കാറിനെ പിന്‍തുടര്‍ന്ന പോലീസ് ജീപ്പിന് ബോംബേറ്

Posted on: January 2, 2016 11:53 am | Last updated: January 2, 2016 at 11:53 am

bomb...നാദാപുരം: പെരിങ്ങത്തൂര്‍ കായപ്പനിച്ചിയില്‍ വാഹന പരിശോധനക്കിടെ കൈകാണിച്ച് നിര്‍ത്താതെ പോയ മാരുതി കാറിനെ പിന്തുടര്‍ന്ന കണ്‍ട്രോള്‍ റൂം ജീപ്പിന് നേരെ ബോംബേറ്. കഴിഞ്ഞദിവസം പുലര്‍ച്ചെ ഒരുമണിയോടെ തൂണേരിക്കടുത്ത കുഞ്ഞിപ്പുരമുക്കില്‍ വെച്ചാണ് ബോംബേറുണ്ടായത്. നാദാപുരം കണ്‍ട്രോള്‍ റൂം (എക്കോ 2) എസ് ഐ എന്‍ കെ നാരായണനും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ബോബേറ്. കെ എല്‍ 10 എ ടി 4799 നമ്പറിലുളള കറുത്ത മാരുതി ആള്‍ട്ടോ കാറിന് കായപ്പനിച്ചിയില്‍ വെച്ച് വാഹന പരിശോധനക്കിടെ കൈകാണിക്കുകയായിരുന്നു. നിര്‍ത്താതെപോയ കാറിനെ പോലീസ് പിന്‍തുടരുന്നതിനിടയിലാണ് ജീപ്പിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞത്. ബോംബ് റോഡില്‍ പതിച്ച് ഉഗ്ര സ്‌ഫോടനത്തോടെ പൊട്ടിത്തെറിച്ചു. തെന്നിമാറിയ കാര്‍ സമീപത്തെ വീട്ട് മതിലിനിടിക്കുകയും ചെയ്തു. ഇതിനിടെ ജീപ്പില്‍ നിന്നിറങ്ങിയ പോലീസുകാരെ നേരെ കാര്‍ പിന്നോട്ടെടുത്ത് അപായപ്പെടുത്താനും ശ്രമിച്ചു. സംഭവസ്ഥലത്ത്് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മലപ്പുറം സ്വദേശി വടകര സ്വദേശിക്ക് വിറ്റകാറായിരുന്നു ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. നാലംഗ സംഘമാണ് കാറില്‍ സഞ്ചരിച്ചതെന്നും പോലീസ് പറഞ്ഞു. അന്വേഷണമാരംഭിച്ചു.