പത്താന്‍കോട്ട്: ആറ് ഭീകരരേയും സൈന്യം വധിച്ചു

Posted on: January 3, 2016 5:18 pm | Last updated: January 3, 2016 at 11:31 pm
SHARE

 

pathankotന്യൂഡല്‍ഹി: പഞ്ചാബ് പത്താന്‍കോട്ടിലെ വ്യോമത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസം നടന്ന ഏറ്റുമുട്ടലിനിടെ മലയാളിയായ എന്‍ എസ് ജി കമാന്‍ഡോ ഉള്‍പ്പെടെ നാല് സൈനികര്‍ കൂടി മരിച്ചു. വ്യോമത്താവളത്തില്‍ ഒളിച്ചിരുന്ന രണ്ട് ഭീകരരെ കീഴടക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്നലെ നാല് സൈനികര്‍ക്ക് കൂടി ജീവത്യാഗം ചെയ്യേണ്ടി വന്നത്. ഇതോടെ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം ഏഴായി. പ്രതിരോധ സുരക്ഷാ സേനയിലെ രണ്ട് ഉദ്യോഗസ്ഥരും വ്യോമസേന, എന്‍ എസ് ജി കമാന്‍ഡോകളുമാണ് കൊല്ലപ്പെട്ടത്. അവസാനത്തെ ഭീകരനെയും വധിച്ചുവെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇന്നലെ തിരച്ചിലിനിടെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരനുള്‍പ്പെടെ ആറ് പേരെ സൈന്യം വധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആക്രമണത്തില്‍ ഇരുപത് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാലക്കാട് സ്വദേശിയായ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറാണ് വ്യോമത്താവളത്തില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മലയാളി.
കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തിലുണ്ടായിരുന്ന ഗ്രനേഡ് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറിച്ചാണ് എന്‍ എസ് ജി ബോംബ് സ്‌ക്വാഡിലെ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഏഴ് സൈനികര്‍ വീരമൃത്യുവരിച്ചതായും ഇരുപത് പേര്‍ക്ക് പരുക്കേറ്റതായും കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി അറിയിച്ചു.
മണ്ണാര്‍ക്കാട് കരിമ്പുഴ പഞ്ചായത്ത് എലമ്പുലാശ്ശേരി കളരിക്കല്‍ തറവാട്ടിലെ അംഗമാണ് നിരഞ്ജന്‍ കുമാര്‍. ഭാരത് ഹെവി ഇലക്ട്രിക് ലിമിറ്റഡ് ജീവനക്കാരനായിരുന്ന കളരിക്കല്‍ ശിവരാജന്റെയും പരേതയായ രാജേശ്വരിയുടെയും മകനാണ്. ബെംഗളൂരു ജാലഹള്ളിയില്‍ സ്ഥിരതാമസക്കാരാണ് ശിവരാജനും കുടുംബവും. ഡോ. കെ ജി രാധികയാണ് ഭാര്യ. ഒന്നര വയസ്സുകാരിയായ വിസ്മയയാണ് ഏക മകള്‍. ഇന്നലെ രാത്രി എട്ട് മണിയോടെ ഡല്‍ഹിയിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെത്തിക്കും. വൈകുന്നേരത്തോടെ എലമ്പുലാശ്ശേരിയിലെത്തിച്ച് കെ എ യു പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തറവാട്ടുവളപ്പില്‍ സംസ്‌കരിക്കും.
ഭീകരാക്രമണമുണ്ടായ പത്താന്‍ കോട്ടിലെ വ്യോമത്താവള പരിസരത്ത് ഇന്നലെ നടത്തിയ തിരച്ചിലിലാണ് കൊല്ലപ്പെട്ട കൂടുതല്‍ സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പരിശോധനയില്‍ സ്‌ഫോടക വസ്തുക്കളുടെ വന്‍ ശേഖരവും കണ്ടെടുത്തു. ഭീകരരില്‍ അഞ്ച് പേരെ കഴിഞ്ഞ ദിവസം സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതോടെ വ്യോമസേനാ താവളത്തില്‍ കടന്ന ആറ് ഭീകരരെയും സൈന്യം വധിച്ചു. ഇവരുടെ ചിത്രങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. കൂടുതല്‍ ഭീകരരുണ്ടെന്ന വിലയിരുത്തലില്‍ ഇന്നലെ രാവിലെ തിരച്ചില്‍ പുനരാരംഭിച്ച സൈന്യത്തിന് നേരെ ഉച്ചയോടെയാണ് വീണ്ടും വെടിവെപ്പുണ്ടായത്. തുടര്‍ന്ന് ഭീകരര്‍ തങ്ങിയ കെട്ടിടം വളഞ്ഞ് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരനെ വധിച്ചത്. ഇയാളെ ജീവനോടെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു സൈന്യം.
കൊല്ലപ്പെട്ട സൈനികരില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവായ സുബേദാര്‍ മേജര്‍ ഫത്തേ സിംഗും ഉള്‍പ്പെട്ടിരുന്നു. ഷൂട്ടിംഗില്‍ സ്വര്‍ണവും വെള്ളിയും നേടിയ സുബേദാര്‍ മേജര്‍ ഫത്തേ സിംഗ് മുന്‍ അന്താരാഷ്ട്ര റൈഫിള്‍ ഷൂട്ടര്‍ താരമായിരുന്നു. ദോഗ്ര റജിമെന്റില്‍ നിന്ന് വിരമിച്ച ശേഷം ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് അംഗമായിരുന്നു 51 കാരനായ ഫത്തേ സിംഗ്. 1995ല്‍ ഡല്‍ഹിയില്‍ നടന്ന ആദ്യ കോമണ്‍വെല്‍ത്ത് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് സ്വര്‍ണവും വെള്ളിയും നേടിയത്.
ഇതിനിടെ ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ഏറ്റെടുത്തു. എന്‍ ഐ എയുടെ എട്ടംഗ സംഘം വ്യോമസേന കേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തി.
ആക്രമണത്തില്‍ പാക് ചാരസംഘടനയായ ഐ എസ് ഐ യുടെ പങ്ക് വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ വെച്ച് ഐ എസ് ഐ ആസൂത്രണം ചെയ്ത ആക്രമണം ജെയ്‌ഷെ മുഹമ്മദ് നടപ്പിലാക്കി എന്നാണ് പ്രാഥമിക നിഗമനം. ഭീകരവാദികള്‍ക്ക് ഇന്ത്യയില്‍ നിന്ന് സഹായം ലഭിച്ചതായി വ്യക്തമായി തെളിവ് ലഭിച്ചിട്ടില്ല.
ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റിലായ മലയാളിയും വ്യോമസേനയിലെ മുന്‍ ഉദ്യോഗസ്ഥനുമായ കെ കെ രഞ്ജിത്തിന് ആക്രണത്തില്‍ പങ്കുണ്ടോ എന്നത് പരിശോധിച്ചുവരികയാണ്. അതിര്‍ത്തി കടന്ന് ഭീകരര്‍ ഇന്ത്യയിലെത്തിയ സാഹര്യത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ബി എസ് എഫില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതിര്‍ത്തിയിലെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന് പഞ്ചാബ് സര്‍ക്കാര്‍ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ബി എസ് എഫില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയത്. അതിനിടെ പാക്കിസ്ഥാനോട് സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുന്‍ നയതന്ത്ര വിദഗ്ധരുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കൂടിക്കാഴ്ച നടത്തി.