Connect with us

National

ഉന്നത വിദ്യാഭ്യാസം സ്വകാര്യവത്കരിച്ച് തെലുഗു നാടുകള്‍ മുന്നില്‍

Published

|

Last Updated

ഹൈദരാബാദ്: രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വകാര്യ കോളജുകള്‍ ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്രാപ്രദേശും തെലങ്കാനയും മുന്നില്‍. സംസ്ഥാനത്ത് ആകെയുള്ള കോളജുകളില്‍ 83 ശതമാനവും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആന്ധ്രാപ്രദേശാണ് ഈ പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള തെലങ്കാനയിലാകട്ടെ 82 ശതമാനം കോളജുകളും സ്വകാര്യ മേഖലയിലാണ്. ഉന്നത വിദ്യാഭ്യസ മേഖലയില്‍ ഇരു തെലുഗു സംസ്ഥാനങ്ങളിലും സ്വകാര്യവത്കരണം വ്യാപകമായി നടക്കുകയാണ്. രാജ്യത്താകമാനമുള്ള കണക്ക് പരിശോധിച്ചാല്‍ 76 ശതമാനം കോളജുകളും സ്വകാര്യമേഖലയിലാണ്. അത് കണക്കാക്കുമ്പോള്‍ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ സ്വകാര്യവത്കരണം കൂടുതല്‍ വേഗത്തിലാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.
അതേസമയം, മിസോറാമിലാണ് വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യവത്കരണം ഏറ്റവും കുറച്ച് സ്വാധീനം ചെലുത്തിയിട്ടുള്ളത്. ഈ സംസ്ഥാനത്തില്‍ കേവലം മൂന്ന് ശതമാനം കോളജുകള്‍ മാത്രമാണ് സ്വകാര്യ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നത്. ബീഹാറിലാകട്ടെ ഈ കണക്ക് 10 ശതമാനമാണ്. സര്‍വേ കണക്കുകള്‍ പ്രകാരം ആകെ 143 സര്‍ക്കാര്‍ കോളജുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ 1,445 സ്വകാര്യ കോളജുകളാണുള്ളത്. ഇതില്‍ത്തന്നെ 1,336 എണ്ണവും അണ്‍ എയ്ഡഡ് സ്ഥാപനങ്ങളുമാണ്. തെലങ്കാനയില്‍ 145 സര്‍ക്കാര്‍ കോളജുകളുണ്ടെങ്കിലും സ്വകാര്യ കോളജുകളുടെ എണ്ണം 1223 വരും. ഇതില്‍ 1,135 എണ്ണവും അണ്‍ എയ്ഡഡ് കോളജുകളാണ്.
ഇരു സംസ്ഥാനങ്ങളിലും എയ്ഡഡ് കോളജുകളുടെ എണ്ണവും ചുരുങ്ങിവരികയാണ്. സ്വകാര്യ എയ്ഡഡ് കോളജുകള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കാത്തതും തസ്തിതകള്‍ക്ക് അംഗീകാരം നല്‍കാത്തതുമാണ് എയ്ഡഡ് കോളജുകളുടെ കുറവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സര്‍വേകള്‍ പ്രകാരം ആന്ധ്രാപ്രദേശില്‍ 8,86,741 വിദ്യാര്‍ഥികളാണ് ഉന്നത വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നത്. ഇതില്‍ 83,729 പേര്‍ മാത്രമാണ് സര്‍ക്കാര്‍ കോളജുകളില്‍ പഠിക്കുന്നത്. തെലങ്കാനയില്‍ 1,06,001 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഠിക്കുമ്പോള്‍ 7,39,057 പേര്‍ സ്വകാര്യ കോളജുകളില്‍ നിന്നാണ് വിദ്യാഭ്യാസം തേടുന്നത്.

---- facebook comment plugin here -----

Latest