സ്വര്‍ണ വില ഇടിയുന്നു; കുരുമുളക് വില തകര്‍ച്ചയില്‍

Posted on: January 3, 2016 11:39 pm | Last updated: January 3, 2016 at 11:39 pm
SHARE

MARKETകൊച്ചി: നാളികേരോത്പന്ന വിപണിയിലെ തളര്‍ച്ച വിട്ടുമാറിയില്ല.— ഡിസംബറില്‍ വെളിച്ചെണ്ണ വില ക്വിന്റലിന് 1000 രൂപ ഇടിഞ്ഞത് മില്ലുക്കാരെയും കൊപ്ര ഉത്പാദകരെയും സമ്മര്‍ദത്തിലാക്കി. എണ്ണക്ക് പ്രദേശിക ആവശ്യം കുറവാണ്. തമിഴ്‌നാട്ടിലെ മില്ലുകാര്‍ സ്‌റ്റോക്ക് ഇറക്കാന്‍ തിടുക്കപ്പെട്ടത് വിപണിയെ തളര്‍ത്തി. തമിഴ്‌നാട്ടില്‍ 15 കിലോ വെളിച്ചെണ്ണ 1210 രൂപക്ക് വരെ വില്‍പ്പന നടത്താന്‍ മില്ലുകാര്‍ മത്സരിച്ചു. കൊച്ചിയില്‍ വെളിച്ചെണ്ണ ക്വിന്റലിന് 9000 രൂപയിലും കൊപ്ര 6140 രൂപയിലുമാണ്.
പുതിയ കുരുമുളക് വരവിന് മുമ്പായി സ്‌റ്റോക്കുള്ള പഴയ ചരക്ക് വിപണിയില്‍ ഇറക്കാന്‍ ഒരു വിഭാഗം നടത്തിയ നീക്കം കണ്ട് വാങ്ങലുകാര്‍ തന്ത്രപരമായി രംഗത്ത് നിന്ന് അകന്നു. വാങ്ങല്‍ താല്‍പര്യം ചുരുങ്ങിയത് മൂലം രണ്ടാഴ്ച്ചക്കിടയില്‍ ഉത്പന്ന വില 4000 രൂപ ഇടിഞ്ഞു. ആഗോള വിപണിയില്‍ മലബാര്‍ മുളക് വില ടണ്ണിന് 10,200 ഡോളറാണ്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കഴിയുന്നതോടെ ബയ്യര്‍മാര്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ സജീവമാക്കും. രൂപയുടെ വിനിമയ നിരക്കിലെ ചലനങ്ങളും വരും മാസങ്ങളില്‍ മുളകിന്റെ ലഭ്യത മെച്ചപ്പെടുമെന്നതും കണക്കിലെടുത്ത് എക്‌സ്‌പോര്‍ട്ടര്‍മാര്‍ താഴ്ന്ന നിരക്കിലെ ക്വട്ടേഷനുകള്‍ ഇറക്കാന്‍ ഇടയുണ്ട്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 62,500 രൂപയിലാണ്.
ടയര്‍ കമ്പനികള്‍ റബ്ബര്‍ സംഭരിക്കാന്‍ വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് ആഗോള റബ്ബര്‍ ഉത്പാദകര്‍. വിദേശത്തും ആഭ്യന്തര മാര്‍ക്കറ്റിലും ഷീറ്റിന് ആവശ്യം കുറഞ്ഞത് പിന്നിട്ട വര്‍ഷം വില തകര്‍ച്ച രൂക്ഷമാക്കി.— ആഗോള വിപണിയില്‍ 2015 ല്‍ റബ്ബര്‍ വില 25 ശതമാനം ഇടിഞ്ഞു. ഇന്ത്യന്‍ വില ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരം ദര്‍ശിച്ചു. കൊച്ചി, കോട്ടയം മലബാര്‍ മേഖലകളിലെ വിപണികളില്‍ ലഭ്യത ഗണ്യമായി ചുരുങ്ങിയിട്ടും വില ഉയര്‍ന്നില്ല. വാരാവസാനം കൊച്ചിയില്‍ നാലാം ഗ്രേഡ് റബ്ബര്‍ 10,250 രൂപയിലും അഞ്ചാം ഗ്രേഡ് 10,000 രൂപയിലുമാണ്.
അറബ് രാജ്യങ്ങളില്‍ നിന്ന് ചുക്കിന് പുതിയ ഓര്‍ഡറുകള്‍ എത്തുമെന്ന നിഗമനത്തിലാണ് കയറ്റുമതിക്കാര്‍. വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചുക്കിന് ഡിമാന്‍ഡ് മങ്ങിയത് ഉത്പന്ന വിലയെ തളര്‍ത്തി. വിവിധയിനം ചുക്ക് 17,500-19,000 രൂപയിലാണ്. സ്വര്‍ണ വില താഴ്ന്നു. പവന്റെ വില 19,080 രൂപയില്‍ നിന്ന് 18,840 രൂപയായി. ഒരു ഗ്രാമിന്റെ വില 2355 രൂപ. ലണ്ടനില്‍ ഒരൗണ്‍സ് സ്വര്‍ണം 1076 ഡോളറില്‍ നിന്ന് 1061 ഡോളറായി.