ഉമാ പ്രേമന് ഇരട്ട പുരസ്‌കാരം; പ്രവാസലോകം ആഹ്ലാദത്തില്‍

Posted on: January 3, 2016 6:38 pm | Last updated: January 3, 2016 at 6:38 pm
SHARE

Mrs.-Uma-Preman2ദുബൈ: ജീവകാരുണ്യ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ മൂലം അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ നൂറ് വനിതകള്‍ക്ക് കേന്ദ്ര വനിതാ ശിശു ക്ഷേമ വികസന കാര്യവകുപ്പ് ഏര്‍പെടുത്തിയ ഗ്ലോബലൈസിംഗ് ഇന്ത്യ അവാര്‍ഡിനും ആരോഗ്യ സാമൂഹിക രംഗങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ചവര്‍ക്ക് കേരള സംസ്ഥാന സര്‍ക്കാറിന്റെ സാമൂഹിക ക്ഷേമ വകുപ്പ് ഏര്‍പെടുത്തിയ വനിതാരത്‌ന പുരസ്‌കാരമായ അക്കമ്മ ചെറിയാന്‍ അവാര്‍ഡിനും അര്‍ഹയായ ഉമാ പ്രേമന് പ്രവാസലോകത്തിന്റെ അഭിനന്ദനങ്ങള്‍. പ്രവാസി സമൂഹത്തിന്റെ സഹായത്തോടെയാണ് ഉമാപ്രേമന്റെ ജീവകാരുണ്യപദ്ധതികള്‍.
അസുഖ ബാധിതരായ നിര്‍ധനരെ സംരക്ഷിക്കുന്ന, തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ കോട്ടപ്പടി ശാന്തിമെഡിക്കല്‍ സെന്റര്‍ ഡയറക്ടറാണ് ഉമാ പ്രേമന്‍. അട്ടപ്പാടിയിലെ തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത ആദിവാസികള്‍ക്കും ഗുരുവായൂരില്‍ ‘നടതള്ള’പ്പെടുന്ന അമ്മമാര്‍ക്കുമായി ഗുരുവായൂരില്‍ ദാനമായി ലഭിച്ച 32 സെന്റ് സ്ഥലത്ത് സുമനസ്സുകളായ പ്രവാസി സമൂഹത്തിന്റെ സഹായത്തോടെ ശാന്തിഭവനം ഉമാ പ്രേമന്റെ നേതൃത്വത്തില്‍ പണിയുന്നുണ്ട്.
കൂടാതെ അട്ടപ്പാടി ഊരുകളിലെ 21 ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അവരുടെ വിദ്യാലയങ്ങളോട് ചേര്‍ന്നു ശൗച്യാലയം, വൈദ്യുതി, ബ്ലാക്ക് ബോര്‍ഡ്, യൂണിഫോം, പ്രഭാത ഭക്ഷണം എന്നിവ ലഭ്യമാക്കുന്ന പദ്ധതിയും പ്രവാസി സമൂഹമാണ് ഉമാ പ്രേമനോടൊപ്പം ഏറ്റെടുത്ത് നടത്തിവരുന്നത്.
കോടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയോട് ചേര്‍ന്ന് പോഷകാഹാരം ലഭിക്കാത്തതിനാല്‍ നടക്കുന്ന ശിശുമരണം തടയുന്നതിനായി ഗര്‍ഭിണികളായ ആദിവാസി സ്ത്രീകളെ പരിരക്ഷിക്കുന്നതിനുള്‍പെടെ ആദിവാസികള്‍ക്ക് മാത്രമായുള്ള ഉമാ പ്രേമന്റെ റിഹാബിലിറ്റേഷന്‍ ഡയഗ്‌നോസിസ് സെന്റര്‍ പദ്ധതികളുടെ മുഖ്യ ചാലക ശക്തിയും പ്രവാസി സമൂഹം തന്നെ.
അട്ടപ്പാടിയില്‍, ജീവിത പ്രാരാബ്ധങ്ങളാല്‍ പഠനം പാതിവഴിക്ക് നിര്‍ത്തേണ്ടിവരുന്ന ആദിവാസി യുവാക്കളെ സ്വയംതൊഴിലിനു പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മാണം പുരോഗമിക്കുന്ന ഐ ടി ഐ സെന്ററിന്റെ സഹകാരികളും ഉമാ പ്രേമന്റെ പ്രവാസി സുഹൃത്തുക്കള്‍ തന്നെയാണ്.
മറ്റുള്ളവര്‍ക്ക് രക്തം നല്‍കാന്‍ പോലും പേടിക്കുന്നവര്‍ക്ക് സ്വന്തം അനുഭവത്തിലൂടെ അവയവദാനത്തിന്റെ മഹത്വം പറഞ്ഞ് ബോധവത്കരിച്ച് 640ല്‍പരം ആളുകള്‍ക്ക് ഉമാ പ്രേമന്‍ പ്രവാസി സമൂഹത്തിന്റെ സഹായത്തോടെ വൃക്ക മാറ്റിവെക്കലിന് സൗകര്യമൊരുക്കിയിരുന്നു. പ്രവാസി മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടില്‍ എഴുതിയ ഉമാ പ്രേമന്റെ ആത്മകഥാപരമായ നോവല്‍ ‘നിലാച്ചോറ്’ പ്രവാസി സാഹിത്യലോകത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇക്കഴിഞ്ഞ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായി ഈ നോവല്‍ മാറിയത് ഇതിന് മികച്ച ഉദാഹരണമാണ്.
ജീവകാരുണ്യ ആരോഗ്യ രംഗങ്ങളില്‍ ഉമാ പ്രേമനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രവാസി സമൂഹത്തിന് ലഭിച്ച അംഗീകാരമായിട്ടും തങ്ങളുടെ പുതുവത്സര ആഘോഷത്തിനുള്ള ഇരട്ടിമധുരമായുമാണ് പുരസ്‌കാര ലബ്ധിയെ പ്രവാസലോകം കാണുന്നത്.
രാഷ്ട്രപതി ഭവനിലെ സെറിമണിയല്‍ ഹാളില്‍വെച്ച് ജനുവരി 22ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അവാര്‍ഡ് വിതരണം ചെയ്യും. അവാര്‍ഡ് ജേതാക്കള്‍ക്കായി രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ മദ്ധ്യാഹ്ന ഭക്ഷണ വിരുന്ന് ഒരുക്കുന്നുണ്ട്. കേന്ദ്ര വനിതാ ശിശു ക്ഷേമകാര്യ വികസനവകുപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്കായി ഏര്‍പെടുത്തിയ വോട്ടെടുപ്പിലാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
പ്രശസ്തി പത്രവും മൂന്നു ലക്ഷം രൂപയും അടങ്ങുന്ന വനിതാരത്‌നം അവാര്‍ഡ് ഫെബ്രുവരി അവസാന വാരം തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കും. മന്ത്രി എം കെ മുനീര്‍, സാമൂഹികനീതി വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, വനിതാ വികസന കോര്‍പറേഷന്‍ അധ്യക്ഷ, വനിതാ കമ്മീഷന്‍ അധ്യക്ഷ എന്നിവരടങ്ങിയ സമിതി അംഗങ്ങളാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here