കൊട്ടക്കാവയല്‍ പള്ളികടവില്‍ പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു

Posted on: January 2, 2016 11:40 am | Last updated: January 2, 2016 at 11:40 am
SHARE

കൊടുവള്ളി: മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ കൊട്ടക്കാവയല്‍ പ്രദേശത്തെ സൗത്ത് കൊടുവള്ളി പ്രദേശവുമായി ബന്ധിപ്പിക്കുന്ന കൊട്ടക്കാവയല്‍ അന്നാരുകണ്ടം പള്ളിക്കടവില്‍ പാലം നിര്‍മിക്കണമെന്നാവശ്യം വീണ്ടും ശക്തമാകുന്നു. 2010ലെ സംസ്ഥാന ബജറ്റില്‍ പാലത്തിന് 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് അധികാരമേറ്റ യു ഡി എഫ് സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. 2015 ഡിസംബര്‍ മൂന്നിന് നിയമസഭയില്‍ അഡ്വ. പി ടി എ റഹീം എം എല്‍ എയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞ് അന്നാരുകണ്ടം പള്ളികടവ് പാലം ടെന്‍ഡറിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അറിയിച്ചിരുന്നു.
കൊട്ടക്കാവയല്‍, ഒതയോത്ത് പുറായി, കളത്തിങ്ങല്‍, മഠത്തു, കുഴിഭാഗങ്ങളുള്ളവര്‍ക്ക് ഇവിടെ പാലം നിര്‍മിച്ചാല്‍ കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ സൗത്ത് കൊടുവള്ളി പ്രദേശവുമായും ദേശീയപാത 212മായും എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയും. പുനൂര്‍ പുഴ നിറഞ്ഞ് കവിയുമ്പോള്‍ നാട്ടുകാര്‍ കൊടുവള്ളിക്കടവ് പാലം വഴിയും വെണ്ണക്കാട് തൂക്കുപാലം വഴിയുമാണിപ്പോള്‍ മറുകര പറ്റുന്നത്.