സമാധാന ചര്‍ച്ചയെ ബാധിക്കരുത്

Posted on: January 4, 2016 4:58 am | Last updated: January 3, 2016 at 11:07 pm
SHARE

നരേന്ദ്ര മോദി- നവാസ് ശരീഫ് കൂടിക്കാഴ്ചയെത്തുടര്‍ന്ന് ഇന്ത്യാ-പാക് ബന്ധത്തില്‍ പുതിയൊരു പുലരി കാത്തിരിക്കുന്നവരെ ആശങ്കാകുലരാക്കുന്നതാണ് വടക്കന്‍ പഞ്ചാബിലെ പത്താന്‍കോട്ടിലുള്ള വ്യോമസേനാ താവളത്തില്‍ നടന്ന ഭീകരാക്രമണം. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള നരോത്ത് ജയ്മല്‍ സിംഗ് മേഖലയിലാണ് ശനിയാഴ്ച പുലര്‍ച്ചെ സൈനികരുടെ വേഷത്തിലെത്തിയ സംഘം ആക്രമണം നടത്തിയത്. പോലീസ് സുപ്രണ്ടിന്റെ വാഹനം തട്ടിയെടുത്താണ് ഭീകരര്‍ വ്യോമസേനാ കേന്ദ്രത്തിലെത്തിയത്. വ്യോമസേനാ താവളത്തിലുണ്ടായിരുന്ന മിഗ്-21, മിഗ്25 പോര്‍ വിമാനങ്ങള്‍ തകര്‍ക്കുയായിരുന്നു ലക്ഷ്യമെന്നാണ് കരുതുന്നത്. സൈനിക കേന്ദ്രത്തിലേക്ക് എത്തുന്നതിനു മുമ്പേ ഭീകരരെ തടായാന്‍ കഴിഞ്ഞതിനാല്‍ യുദ്ധവിമാനങ്ങളും ആയുധ ശേഖരങ്ങളും സുരക്ഷിതമാണെന്നു സൈന്യം അറിയിക്കുകയുണ്ടായി. പഞ്ചാബ് അതിര്‍ത്തിയില്‍ തന്നെ ആറ് മാസം മുമ്പ് സൈനികവേഷത്തില്‍ ആയുധവുമായെത്തിയ ഭീകരരുടെ സംഘം ഓടിക്കൊണ്ടിരിക്കുന്ന ബസിനും ദിനാനഗര്‍ പോലീസ് സ്‌റ്റേഷനും നേരെ വെടിയുതിര്‍ക്കുകയും ആറ് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഒരാഴ്ച മുമ്പാണ് അഫ്ഗാന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങവെ പ്രധാനമന്ത്രി നയതന്ത്ര കേന്ദ്രങ്ങളെ അമ്പരിപ്പിച്ചുകൊണ്ട് അവിചാരിതമായി ലാഹോറില്‍ ഇറങ്ങിയതും നവാസ് ശരീഫുമായി കൂടക്കാഴ്ച നടത്തിയതും. ഇതിന്റെ തുടര്‍ച്ചയായി സമാധാന ചര്‍ച്ച പുനഃരാരംഭിക്കാനും ചര്‍ച്ചക്ക് മുന്നോടിയായി ഈ മാസം 15ന് വിദേശകാര്യ സെക്രട്ടറി തല കൂടിക്കാഴ്ചക്കും ഇരു രാഷ്ട്രങ്ങളും തീരുമാനിച്ചതാണ്. പത്താന്‍ കോട്ട് ആക്രമണത്തിന്റെ സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ചയും സമാധാന ചര്‍ച്ചയും വഴിമുട്ടുമോ എന്ന ആശങ്കയിലാണ് സമാധാന കാംക്ഷികള്‍.
തര്‍ക്കങ്ങള്‍ പരമാവധി പരിഹരിച്ചും വിട്ടുവീഴ്ച ചെയ്തും ഇന്ത്യയും പാക്കിസ്ഥാനും നല്ല അയല്‍ക്കാരായി തീരണമെന്നാഗ്രഹിക്കുന്നവരാണ് ഇരു രാജ്യങ്ങളിലെയും ജനങ്ങളെങ്കിലും സമാധാനം പുലരരുതെന്ന ദുഷ്ട ബുദ്ധിക്കാരുമുണ്ട് അതിര്‍ത്തിക്കിരുപുറത്തും. സാംസ്‌കാരികമായ ബന്ധങ്ങളെ പോലും ഇവര്‍ ഇഷ്ടപ്പെടുന്നില്ല. ~ഒക്‌ടോബറില്‍ നടക്കേണ്ടിയിരുന്ന പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ ഡല്‍ഹി പരിപാടി ഉപേക്ഷിക്കേണ്ടി വന്നതും പാക് അമ്പയര്‍ അലിംദറിനെ ഐ സി സി പിന്‍വലിച്ചതും പാക് കമന്റേറ്റര്‍മാരും മുന്‍ ക്രിക്കറ്റ് താരങ്ങളുമായ വസീം അക്രമിനും ശുഐബ് അക്തറിനും മുംബയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യാ-ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു പാകിസ്ഥാനിലേക്ക് മടങ്ങേണ്ടി വന്നതും വര്‍ഗീയ ഫാസിസ്റ്റുകളുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നല്ലോ. ഇന്ത്യാ-പാക് പരമ്പരക്ക് വേണ്ടിയുള്ള ബി സി സി ഐ- പി സി ബി ചര്‍ച്ചകളും ഇക്കാരണത്താല്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടാനൊരുങ്ങുമ്പോഴെല്ലാം ഏത് വിധേനയെങ്കിലും അത് തകര്‍ക്കാനും ഇവര്‍ ശ്രമിക്കുന്നു. പലപ്പോഴും അതിര്‍ത്തിയില്‍ വെടിപൊട്ടലും ഭീകരാക്രമണങ്ങളും ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഉണ്ടാകാറ്. ആഭ്യന്തര രംഗത്ത് ഇപ്പോഴത്തെ സര്‍ക്കാറിന്റെ പ്രകടനം മെച്ചമല്ലെങ്കിലും ഇന്ത്യാ, ചൈനാ ബന്ധവും ഇന്ത്യാ, പാക് ബന്ധവും കൂടുതല്‍ ഊഷ്മളമാക്കി അന്താരാഷ്ട്ര തലത്തില്‍ നല്ലൊരു പ്രതിച്ഛായ നേടിയെടുക്കണമെന്ന താത്പര്യം മോദിക്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. ആകസ്മികമായ അദ്ദേഹത്തിന്റെ പാക് സന്ദര്‍ശനവും നവാസ് ശരീഫുമായുള്ള സൗഹൃദവും അന്താരാഷ്ട്രതലത്തില്‍ പ്രശംസിക്കപ്പെട്ടിട്ടുമുണ്ട്. നടേപറഞ്ഞ കറുത്ത ശക്തികള്‍ക്ക് പക്ഷേ ഇത് ദഹിക്കില്ല. ഇരുകൂട്ടരെയും അടുക്കാനനുവദിക്കാത്ത രാഷ്ട്രാന്തരീയ ശക്തികളുമുണ്ട്. അദ്ദേഹത്തിന്റെ സമാധാന ശ്രമങ്ങളെ പൊളിക്കാന്‍ എല്ലാ തന്ത്രങ്ങളും അവര്‍ പ്രയോഗിക്കും. പത്താംകോട് ആക്രമണം ഇതിന്റെ ഭാഗമെന്ന സംശയം പ്രസക്തമാണ്.
സമാധാന നീക്കങ്ങള്‍ക്ക് ഇത് വിലങ്ങു തടിയാകാതിരിക്കാന്‍ ഇരു ഭരണകൂടങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. സര്‍ക്കാറിനകത്ത് തന്നെ മോദിയുടെ പാക് സന്ദര്‍ശനവും അനുബന്ധ നീക്കങ്ങളും ഇഷ്ടപ്പെടാത്തവരുണ്ട്. ഭീകരാക്രമണവും ചര്‍ച്ചയും ഒന്നിച്ചു പോകില്ലെന്ന പ്രഖ്യാപനത്തിലൂടെ തങ്ങളുടെ നയം അവര്‍ വ്യക്തമാക്കിയതുമാണ്. എന്നാല്‍ ഭീകരാക്രമണങ്ങള്‍ പലപ്പോഴും പാക് ഭരണകൂടത്തിന്റെ അറിവോടെയല്ല നടക്കാറുള്ളത്. അതിര്‍ത്തിയില്‍ സമാധാനം സംജാതമായാല്‍ അത് സൈന്യത്തിന്റെ ആധിപത്യത്തിന് മങ്ങലേല്‍ക്കുമെന്ന് വിശ്വസിക്കുന്നവര്‍ സൈനിക നേതൃത്വത്തില്‍ തന്നെ ഉണ്ടെന്നത് രഹസ്യമല്ല. അതിര്‍ത്തിയില്‍ എപ്പോഴും സംഘര്‍ഷം കത്തിനില്‍ക്കണമെന്നാണവരുടെ താത്പര്യം. പത്താന്‍കോട് വ്യോമ സൈനിക കേന്ദ്രത്തിലെ വെടിവെപ്പുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും സര്‍ക്കാറേതര കേന്ദ്രങ്ങളാണ് ഇതിന് പിന്നിലെന്നും പാക് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചു തെളിവ് ലഭിക്കാത്ത കാലത്തോളം ആ വാക്കുകള്‍ മുഖവിലക്കെടുത്ത് സമാധാന നീക്കങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാനുള്ള ഉറച്ച തീരൂമാനാണ് മോദി സര്‍ക്കാര്‍ എടുക്കേണ്ടത്. അതിര്‍ത്തിയിലും അതിര്‍ത്തി കടന്നുള്ളതുമായ എല്ലാ ആക്രമങ്ങണളെയും സര്‍ക്കാറിന്റെ അക്കൗണ്ടില്‍ കൊള്ളിച്ചു അതിന്റെ പേരില്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്ന് പിന്തിരിയുന്നത് വിവേകശൂന്യമാണ്. അയല്‍പക്ക ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ പരമാവധി വിട്ടുവീഴ്ച നടത്തുന്ന മോദിയില്‍ നിന്ന് അത്തരമൊരു സമീപനമുണ്ടാകില്ലെന്നാണ് പ്രതീക്ഷ.