ട്വന്റി20: കേരളത്തിന് ജയം

Posted on: January 3, 2016 12:28 am | Last updated: January 3, 2016 at 12:28 am

24d26c4e-3b9c-40a3-8ac2-e55ec1aeae46കൊച്ചി: ഏഴാമത് സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് അഞ്ച് വിക്കറ്റ് വിജയം. കൊച്ചിയിലെ സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി കശ്മീരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടക്കം മുതല്‍ മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ കേരളാ ബോളര്‍മാര്‍ കശ്മീര്‍ ബാറ്റിങ് നിരയെ 126 റണ്‍സിന് വരിഞ്ഞുകെട്ടി. ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 127 റണ്‍സിന്റെ വിജയലക്ഷ്യം എട്ടു പന്തുകള്‍ ബാക്കി നില്‍ക്കെ കേരളം മറികടന്നു. ഇന്ന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ മല്‍സരം. റൈഫി രണ്ടും, സന്ദീപ് വാര്യര്‍, പ്രശാന്ത് പരമേശ്വരന്‍, ജഗദീഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ആദ്യ പന്തില്‍ത്തന്നെ ഓപ്പണര്‍ ജഗദീഷിനെ നഷ്ടമായി. പിന്നീട് അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഉപനായകന്‍ രോഹന്‍ പ്രേമും റൈഫിയും ചേര്‍ന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
വൈസ് ക്യാപ്റ്റന്‍ രോഹന്‍ പ്രേമിന്റെ അര്‍ധസെഞ്ചുറിയാണ് (54 പന്തില്‍ പുറത്താകാതെ 59, ആറു ബൗണ്ടറി, ഒരു സിക്‌സ്) കേരളത്തിന് വിജയം സമ്മാനിച്ചത്. റൈഫി വിന്‍സന്റ് ഗോമസ് 22 പന്തില്‍ 22 റണ്‍സ് നേടി പുറത്താകാതെ നിന്നു.
2013ല്‍ സെമി ഫൈനലില്‍ കടന്നതാണ് സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ഏറ്റവും മികച്ച പ്രകടനം. സ്‌കോര്‍: ജമ്മു കശ്മീര്‍ 20 ഓവറില്‍ ആറു വിക്കറ്റിന് 126. കേരളം 18.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 127. മുഹമ്മദ് അസ്ഹറുദ്ദീന്‍ (14), സച്ചിന്‍ ബേബി (13), എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ജഗദീഷ് (0), സഞ്ജു സാംസണ്‍ (4), വിനൂപ് മനോഹരന്‍ (1) എന്നിവര്‍ പെട്ടെന്ന് പുറത്തായി.
യുവരാജ് രണ്ട് റണ്‍സിന് പുറത്ത്; പഞ്ചാബിന് തോല്‍വി
മറ്റൊരു മല്‍സരത്തില്‍ പഞ്ചാബിനെ രാജസ്ഥാന്‍ തോല്‍പ്പിച്ചു.യുവരാജ് സിങ്ങ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളെല്ലാം നിറം മങ്ങിയതാണ് മല്‍സരത്തില്‍ പഞ്ചാബിന് തിരിച്ചടിയായത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് യുവരാജ് സിങ്ങ് ദേശീയ ട്വന്റി20 ടീമിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. നാലു വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം.
സ്‌കോര്‍: പഞ്ചാബ് 20 ഓവറില്‍ ആറു വിക്കറ്റിന് 130 (മന്‍ദീപ് സിങ് 52 പന്തില്‍ പുറത്താകാതെ 76, ഗുരീന്ദര്‍ സിങ് 28 പന്തില്‍ പുറത്താകാതെ 29), രാജസ്ഥാന്‍ 19.4 ഓവറില്‍ ആറു വിക്കറ്റിന് 133 (ആര്‍.കെ. ബിഷ്‌ണോയ് 32 പന്തില്‍ 58, യാഗ്‌നിക് 18 പന്തില്‍ 23. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി മന്‍ദീപ് സിങ് 52 പന്തില്‍ 76 റണ്‍സ് നേടി പുറത്താകാതെ നിന്നെങ്കിലും മറ്റു മുന്‍നിര താരങ്ങള്‍ക്കൊന്നും ഫോം കണ്ടെത്താനായില്ല. ആറാം വിക്കറ്റില്‍ മന്‍ദീപ് സിങ് ഗുരീന്ദര്‍ സിങ് സഖ്യം നേടിയ 78 റണ്‍സാണ് പഞ്ചാബ് സ്‌കോര്‍ 130ല്‍ എത്തിച്ചത്. ഗുരീന്ദര്‍ സിങ് 28 പന്തില്‍ 29 റണ്‍സ് നേടി പുറത്താകാതെ നിന്നു. യുവരാജ് രണ്ട് റണ്‍സ് നേടി പുറത്തായി.
7 ബൗണ്ടറികളും മൂന്നു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മന്‍ദീപിന്റെ ഇന്നിങ്‌സ്. രാജസ്ഥാനായി രജത് ഭാട്യ രണ്ട് വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ രണ്ട് പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടു. ആര്‍.കെ.ബിഷ്‌ണോയ് 32 പന്തില്‍ നേടിയ 58 റണ്‍സാണ് അവര്‍ക്ക് വിജയം സമ്മാനിച്ചത്.

സെവാഗ് മങ്ങി;
ഹരിയാനക്ക് വന്‍ തോല്‍വി
നാഗ്പുര്‍:സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലെ ആദ്യ മല്‍സരത്തില്‍ തമിഴ്‌നാട് ഹരിയാനയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹരിയാന 19.1 ഓവറില്‍ 113 റണ്‍സിന് ആള്‍ ഔട്ടായി. വീരേന്ദര്‍ സെവാഗ് മൂന്ന് റണ്‍സിന് പുറത്തായി. മറുപടിയില്‍ തമിഴ്‌നാട് 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
പേസ് ബൗളര്‍ ആന്റണി ദാസും സ്പിന്‍ ബൗളര്‍ എം. അശ്വിനും യഥാക്രമം നാലും മൂന്നും വിക്കറ്റെടുത്തത് ഹരിയാന ഇന്നിംഗ്‌സിന്റെ നട്ടെല്ലൊടിച്ചു.