Connect with us

Articles

ധനക്കമ്മി നികത്താന്‍ സൗജന്യങ്ങള്‍ക്ക് നിയന്ത്രണം

Published

|

Last Updated

ഗള്‍ഫിലെ ബജറ്റുകളെ അവലോകനം ചെയ്ത് റോയിട്ടേഴ്‌സ് നിരീക്ഷിക്കുന്നു: “ഗള്‍ഫ് നാടുകളില്‍ സൗജന്യങ്ങളുടെ ധാരാളിത്തകാലത്തിന് അറുതിയാകുകയാണ്”. അത്രമേല്‍ സൗജന്യങ്ങളും സഹായങ്ങളും ഗള്‍ഫ് നാടുകളില്‍ നിന്ന് പൗരന്മാരും ഇതര സമൂഹവും പറ്റിയിരിക്കുന്നു. നേരിട്ടുള്ള സബ്‌സിഡികളായും വിവിധ ദുരിത, പിന്നോക്ക പ്രദേശങ്ങളിലെ പുനരധിവാസ സഹായങ്ങളായും. എണ്ണ നല്‍കിയിരുന്ന പണത്തില്‍നിന്നും ഈ രാജ്യങ്ങള്‍ മതിയാവോളം മറ്റുള്ളവര്‍ക്ക് നല്‍കിയിരുന്നു എന്നു സാരം. സ്വദേശിയെന്നോ വിദേശിയെന്നോ നോക്കാതെ സൗജന്യം നല്‍കിയിരുന്ന സബ്‌സിഡിയിലാണ് ഇത്രനാള്‍ വെള്ളത്തേക്കാള്‍ കുറഞ്ഞ വിലക്ക് പെട്രോള്‍ വാങ്ങി ഉപയോഗിച്ചിരുന്നതെന്ന് മലയാളികള്‍ക്കൊക്കെ അറിയുമോ ആവോ.
ഖത്വര്‍ യൂനിവേഴ്‌സിറ്റിയിലെ മീഡിയ വിഭാഗം അസി. പ്രൊഫസര്‍ കഴിഞ്ഞ ദിവസം അല്‍ ശര്‍ഖ് അറബി പത്രത്തില്‍ എഴുതി: “ഞങ്ങള്‍ ഖത്വരികള്‍ യൂറോപ്പിലേക്കും അമേരിക്കയുള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കും പോകുമ്പോള്‍ അവിടെ ഞങ്ങള്‍ക്ക് നികുതി ചുമത്തുന്നു. വിവിധ സേവനങ്ങള്‍ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കുന്നു. അതവിടുത്തെ നിയമമാണ്. ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം ചെലവില്‍ ഈ രാജ്യങ്ങളില്‍ ചികിത്സക്കും വിദ്യാഭ്യാസത്തിനും പോകുമ്പോഴും വിവിധയിനത്തിലുള്ള സാമ്പത്തിക നികുതി ഒടുക്കേണ്ടി വരുന്നു. യാതൊരു ദയയും അനുകമ്പയും ഇല്ലാതെയാണ് ഞങ്ങളില്‍നിന്നും തീരുവകള്‍ ഈടാക്കുന്നത്. എന്നാല്‍ ഞങ്ങളുടെ നാട്ടില്‍ നോക്കൂ, എത്ര വിദേശികളാണ് ഇവിടെ വന്നു താമസിക്കുകയും ജോലി ചെയ്യുകയും വിനോദ സഞ്ചാരം നടത്തുകയും ചെയ്യുന്നത്. മേല്‍പറഞ്ഞ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്നുള്ളവരും അതിലുണ്ട്. എന്നാല്‍, ഇവര്‍ക്കൊന്നും ഏതെങ്കിലും തരത്തിലുള്ള നികുതിഭാരം വഹിക്കേണ്ടി വരുന്നില്ല. മാത്രമല്ല, വിവിധ സാമൂഹിക, ആരോഗ്യ, വിനോദ അവസരങ്ങള്‍ ഞങ്ങള്‍ ഒരുക്കുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സാമൂഹിക സുരക്ഷയും നല്‍കുന്നു. ചിലപ്പോഴൊക്കെ സ്വന്തം നാടുകളില്‍നിന്നു ലഭിക്കാത്തത്ര ജീവിതനിലവാരവും സൗകര്യവും ഉറപ്പു വരുത്തുന്നു”. ഇത്രയും പറഞ്ഞ് വിദേശികള്‍ക്കു ഖത്വര്‍ നല്‍കുന്ന സൗജന്യങ്ങളുടെ ഒരു പട്ടികയും അദ്ദേഹം വിവരിക്കുന്നുണ്ട്.
ഇനി റോയിട്ടേഴ്‌സ് നിരീക്ഷണത്തിലേക്കു മടങ്ങിയാല്‍, അഥവാ സാമൂഹിക സൗജന്യങ്ങളുടെ ധാരാളത്തത്തിന്റെ കാലം അവസാനിക്കുന്നു എന്നതു ശരിയായാല്‍, ഗള്‍ഫില്‍ ജീവിക്കുന്ന വിദേശികള്‍ക്ക് ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമാകേണ്ടി വരും. ഇതൊരു പീഡനമോ ഭാരമോ ആയി വിലയിരുത്തുന്നത് മണ്ടത്തരവും അഹങ്കാരവുമാണ്. പകരം ഇത്രയും നാള്‍ നാം അറിയുക പോലും ചെയ്യാതെ ഉപയോഗിച്ചു വന്ന സൗജന്യങ്ങള്‍ ഇല്ലാതാകുന്നു എന്ന തിരിച്ചറിവാണ് ഗള്‍ഫ് ബജറ്റുകളെ രാഷ്ട്രങ്ങളുടെ നിലനില്‍പ്പിനുവേണ്ടിയുള്ള വസന്തമായി അഥവാ പോസിറ്റീവായി സമീപിക്കുന്നതിനു വേണ്ട ഉള്ളടക്കം.
യു എ ഇ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഈ വര്‍ഷം അവതരിപ്പിച്ചിട്ടുള്ളത് കമ്മി ബജറ്റുകളാണ്. സഊദിയില്‍ 367 ബില്യന്‍ റിയാലിന്റെതാണ് (97.6 ബില്യന്‍ ഡോളര്‍) കമ്മി. ഇതു ചെറിയ നിരക്കല്ല. താരതമ്യേന ചെറിയ രാജ്യമായ ഖത്വറില്‍ 46.5 ബില്യന്‍ റിയാലാണ് കമ്മി (12.77 ബില്യന്‍ ഡോളര്‍). ഒമാന്‍ 3.3 ബില്യന്‍ ഒമാന്‍ റിയാലിന്റെ (8.57 ബില്യന്‍ ഡോളര്‍) കമ്മി രേഖപ്പെടുത്തുന്നു. ബഹ്‌റൈനില്‍ 2016ലേക്കു വേണ്ടി നേരത്തെ അവതരിപ്പിച്ച ബജറ്റില്‍ 1.505 ബില്യന്‍ ദിനാറാണ് കമ്മി (3.99 ബില്യന്‍ ഡോളര്‍). മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യങ്ങളിലെ ബജറ്റ് ചെലവ് നന്നായി കുറഞ്ഞിട്ടുണ്ട്. എന്നിട്ടും കമ്മി ഉയര്‍ന്നു എന്നതാണ് ഗള്‍ഫ് ധനത്തില്‍ എണ്ണ സൃഷ്ടിച്ച ആഘാതം വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി നീക്കിവെക്കുന്ന തുകകളില്‍ നീക്കുപോക്കുണ്ടാക്കില്ല എന്നു ഗവണ്‍മെന്റുകള്‍ പറയുമ്പോഴും പുതിയ പദ്ധതികളെയെങ്കിലും അതു ബാധിക്കുമെന്നാണ് നിരീക്ഷണങ്ങള്‍. സഊദിയിലും ഖത്വറിലും യു എ ഇയിലും നടന്നു വരുന്ന റെയില്‍ പദ്ധതികളും ഖത്വറിലെ ലോകകപ്പ് 2022നു വേണ്ടിയുള്ള തയ്യാറെടുപ്പുകളും തടസ്സമില്ലാതെ മുന്നോട്ടു പോകുമെന്ന് സര്‍ക്കാറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സൗജന്യങ്ങള്‍ കുറക്കുക എന്നതാണ് ഗള്‍ഫ് ഗവണ്‍മെന്റുകള്‍ പൊതുവായി മുന്നോട്ടുവെച്ചിട്ടുള്ള ആശയം. ഇതിന്റെകൂടി ഭാഗമായാണ് എണ്ണ വില ഉയര്‍ത്തിയത്. സഊദി അറേബ്യയില്‍ ബജറ്റ് പ്രഖ്യാപനം വന്ന ദിവസം തന്നെ എണ്ണവില ഇരട്ടിയോളമായി ഉയര്‍ന്നു. ഒമാനില്‍ ഈ മാസം 15 മുതല്‍ എണ്ണവില കൂടും. സബ്‌സിഡികള്‍ ഇല്ലാതാകുന്നത് എണ്ണയില്‍ മാത്രമായിരിക്കില്ല, വെള്ളം, വൈദ്യുതി, ഗ്യാസ്, ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവയിലെല്ലാം ഉണ്ടാകും. ഇത് ഫലത്തില്‍ നിത്യജീവിത്തിന്റെ ചെലവ് ഉയര്‍ത്തും. പ്രവാസികള്‍ക്കാണ് അധികച്ചെലവിന്റെ അസഹ്യത കൂടുതലായുണ്ടാകുക. ഇതുവരെ പറ്റിവന്ന സൗജന്യങ്ങള്‍ ഇല്ലാതാകുന്നതിലെ വ്യഥകൂടിയാണത്. നിത്യജീവിതം ദുസ്സഹമാകുന്ന രീതിയില്‍ ഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് സര്‍ക്കാറുകള്‍ ആവര്‍ത്തിക്കുന്നുണ്ട്. എങ്കില്‍ പോലും ചെലവുയര്‍ച്ചയുടെ ഭാരം വഹിക്കാന്‍ പ്രവാസികള്‍ സന്നദ്ധരാകേണ്ടി വരും.
സഊദി അറേബ്യയിലെ സാമ്പത്തിക നിയന്ത്രണങ്ങളും എണ്ണവില വര്‍ധനയും മുന്നോട്ടുവെക്കുന്ന ധനഭരണം മറ്റു ഗള്‍ഫ് നാടുകളിലേക്കും അതുപോലെ പകര്‍ത്തപ്പെടുമെന്നാണ് രാജ്യാന്തര നിരീക്ഷകര്‍ പറയുന്നത്. ഗള്‍ഫിലെ സഊദിയുടെ രാഷ്ട്രീയ നേതൃത്വമാണ് അതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. “സഊദിയില്‍ വന്ന പരിഷ്‌കാരങ്ങള്‍ തിരിച്ചടികളുണ്ടാക്കിയില്ലെങ്കില്‍ തീര്‍ച്ചയായും അത് ഗള്‍ഫ് ഗവണ്‍മെന്റുകള്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ പ്രോത്സാഹനമാകുമെന്നും സമാനമായ മാറ്റങ്ങള്‍ക്ക് അത് പ്രേരണ നല്‍കു”മെന്നും യു എസ് റൈസ് യൂനിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്റിസ്റ്റ് ക്രിസ്റ്റ്യന്‍ ക്വോട്‌സ് അള്‍റിച്ച്‌സന്‍ പറയുന്നു.
എന്നാല്‍ സഊദിക്കും മുമ്പേ സാമ്പത്തിക പുനഃക്രമീകരണങ്ങള്‍ക്ക് കൊച്ചു ഗള്‍ഫ് രാജ്യങ്ങള്‍ സന്നദ്ധമായതും ശ്രദ്ധേയമാണ്. ആഗോള വിപണിയിലെ നിരക്കു താഴ്ചക്കനുസരിച്ച് എണ്ണവില കൂട്ടാന്‍ യു എ ഇ സന്നദ്ധമായി. ബഹ്‌റൈനില്‍ ചിക്കനും ബീഫിനുമാണ് ഒക്‌ടോബര്‍ മുതല്‍ വില ഇരട്ടിച്ചത്. സബ്‌സിഡി ഒഴിവാക്കിയതായിരുന്നു കാരണം. എണ്ണയെയോ ഏതെങ്കിലും ചില മേഖലയെയോ മാത്രമല്ല, നിത്യവും കഴിക്കുന്ന ഭക്ഷണത്തിലും കുടിവെള്ളത്തിലും വരെ സാമ്പത്തിക പുനരേകീകരണത്തിന്റെ സ്വാധീനം ഉണ്ടാകും എന്നത് ബഹ്‌റൈന്‍ നല്‍കുന്ന സൂചനയാണ്. അവിടെ ഇന്ധനവില ഉയര്‍ച്ചക്കു വഴിവെക്കുന്ന നടപടികള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ഘട്ടംഘട്ടമായി വിലവര്‍ധന പ്രാബല്യത്തില്‍ വരും.
ബഹ്‌റൈന്‍, കുവൈത്ത്, ഖത്വര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയെന്നാണ് സൂചനകള്‍. ഈ രാജ്യങ്ങളെല്ലാം സബ്‌സിഡി സംവിധാനം പരിഷ്‌കരിക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ഏതെല്ലാം മേഖലകളില്‍ എങ്ങനെ എന്നതു സംബന്ധിച്ച് വിശദീകരണങ്ങള്‍ വന്നിട്ടില്ല. അതേസമയം, മനുഷ്യരെ കാണാതെയല്ല പരിഷ്‌കാരങ്ങള്‍ എന്നതിന് സഊദി ഗവണ്‍മെന്റിന്റെ പ്രസ്താവന ഉദാഹരണമാണ്. ചെറുകിട, ഇടത്തരം വരുമാനക്കാരായ ജനങ്ങളുടെ ജീവിതാവസ്ഥകളെ പരിഗണിക്കാതെ സാമ്പത്തിക പരിഷ്‌കാരങ്ങളും സൗജന്യങ്ങളുടെ നിയന്ത്രണവും നടപ്പില്‍ വരുത്താന്‍ കഴിയില്ലെന്നായിരുന്നു അത്. എന്നാല്‍, പരിഷ്‌കാരങ്ങളുടെ ആദ്യപടി മാത്രമാണ് എണ്ണവില കൂട്ടല്‍ എന്ന് സഊദിയില്‍നിന്നു തന്നെയാണ് സൂചന വരുന്നത്. വെള്ളം, വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടെ മാറ്റങ്ങളുണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
സബ്‌സിഡികള്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ അത് വ്യക്തികളെയും സമൂഹങ്ങളെയും ബാധിക്കുന്നു എന്നു വരുമ്പോഴും ഗവണ്‍മെന്റുകള്‍ക്ക് ലഭിക്കുന്നത് പ്രതിസന്ധികളെ മറി കടക്കാനുള്ള വലിയ ആശ്വാസമാണ്. നിലനില്‍പ്പ് എന്ന മുഖ്യ പരിഗണനക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ അത് പ്രവാസികള്‍ക്കു പോലും പ്രതീക്ഷ നല്‍കേണ്ടതാണ്. എണ്ണവില പ്രതിസന്ധിയിടെ ആദ്യഘട്ടം മുതല്‍ തന്നെ ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് (ഐ എം എഫ്) സബ്‌സിഡികള്‍ ഒഴിവാക്കാന്‍ ഗള്‍ഫ് നാടുകള്‍ക്കു മേല്‍ കനത്ത സമ്മര്‍ദം നടത്തി വരികയായിരുന്നു. വൈകിയെങ്കിലും അത് യാഥാര്‍ഥ്യമാകുകയാണ്. സബ്‌സിഡി ഒഴിവാക്കുന്നതോട സഊദിക്കു ലഭിക്കാന്‍ പോകുന്നത് 107 ബില്യന്‍ ഡോളറാണ്. ഇതു ബജറ്റ് കമ്മിയെ മറികടക്കാന്‍ പോന്ന മിച്ചമാണ്. അഥവാ സൗജന്യങ്ങള്‍ കിഴിച്ചാല്‍ സഊദി സുരക്ഷിതമാകുമെന്ന് ചുരുക്കം. ബജറ്റ് വസന്തമാകുന്നതിലെ രസതന്ത്രം ഇതാണ്.
സഊദി ബജറ്റ് വന്നയുടന്‍ കുവൈത്ത് ധനവകുപ്പ് അണ്ടര്‍ സെക്രട്ടറി പറഞ്ഞത്, യുക്തിഭദ്രമായ സബ്‌സിഡി സംവിധാനം നിര്‍ദേശിക്കുന്ന കരട് ഭേദഗതി മന്ത്രിസഭക്കു മുന്നില്‍ വെക്കാന്‍ തയ്യാറായി എന്നാണ്. മൂന്നു വര്‍ഷത്തിനകം കുവൈത്തിന്റെ ബജറ്റ് കമ്മിയിലേക്ക് 6.2 ബില്യന്‍ ദിനാര്‍ (20.5 ബില്യന്‍ ഡോളര്‍) വകയിരുത്തുകയാണ് ലക്ഷ്യം. വര്‍ഷത്തില്‍ 16 ബില്യന്‍ ദിനാറാണ് രാജ്യത്ത് സബ്‌സിഡിയിനത്തില്‍ ചെലവിടുന്നത്. “യാഥാര്‍ഥ്യബോധത്തോടുകൂടിയുള്ള ചെലവു ചെയ്യല്‍” എന്നാണ് ഖത്വര്‍ ഭരണകൂടം ബജറ്റിനു നല്‍കുന്ന ആമുഖം. കരുതല്‍ പാലിച്ചാല്‍ മാത്രമേ നിലനില്‍പ്പുള്ളൂ എന്നതാണ് ബജറ്റുകള്‍ നല്‍കുന്ന പാഠം. അഥവാ പ്രവാസി മലയാളികള്‍ക്ക് വേണ്ടതും അതാണ്. തലമുറകള്‍ക്ക് വേണ്ടി ഈ ഗള്‍ഫ് നാടുകള്‍ നിലനില്‍ക്കണം.