‘ഹരിത കോട്ടക്കുന്ന്’; ശിലാസ്ഥാപനം ഇന്ന്

Posted on: January 3, 2016 8:32 am | Last updated: January 3, 2016 at 8:32 am
SHARE

മലപ്പുറം: കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിനെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മാണം ഇന്ന് തുടങ്ങും. കോട്ടക്കുന്ന് മാസ്റ്റര്‍ പ്ലാനിന്റെ ആദ്യ ഘട്ടത്തിലുള്ള നിര്‍മാണമാണ് ഇന്ന് തുടങ്ങുന്നത്. രണ്ട് കോടി ചെലവില്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം കോട്ടക്കുന്നില്‍ രാവിലെ 8.30ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കും. പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷനാവും. നൂറ് കോടി ചെലവിലാണ് കോട്ടക്കുന്ന് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നത്. ആദ്യ പദ്ധതിയില്‍ സൈക്കിള്‍ ട്രാക്ക്, മിറാക്കിള്‍ ഗാര്‍ഡന്‍, നടപ്പാതയുടെ ഹരിതവത്കരണം, പാര്‍ട്ടി ഹാള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. മൂന്ന് മീറ്റര്‍ വീതിയുള്ള നടപ്പാതയുടെ പകുതിയോളം അര്‍ധ വൃത്താകൃതിയിലാണ് തണല്‍ വിരിക്കുന്നത്. വിവിധ ചെടികളാണ് ഇതിന് ഉപയോഗിക്കുക. കോട്ടക്കുന്നില്‍ നിന്നുള്ള കാഴ്ചക്ക് ഇത് തടസ്സമാവാത്ത രീതിയില്‍ 800 മീറ്ററോളം ചെടിയുണ്ടാവും. ജമന്തി, പോയന്‍സെറ്റി തുടങ്ങി 25 ഓളം വിവിധ ചെടികള്‍ മിറാക്കിള്‍ ഗാര്‍ഡനിലുണ്ടാവും. സ്റ്റീലില്‍ വിവിധ രൂപങ്ങള്‍ നിര്‍മിച്ച് പ്രത്യേക ചെടി ചട്ടികള്‍ ഉപയോഗിച്ചാവും ഗാര്‍ഡന്‍ നിര്‍മിക്കുക. ചെടികള്‍ പ്രത്യേക രീതിയില്‍ അലങ്കരിക്കുന്നത് ഗാര്‍ഡനെ കൂടുതല്‍ മനോഹരമാക്കും. 24 മണിക്കൂറും നനക്കുന്നതിനായി ഡ്രിപ് ഇറിഗേഷനും ഒരുക്കുന്നുണ്ട്. വിദേശ നിര്‍മിത മുചക്ര വാഹനമാണ് സൈക്കിള്‍ ട്രാക്കില്‍ ഉപയോഗിക്കുക. അഞ്ഞൂറ് പേര്‍ക്കിരിക്കാനുള്ള സൗകര്യത്തോടെയാണ് പാര്‍ട്ടി ഹാള്‍ നിര്‍മിക്കുന്നത്. ജില്ലയിലെ പഴയകാല കലാകാരന്‍മാര്‍ക്ക് സ്ഥിരം വേദിയൊരുക്കാനും പാര്‍ട്ടി ഹാള്‍ ഉപയോഗിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ സാംസ്‌കാരിക പരിപാടികളും ഇവിടെ നടത്തും. മുഴുവന്‍ പ്രവൃത്തികളും മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കും.സൈക്കിള്‍ ട്രാക്ക്, പാര്‍ട്ടി ഹാള്‍ എന്നിവ ഫെബ്രുവരി 25നകം സന്ദര്‍ശകര്‍ക്ക് തുറന്ന് നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here