ഓഹരികള്‍ നേട്ടത്തില്‍ തുടരുന്നു; രൂപയുടെ മൂല്യം മെച്ചപ്പെട്ടു

Posted on: January 3, 2016 11:41 pm | Last updated: January 3, 2016 at 11:41 pm

share marketആഭ്യന്തര വിദേശ ഫണ്ടുകള്‍ ബ്ലൂചിപ്പ് ഓഹരികള്‍ സ്വന്തമാക്കാന്‍ നടത്തിയ മത്സരം ഇന്ത്യന്‍ മാര്‍ക്കറ്റിന് തുടര്‍ച്ചയായ മൂന്നാം വാരത്തിലും നേട്ടം സമ്മാനിച്ചു. വിദേശ മാര്‍ക്കറ്റുകള്‍ പലതും ഹോളി ഡേ മൂഡിലായിരുന്നെങ്കിലും ഒരു വിഭാഗം വിദേശ ഓപറേറ്റര്‍മാര്‍ നമ്മുടെ വിപണിക്ക് ശക്തമായ പിന്‍തുണ നല്‍കി.
വിനിമയ വിപണിയിലേക്കുള്ള ഡോളര്‍ പ്രവാഹം രൂപക്കും നേട്ടമായി. ബോംബെ സൂചിക പോയ വാരം 312 പോയിന്റ്ും നിഫ്റ്റി 102 പോയിന്റെും വര്‍ധിച്ചു. പിന്നിട്ട മൂന്നാഴ്ചകള്‍ ബോംബെ സൂചിക 1116 പോയിന്റും നിഫ്റ്റി 352 പോയിന്റും— കയറി.
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ ഡിസംബര്‍ സീരിസ് സെറ്റില്‍മെന്റ് മുന്‍ നിര്‍ത്തി ഊഹക്കച്ചവടക്കാര്‍ ഷോട്ട് കവറിംഗിന് മത്സരിച്ചത് കുതിച്ചു ചാട്ടത്തിന് വേഗത പകര്‍ന്നു. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഈ വാരം രംഗത്ത് സജീവമാകും. മുന്‍ നിരയിലെ 30 ഓഹരികളില്‍ 21 എണ്ണത്തിന്റെ നിരക്ക് പോയവാരം കയറി. പവര്‍, റിയാലിറ്റി, ബേങ്കിംഗ്, എഫ് എം സി ജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മസ്യുട്ടിക്കല്‍ —ഓഹരി വിലകള്‍ ഉയര്‍ന്നു.
അഞ്ച് ശതമാനം നേട്ടമാണ് ടാറ്റാ മോട്ടേഴ്‌സ് സ്വന്തമാക്കിയത്. കോള്‍ ഇന്ത്യ, ഡോ. റെഡീസ്, സണ്‍ ഫാര്‍മ, ലുപിന്‍, ഐ റ്റി സി, എയര്‍ടെല്‍, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബേങ്ക്, ഐ സി ഐ സി ഐ ബേങ്ക്, ഒ എന്‍ ജി സി തുടങ്ങിയ ഓഹരികള്‍ മുന്നേറി. ടാറ്റാ സ്റ്റീല്‍, ബി എച്ച് ഇ എല്‍ എന്നിവ തളര്‍ച്ചയിലാണ്.
പിന്നിട്ടവാരം ബി എസ് ഇ യില്‍ 13,281 കോടി രൂപയുടെയും എന്‍ എസ് ഇ യില്‍ 75,637 കോടി രൂപയുടെയും വിപണി കഴിഞ്ഞ വാരം നടന്നു. വിദേശ ഓപ്പറേറ്റര്‍മാര്‍ 1967 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു.
ബോംബെ സൂചിക 25,856 ല്‍ നിന്ന് 26,000 പ്രതിരോധം മറികടന്ന് 26,197 വരെ കയറി. വാരാവസാനം സെന്‍സെക്‌സ് 26,160 ലാണ്. നിഫ്റ്റി താഴ്ന്ന നിലവാരമായ 7885 ല്‍ നിന്ന് 7971 വരെ ഉയര്‍ന്ന ശേഷം വാരാന്ത്യം സൂചിക 7963ലാണ്. നിഫ്റ്റിക്ക് ഈ വാരം 7994-8080 റേഞ്ചില്‍ തടസ്സവും 7908-7822 ല്‍ താങ്ങുമുണ്ട്.— സൂചികയുടെ മറ്റ് സാങ്കേതിക വശങ്ങള്‍ വിലയിരുത്തിയാല്‍ പി- എസ് ഏ ആര്‍, എം ഏ സി ഡി, ആര്‍ എസ് ഐ- 14 എന്നിവ ബുള്ളിഷാണ്.
കഴിഞ്ഞ മൂന്ന് ആഴ്ചകളിലെ വിദേശ നിക്ഷേപം വിനിമയ വിപണിയില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 75 പൈസ മെച്ചപ്പെടുത്തി. വാരാന്ത്യം രൂപയുടെ മൂല്യം 66.20 റേഞ്ചിലാണ്. ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാര്‍ ഡോളറില്‍ പിടിമുറുക്കിയിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ ക്രൂഡ് ഓയില്‍ ബാരലിന് 37 ഡോളറിലും സ്വര്‍ണം ഔണ്‍സിന് 1060 ഡോളറിലാണ്.