പ്രവാചകരുടെ മതേതര മാതൃക എക്കാലവും പ്രസക്തം: എന്‍ അലി അബ്ദുല്ല

Posted on: January 3, 2016 12:25 am | Last updated: January 3, 2016 at 12:25 am
SHARE

കാസര്‍കോട്: എല്ലാ മതവിഭാഗങ്ങളും സൗഹൃദത്തടെ ജീവിക്കുന്നതിന് സാഹചര്യമൊരുക്കി മദീനയില്‍ ആദ്യ മതേതര ഭരണഘടനക്ക് രൂപം നല്‍കിയ പ്രവാചകര്‍ മുഹമ്മദ് നബിയുടെ മാതൃക ആധുനിക കാലഘട്ടത്തിലും ഏറെ പ്രസക്തമാണെന്ന് റീഡ് പ്രസ് ഡയറക്ടര്‍ എന്‍ അലി അബ്ദുല്ല അഭിപ്രായപ്പെട്ടു. സ്‌നേഹ റസൂല്‍ കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ കാസര്‍കോട് വ്യാപാരഭവനില്‍ ജില്ലാ എസ് വൈ എസ് സംഘടിപ്പിച്ച സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
സംഘര്‍ഷത്തിനു പകരം മാനവികതയുടെ സ്‌നേഹമന്ത്രം മുഴക്കിയ മനുഷ്യസ്‌നേഹിയായിരുന്നു പ്രവാചകര്‍. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്തുന്നതിന് പ്രവാചകര്‍ രൂപം നല്‍കിയ മദീനാ പ്രഖ്യാപനം ഇന്നും വിസ്മയപൂര്‍വമാണ് ലോകം ശ്രദ്ധിക്കുന്നത്. ലോകത്ത് ശക്തി പ്രാപിക്കുന്ന ഭീകര പ്രവണതക്കു പിന്നില്‍ മതവിശ്വാസികളല്ല. ആത്മീയതയുടെ മുഖംമൂടിയണിഞ്ഞ ചിലര്‍ സാമ്പത്തിക-രാഷ്ട്രീയ താത്പര്യങ്ങളോടെ ലോകത്ത് ഭീകരത വളര്‍ത്തുകയാണ്. ആയുധക്കച്ചവടം വരുമാനമാര്‍ഗമായി സ്വീകരിച്ച സാമ്രാജ്യത്വമാണ് ഇത്തരം ഭീകര ശക്തികളെ വളര്‍ത്തുന്നത് -അലി അബ്ദുല്ല അഭിപ്രായപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എസ് വൈ എസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹമീദ് മൗലവി ആലമ്പാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അശ്‌റഫ് സഅദി ആരിക്കാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, സയ്യിദ് ജലാലുദ്ദീന്‍ സഖാഫി, ചിത്താരി അബ്ദുല്ല ഹാജി, ഇത്തിഹാദ് മുഹമ്മദ് ഹാജി, അശ്‌റഫ് കരിപ്പൊടി, ബശീര്‍ പുളിക്കൂര്‍, ശാഫി സഅദി ഷിറിയ, സിദ്ദീഖ് പൂത്തപ്പലം, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, അഹ്മദ് മുസ്‌ലിയാര്‍ കുണിയ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വഗതവും വാഹിദ് സഖാഫി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here