Connect with us

Malappuram

വിമാനത്താവള വികസനം: ആശങ്കക്ക് അറുതിയില്ലാതെ പ്രദേശവാസികള്‍

Published

|

Last Updated

കൊണ്ടോട്ടി: വിമാനത്താവള വികസനമെന്ന ഭൂതം കാരണം ഒരു പ്രദേശത്തെ ജനത മുഴുവനും വര്‍ഷങ്ങളായി തീ തിന്നുന്നു. കരിപ്പൂര്‍ കുമ്മിണിപറമ്പ്, നെടുംകളരി, മമ്പ്രം പാടം, കൂട്ടാല്‍ ഭാഗങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങളാണ് വിമാനത്താവള വികസനം എന്ന ഭൂതത്തെ കൊണ്ട് ജീവിതം നശിച്ചത്.
വര്‍ഷങ്ങളായി വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്ത് വികസനം സാധ്യമാക്കുമെന്ന പ്രഖ്യാപനം കേള്‍ക്കാന്‍ തുടങ്ങിയിട്ട് . ഈ പ്രദേശങ്ങള്‍ ഏറ്റെടുത്തായിരിക്കും വികസനം സാധ്യമാക്കുക എന്ന് അധികൃതരും പറയുന്നു. ഏത് സമയവും തങ്ങളുടെ വീടും പുരയിടവും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് പ്രദേശത്തുകാര്‍.
ഈ പ്രദേശങ്ങളില്‍ നിന്നും ഗള്‍ഫില്‍ പോയവര്‍ക്കും മറ്റും നല്ലൊരു വീടു വെക്കണമെന്ന ആഗ്രഹം വിമാനത്താവള വികസനത്തിന്റെ പേരില്‍ സാധ്യമാകുന്നില്ല. ഉള്ള വീട് അറ്റകുറ്റ പണി നടത്തുന്നതിനും സാധിക്കുന്നില്ല. ഏതു സമയവും വീടും ഭൂമിയും നഷ്ടപ്പെടുമെന്ന ഭീതിയില്‍ വീടിന് വേണ്ടി പണം മുടക്കിയാല്‍ ഒരായുസ്സിലെ അധ്വാന ഫലമായിരിക്കും നഷ്ടപ്പെടുന്നത്. പെണ്‍കുട്ടികളുടെ വിവാഹാവശ്യത്തിനോ മറ്റ് വിഷമ ഘട്ടങ്ങളിലോ ഭൂമി വില്‍ക്കണമെന്നു വെച്ചാല്‍ ഭൂമി ഏറ്റെടുക്കാനും ആളെ കിട്ടുന്നില്ല. ഏത് സമയവും ഭൂമി നഷ്ടപ്പെടുമെന്ന ഭീതിയാണ് ഭൂമി വാങ്ങാന്‍ ആരും തയ്യാറാകാത്തത്.
കിടപ്പാടം നഷ് ടപ്പെടുത്തി വിമാനത്താവള വികസനം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികള്‍.എന്നാല്‍ മാന്യമായ നഷ് ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുക തന്നെ ചെയ്യുമെന്ന് സര്‍ക്കാറും പ്രഖ്യാപിക്കുമ്പോള്‍ ത്രിശങ്കുവിലായത് പ്രദേശ വാസികളാണ്. കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ പേരില്‍ പ്രദേശവാസികളെ പ്രയാസത്തിലാക്കുന്ന അധികൃതരുടെ നിലപാടില്‍ നെടുംകളരി ചാലഞ്ച് ക്ലബ് പ്രതിഷേധം രേഖപ്പെടുത്തി.
സുബൈര്‍ കാളൂര്‍ അധ്യക്ഷത വഹിച്ചു. നസീക് നെടുംകളരി, ചെപട്ട സുബ്രഹ്മണ്യന്‍, ദിലീപ് കുമാര്‍ ചെര്‍ള, പുല്ലിതൊടിക അബ്ദു റഹീം സംസാരിച്ചു. അശ്‌റഫ് മേലകത്ത് സ്വാഗതവും സതീഷ് പൊലിയോടന്‍ നന്ദിയും പറഞ്ഞു.