Connect with us

Gulf

പോലീസിനും സിവില്‍ ഡിഫന്‍സിനും ശൈഖ് മുഹമ്മദിന്റെ പ്രശംസ

Published

|

Last Updated

ദുബൈ: പുതുവത്സരത്തലേന്ന് ഡൗണ്‍ടൗണ്‍ അഡ്രസ് ഹോട്ടലിലെ തീപിടുത്തം മറ്റു കെട്ടിടങ്ങളിലേക്ക് പടരാതെ നോക്കുന്നതില്‍ വിജയിച്ച, അഗ്നിശമന സേനാവിഭാഗത്തിനും അവസരോചിതമായി ഇടപെട്ട പോലീസിനും പ്രശംസ. നമ്മുടെ പോലീസ്, സിവില്‍ഡിഫന്‍സ്, ആംബുലന്‍സ് സേവനങ്ങളെച്ചൊല്ലി അഭിമാനം കൊള്ളുന്നതായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. കഴിഞ്ഞ രാത്രി ലോകത്തിന് ഇവര്‍ കഴിവ്‌തെളിയിച്ചുകൊടുത്തതായി ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
63 നില കെട്ടിടത്തില്‍ നിന്നും പരിസരത്തുനിന്നും ആളുകളെ ഒഴിപ്പിച്ചതും അഗ്നി നിയന്ത്രണ വിധേയമാക്കിയതും റിക്കോര്‍ഡ് സമയത്തിലാണ്. അര മണിക്കൂര്‍ കൊണ്ട് 90 ശതമാനം വിജയം കണ്ടു. ഇതിനിടെ പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. പുതുവത്സരമാഘോഷിക്കാന്‍ ലക്ഷക്കണക്കിന് ആളുകള്‍ ഡൗണ്‍ടൗണില്‍ തടിച്ചുകൂടിയപ്പോഴാണ് മുഖ്യ ആകര്‍ഷണമായ ബുര്‍ജ് ഖലീഫക്ക് തൊട്ടടുത്തുള്ള അഡ്രസ് ഹോട്ടലിന് തീപിടിച്ചത്. ബുര്‍ജ് ഖലീഫ കത്തിയെന്ന നിലയില്‍ അഭ്യൂഹം പടര്‍ന്നു. പക്ഷേ, പുതുവത്സരാഘോഷങ്ങള്‍ തത്സമയം പകര്‍ത്താന്‍ എത്തിയ ചാനല്‍ ക്യാമറകള്‍ ചിത്രം വ്യക്തമാക്കി, അപ്പോള്‍ തന്നെ യഥാര്‍ഥ വിവരം ലോകത്തെത്തിച്ചു.
എന്നാലും, ഹോട്ടലില്‍ നിന്ന് മറ്റിടങ്ങളിലേക്ക് തീപടരുമോയെന്നും പുതുവത്സരാഘോഷം ഉപേക്ഷിക്കപ്പെടുമോയെന്നും ആശങ്കയുണ്ടായി. അതെല്ലാം അരമണിക്കൂര്‍ കൊണ്ടാണ് അവസാനിച്ചത്. അഡ്രസ് ഹോട്ടലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും അഗ്നിശമന സേനക്ക് കഴിഞ്ഞു. 14 പേര്‍ക്കാണ് പരുക്ക്. അതും ഗുരുതരമല്ലാത്തത്. തീപിടുത്തം കണ്ട ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടായി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഹോട്ടല്‍ അതിഥികള്‍ക്ക് മറ്റ് ഹോട്ടലുകളില്‍ സൗകര്യം ഏര്‍പ്പെടുത്തി. ആളപായമില്ലെന്നും 15 പേര്‍ക്ക് നിസാര പരുക്കേറ്റുവെന്നും പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മത്തര്‍ അല്‍ മസീന അറിയിച്ചു.
ലക്ഷക്കണക്കിന് ദിര്‍ഹമിന്റെ നഷ്ടമാണ് നേരിട്ടത്. ഹോട്ടലിന് ഉള്‍വശം കാര്യമായി കേടുപാട് സംഭവിച്ചിട്ടില്ല. രാത്രി ഒമ്പതരയോടെയായിരുന്നു തീപിടുത്തം. 302 മീറ്റര്‍ ഉയരമുള്ള കെട്ടിടമാണിത്. 200 മുറികളും 600 അപ്പാര്‍ട്ടുമെന്റുകളുമുണ്ട്. 20-ാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി.