Connect with us

National

കമ്മ്യൂണിസ്റ്റ് ഐക്യത്തിന് വാദിച്ച നേതാവ്

Published

|

Last Updated

ന്യൂഡല്‍ഹി: എ ബി ബര്‍ദന്റെ വിയോഗത്തിലൂടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു യുഗത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സാമൂഹിക മേഖലയിലേക്കിറങ്ങി അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങളുയര്‍ത്തി പൊതുജീവിതം തുടങ്ങിയ ബര്‍ദന്‍ കമ്മ്യൂണിസം ജീവിത ചര്യയാക്കിയ നേതാവായിരുന്നു.
രാജ്യത്ത് അധഃസ്ഥിത വിഭാഗത്തിനൊപ്പം ഒരു പുരുഷായുസ്സ് ചെലവഴിച്ച ഇദ്ദേഹം കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ ഡാങ്കേയിസ്റ്റുകള്‍ക്ക് എതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ്. രാജ്യത്തെ അടിസ്ഥാന വര്‍ഗത്തിന്റെ ആശയും ആശ്രയവുമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പില്‍ കലാശിച്ച ഭിന്നതയില്‍ വിഭാഗീയതക്കെതിരായ നിലപാട് സ്വീകരിച്ചു കൊണ്ടുതന്നെ സംഘടനക്കൊപ്പം നിലയുറപ്പിക്കുന്നതോടൊപ്പം തന്നെ ഇന്ത്യന്‍ കമ്മ്യൂണിസത്തെ ബാധിച്ച ഡാങ്കേയിസത്തിനെതിനെ അകത്ത് നിന്ന് പൊരുതാന്‍ ധൈര്യം കാണിച്ച നേതാവായിരുന്നു. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം ഏറ്റെടുത്തപ്പോഴും രാജ്യം കാതോര്‍ക്കുന്ന ഇടതു പുനരേകീകരണത്തിന് ശക്തിയായി നിലകൊണ്ട കമ്മ്യൂണിസ്റ്റ് നേതാവ് കൂടിയാണ്.
ഇടതു ചിന്തക്ക് ഊടുംപാവും നല്‍കിയ ഒരു ഉത്തമ കമ്മ്യൂണിസ്റ്റുകാരന്റെ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട സംഭവബഹുലവും സമരതീവ്രവുമായ ജീവിതത്തിന് തിരശ്ശീല വീഴുമ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസത്തിന് നികത്താനാകാത്ത വിടവാണ് അത് സൃഷ്ടിക്കുന്നത്. കമ്യൂണിസ്റ്റ് പാരമ്പര്യവാദം മനസ്സില്‍ സൂക്ഷിച്ച് സി പി ഐ തന്നെയാണ് യഥാര്‍ഥ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് വിശ്വസിക്കുമ്പോള്‍ തന്നെ രാജ്യത്ത് ഇടത് ഐക്യത്തിനായി വീറോടെ വാദിച്ച മറ്റൊരു നേതാവിനെ കാണാനാകില്ല.
എന്നാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം ജനപിന്തുണയിലും മറ്റും സി പി ഐക്ക് മേല്‍ക്കൈ നഷ്ടപ്പെട്ടത് അദ്ദേഹത്തില്‍ നിരാശ പടര്‍ത്തിയിരുന്നു. താന്‍ വിശ്വസിക്കുന്ന ആശയത്തിന് സര്‍വവും സമര്‍പ്പിക്കാന്‍ ഇത് അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. അണികളെ പിടിച്ചുനിര്‍ത്താന്‍ ആജ്ഞാശക്തിയുള്ള പൗരുഷം നിറഞ്ഞ ശബ്ദം ബര്‍ദാന്റെ പ്രത്യേകതയായിരുന്നു. നേതാവിന്റെ ജാഡയില്ലാതെ പ്രായത്തിനപ്പുറം കഴിവിനും ആത്മാര്‍ഥതക്കും പ്രാമുഖ്യം നല്‍കിയ അദ്ദേഹം 92ാം വയസ്സിലും കര്‍മനിരതനായിരുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം