Connect with us

Wayanad

ഗോത്ര പാരമ്പര്യത്തിന് നിറം പകര്‍ന്ന് സര്‍ഗോത്സവ വിളംബര ഘോഷയാത്ര

Published

|

Last Updated

കല്‍പ്പറ്റ: മണ്ണിനു വേണ്ടി ബ്രിട്ടീഷുകാരോട് പൊരുതി ജീവത്യാഗം ചെയ്ത പഴശിയുടേയും എടച്ചന കുങ്കന്റേയും ഓര്‍മ്മകള്‍ക്ക് ജീവന്‍ നല്‍കി ഗോത്രകലകളുടെ പാരമ്പര്യത്തിന് പുത്തന്‍ നിറം പകര്‍ന്ന് സര്‍ഗ്ഗോത്സവ വിളംബര ഘോഷയാത്ര ശ്രദ്ധേയമായി. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന മോഡല്‍ റെസിഡന്‍സ് സ്‌കൂളുകളിലെയും പ്രീ- മെട്രിക്ക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.
കമ്പളക്കാട് പെട്രോള്‍ പമ്പ് പരിസരത്തു നിന്നാരംഭിച്ച സാംസ്‌ക്കാരിക ഘോഷയാത്രയില്‍ അമ്പും വില്ലുമേന്തിയ പടയാളികളുടെ അകമ്പടിയില്‍ മണ്ണിന്റെ മക്കളായ പഴശിരാജയും തലക്കല്‍ ചന്തുവും ഇടച്ചന കുങ്കനും വേഷപ്പകര്‍ച്ചയിലെത്തിയത് വയനാടിന്റെ പോയ കാലത്തിന്റെ നല്ല ഓര്‍മ്മകളിലേക്കുള്ള തിരിച്ചു പോക്കായി. ആദിവാസി വിഭാഗക്കാരുടെ ആഘോഷങ്ങളെ ഉത്സവ ലഹരിയിലാക്കുന്ന തുടി വാദ്യവും യുവതലമുറയില്‍ നിന്ന് അന്യം നിന്നു പോകുന്ന ആദിവാസി നൃത്തവും ഘോഷയാത്രയ്ക്ക് ഗോത്ര പൈതൃകത്തിലേക്കുള്ള വെളിച്ചം വീശി. താളമേളത്തിന്റെ ഹരവും ആവേശവും കാഴ്ച്ചക്കാരിലേക്കും ഘോഷയാത്രയെ അനുഗമിക്കുന്നവരിലേക്കും എത്തിച്ച് ചെണ്ടമേളവും വിവിധ എം.ആര്‍.എസ്സുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ ബാന്റ് മേളവും സര്‍ഗ്ഗോത്സത്തിന്റെ യാത്രയുടെ ആഘോഷങ്ങള്‍ക്ക് മേളക്കൊഴുപ്പേകി. കേരളത്തിന്റെ മലബാര്‍ മേഖലയില്‍ ഏറെ പ്രശസ്തമായ കളരിപ്പയറ്റിന്റെ അഭ്യാസ മുറകളോട് സാമ്യമുള്ളതും താളാത്മകവുമായ കലാരൂപം കോല്‍ക്കളിയും ഘോഷയാത്രയ്ക്ക് പകിട്ടേകി. കേരളത്തിന്റെ സാംസ്‌ക്കാരിക പാരമ്പര്യത്തിന്റെ അടയാളമായ തെയ്യം, മേളയുടെ നിറങ്ങള്‍ക്ക് മാറ്റു കൂട്ടുന്നതിനായി അമ്മന്‍കുടം, പൂക്കാവടി, കാവടിയാട്ടം എന്നിവയും ഘോഷയാത്രയ്ക്ക് പിന്നില്‍ അണി നിരന്നു.
വിദ്യാഭ്യാസം വിമോചനത്തിന്റെ താക്കോലാണ് എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പ്ലോട്ട് മേളാനഗരിയിലെത്തിയവര്‍ക്കും കാണികള്‍ക്കും മുഖ്യാകര്‍ഷണമായി. ഗോത്ര ബാല്യങ്ങളുടെ വൈവിധ്യപൂര്‍ണ്ണവും വര്‍ണ്ണ ശഭളവുമായ കലാവിരുന്നിന് മുന്നോടിയായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്ക് സ്വയംപര്യാപ്തത ഉറപ്പു വരുത്തുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന കുടുംബശ്രീ യൂണിറ്റിന്റെയും എസ്.പി.സി വിദ്യാര്‍ത്ഥികളുടെയും അകമ്പടിയോടെയാണ് സാംസ്‌ക്കാരിക ഘോഷയാത്രയ്ക്ക് കണിയാമ്പറ്റ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സമാപനമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍, രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. ജനപങ്കാളിത്തം, അവതരണത്തിലെ പുതുമ, വൈവിധ്യം എന്നിവയാല്‍ ശ്രദ്ധേയമായ ഘോഷയാത്രയില്‍ ആയിരത്തോളം ആളുകളാണ് പങ്കെടുത്തത്.
കലാപരമായി മികവു പുലര്‍ത്തുന്ന പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ഗ്ഗോത്സവം സംഘടിപ്പിച്ചു വരുന്നത്. വകുപ്പിനു കീഴില്‍ വിവിധ ജില്ലകളിലായ പ്രവര്‍ത്തിക്കുന്ന 18 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിന്നും സംസ്ഥാനത്തെ 107 പ്രീ-മെട്രിക്ക് ഹോസ്റ്റലുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കലാകാര•ാരുമായി 1000ത്തോളം വിദ്യാര്‍ഥികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നത്. അഞ്ച് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ജനുവരി നാലിന് സര്‍ഗ്ഗോത്സവത്തിന് സമാപനമാകും.