കൊച്ചി മെട്രൊയുടെ ആദ്യ കോച്ചുകള്‍ കൈമാറി

Posted on: January 3, 2016 12:45 am | Last updated: January 3, 2016 at 12:45 am
SHARE

kochi-metro-കൊച്ചി: കൊച്ചി മെട്രൊയുടെ ആദ്യ കോച്ചുകള്‍ കൈമാറി. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയിലെ അല്‍സ്റ്റോം പ്ലാന്റില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു മെട്രൊയുടെ മൂന്ന് കോച്ചുകള്‍ കയറ്റിയ ട്രെയ്‌ലര്‍ ലോറികളുടെ യാത്ര ഫഌഗ് ഒഫ് ചെയ്തു. ഒമ്പത് മാസം കൊണ്ടാണ് കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായത്.
ഇന്ത്യയില്‍ നിര്‍മിച്ചതില്‍ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള കോച്ചുകളാണിവ. ട്രെയിലറുകളില്‍ റോഡ് മാര്‍ഗമാണ് കോച്ചുകള്‍ കേരളത്തിലെത്തിക്കുക. സേലം, കോയമ്പത്തൂര്‍ വഴിയാണ് ട്രക്കുകള്‍ സഞ്ചരിക്കുന്നത്. ഇതിന് പത്ത് ദിവസം വേണ്ടിവരും. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി രാത്രി സമയങ്ങളിലാകും ട്രെയിലര്‍ ലോറികളുടെ യാത്ര. ചരക്ക് ഗതാഗത രംഗത്തെ പ്രമുഖ കമ്പനിയാണ് കോച്ചുകള്‍ എത്തിക്കുന്നത്. കൊച്ചിയില്‍ മുട്ടത്തുള്ള യാര്‍ഡില്‍ എത്തിച്ച ശേഷം കോച്ചുകള്‍ കൂട്ടി യോജിപ്പിക്കും. മൂന്ന് കോച്ചുകളിലായി 140 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. 22 മീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവുമാണ് കൊച്ചി മെട്രൊയുടെ ഒരു കോച്ചിനുള്ളത്.
ഇവിടെ എത്തിച്ച ശേഷമാണ് നിറം കൊച്ചിയുടെ നീലയാക്കി മാറ്റുക. ഒരു ട്രെയിനില്‍ മൂന്ന് കോച്ചുകളാകും ഉണ്ടാകുക. 975 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. ഗര്‍ഭിണികള്‍ക്ക് പ്രത്യേക സൗകര്യങ്ങളോടു കൂടിയ സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. 23ന് ടെസ്റ്റ് ട്രാക്കിലേക്ക് മാറ്റുന്ന മെട്രൊ ട്രെയിന്‍ ആദ്യ പരീക്ഷണ ഓട്ടം നടത്തും. പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫഌഗ് ഒഫ് ചെയ്യും. ആദ്യ ഓട്ടത്തിന് ശേഷമായിരിക്കും പാളത്തിലൂടെയുള്ള പരീക്ഷണം. അടുത്ത മാസം മുതല്‍ ആലുവ മുതല്‍ ഒരു കിലോമീറ്ററോളം ട്രാക്കിലൂടെ തുടര്‍ച്ചയായി പരീക്ഷണ ഓട്ടം നടത്തും.
കഴിഞ്ഞ മാര്‍ച്ച് 21 നാണ് കോച്ചുകളുടെ നിര്‍മാണം ആരംഭിച്ചത്. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായിട്ടാണ് ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം ഇന്ത്യയില്‍ കോച്ച് നിര്‍മാണം ആരംഭിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച നിര്‍മാണ സാമഗ്രികളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. 75 കോച്ചുകളാണ് 633 കോടി രൂപ ചെലവില്‍ കമ്പനി നിര്‍മിക്കുന്നത്. 35 വര്‍ഷം കോച്ചുകള്‍ ഈടുനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. നേരത്തെ ഡിസംബര്‍ പകുതിയോടെ ശ്രീസിറ്റിയില്‍ നിന്നുള്ള അല്‍സ്റ്റോമിന്റെ ഫാക്ടറിയില്‍ നിന്ന് മെട്രൊ കോച്ചുകള്‍ എത്തിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, മെട്രൊയുടെ സിവില്‍ ജോലികള്‍ തീരാനുള്ളതിനാല്‍ ഇത് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. ജൂണില്‍ മെട്രൊ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനാല്‍ മെട്രൊ കൂകിപ്പായുന്നത് കാണാന്‍ ഈവര്‍ഷം അവസാനം വരെ കാത്തിരിക്കേണ്ടിവരും.
ശ്രീസിറ്റിയിലെ അല്‍സ്റ്റോം പ്ലാന്റില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ വി തോമസ് എം പി, എം എല്‍ എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, കെ എം ആര്‍ എല്‍. എം ഡി ഏലിയാസ് ജോര്‍ജ്, ഡി എം ആര്‍ സി. എം ഡി മങ്കു സിംഗ്, ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍, അല്‍സ്റ്റോം ട്രാന്‍സ്‌പോര്‍ട്‌സ് ഇന്ത്യ എം ഡി ഭരത് സല്‍ഹോത്ര തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here