാര്‍മിക തകര്‍ച്ചക്കാണ് വഴിവെച്ചത്. കൊടും കുറ്റവാളിയുടെ വാക്കുകള്‍ വിശ്വസിച്ച് അമളി പറ്റിയ ഇടതുപക്ഷത്തിന് പിന്നീട് അതില്‍ നിന്നു പിന്തിരിയേണ്ട അവസ്തയാണുണ്ടായത്. ടി പി ചന്ദ്രശേഖരന്റെ ക്രൂരമായ വധത്തിനുശേഷം ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട സി പി എം അക്രമരാഷ്ട്രീയത്തെ കൈവിട്ടിട്ടില്ല എന്നതിന്റെ സൂചനയാണ് പാനൂരിലുണ്ടായ ബോംബ് സ്‌ഫോടനം.
ജനരക്ഷാ യാത്രയില്‍ മേല്‍വിവരിച്ച കാര്യങ്ങളുടെ ചര്‍ച്ചയും വിശദീകരണവും ഉണ്ടാകും. ജനപക്ഷ യാത്രയിലെ മുദ്രാവാക്യങ്ങളായ മതേതര കേരളം, അക്രമരഹിത കേരളം, ലഹരി മുക്ത കേരളം, വികസിത കേരളം എന്നീ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള തുടര്‍ ശ്രമങ്ങളും ഇതോടൊപ്പം തന്നെ നടത്തും.

Latest