Connect with us

Malappuram

തിരൂര്‍ ഉപജില്ലാ കലോത്സവം: വിധികര്‍ത്താക്കള്‍ക്കെതിരെ പരാതി പ്രളയം

Published

|

Last Updated

തിരൂര്‍: തിരൂര്‍ ഉപജില്ലാ കലോത്സവത്തിലെ വിധികര്‍ത്താക്കള്‍ക്കെതിരെ വ്യാപക പരാതി. യോഗ്യരല്ലാത്തവരാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചതെന്ന ആക്ഷേപവുമായാണ് രക്ഷിതാക്കളും അധ്യാപകരും ഇന്നലെ രംഗത്തെത്തിയത്.
വിജയിക്കേണ്ടവര്‍ ആരാണെന്ന് നേരത്തെ തന്നെ വിധി കര്‍ത്താക്കള്‍ തീരുമാനിച്ചിരുന്നതായും അതിനനുസരിച്ചുള്ള തീരുമാനമാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. പൊന്നാനി, എടപ്പാള്‍, കുറ്റിപ്പുറം, തിരൂര്‍ ഉപജില്ലകളില്‍ നിന്നായി ഏറ്റവും കൂടുതല്‍ അപ്പീലുകള്‍ ലഭിച്ചത് തിരൂരില്‍ നിന്നാണ്. 60ലധികം അപ്പീലുകളാണ് തിരൂരില്‍ നിന്ന് ലഭിച്ചത്. എടപ്പാള്‍ ഉപജില്ലയില്‍ നിന്ന് 32 അപ്പീലുകളും പൊന്നാനിയില്‍ നിന്ന് 23ഉം കുറ്റിപ്പുറത്ത് നിന്ന് 21ഉം അപ്പീലുകളാണ് ലഭിച്ചത്.
മോണോ ആക്ടില്‍ യോഗ്യതയുള്ളയാള്‍ ക്ലാസിക്കല്‍ ഡാന്‍സിന് വിധികര്‍ത്താവായതും ഒരേ ഇനത്തില്‍ രണ്ടു പേര്‍ ഒന്നാം സ്ഥാനം നേടിയതും വിധി കര്‍ത്താക്കളുടെ യോഗ്യതക്കുറവാണ് തെളിയിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഹൈസ്‌കൂള്‍ വിഭാഗം മലയാളം പ്രസംഗം മത്സരത്തില്‍ അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും പ്രസംഗിച്ച വിദ്യാര്‍ഥികളെ വിജയികളാക്കിയ വിധി കര്‍ത്താക്കള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ഇംഗ്ലീഷ് പ്രസംഗത്തില്‍ സമയം കൂടിയെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ ഒഴിവാക്കിയെന്നും അധ്യാപകന്‍ കുറ്റപ്പെടുത്തി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ വിദ്യാര്‍ഥിയെ പശ്ചാതല സംഗീതത്തിന്റെ ശബ്ദം മതിയായി കേട്ടില്ലെന്ന് പറഞ്ഞാണ് ഒരു മാര്‍ക്ക് കുറച്ചത്. പദ്യം ചൊല്ലലില്‍ ശാസ്ത്രീയ സംഗീതം കടന്നുവെന്നതായിരുന്നു പ്രശ്‌നം. അതാത് ഇനങ്ങളെ കുറിച്ചുള്ള അവഗാഹമില്ലാത്തവരാണ് വിധികര്‍ത്താക്കളായി എത്തിയതെന്ന് കലാ രംഗത്തുള്ള വിദഗ്ദര്‍ പറഞ്ഞു.

Latest