സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ പിരിച്ചുവിടല്‍

Posted on: January 2, 2016 11:00 pm | Last updated: January 2, 2016 at 11:00 pm
SHARE

ദോഹ: സാമ്പത്തിക ചെലവു ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ പിരിച്ചു വിടല്‍. ധനമന്ത്രാലയത്തിനു കീഴില്‍ ഹൗസിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വന്ന പത്തു പേര്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചു. ഫയിലിംഗ് ഉള്‍പ്പെടെയുള്ള വിഭാഗത്തില്‍ ജോലി ചെയ്തു വന്നവര്‍ക്കാണ് നോട്ടീസ്. ഇവരില്‍ മലയാളികളുമുണ്ട്.
വിദ്യാഭ്യാസ വകുപ്പിലും മറ്റു സര്‍ക്കാര്‍ വിഭാഗങ്ങളിലും ലോവര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നുണ്ട്. ഇലക്‌ട്രോണിക്‌വത്കരണത്തിന്റെ ഭാഗമായി ഫയിലിംഗ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ ഒഴിവാക്കുന്നതും ജോലി നഷ്ടപ്പെടലിനു കാരണമാകുന്നു. ക്ലീനിംഗ്, ഓഫീസ് ബോയ്, മെസഞ്ചര്‍ പോലുള്ള തസ്തികള്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതും സ്ഥിരം ജീവനക്കാര്‍ക്ക് പ്രശ്‌നമാകുന്നു.
ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 വയസ്സിനു മുകളിലുള്ളവരെ ഒഴിവാക്കുന്നതായി സൂചനയുണ്ട്. പുതിയ ബജറ്റിന്റെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് നടപടികള്‍. പൊതുചെലവുകള്‍ കുറക്കുന്നതിന് ധനമന്ത്രാലയം വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പ്രവര്‍ത്തിച്ചു വന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് കഴിഞ്ഞയാഴ്ചയാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്.
സിദ്‌റ ആശുപത്രിയില്‍നിന്നും പിരിച്ചുവിടല്‍ വാര്‍ത്ത വന്നിരുന്നു. റാസ്ഗ്യാസ്, ഖത്വര്‍ പെട്രോളിയം തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നും ജീവനക്കാരെ ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here