ആദിവാസി ഭൂവിതരണം: 22ന് മുഖ്യമന്ത്രി വയനാട്ടില്‍

Posted on: January 2, 2016 11:32 am | Last updated: January 2, 2016 at 11:32 am
SHARE

oommen-chandy1കല്‍പ്പറ്റ: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആദിവാസി ഭൂവിതരണത്തിന് മുഖ്യമന്ത്രി വയനാട്ടിലെത്തും.
ഈ മാസം 22നാണ് ഭൂവിതരണം നിശ്ചയിച്ചിട്ടുള്ളത്. ആദിവാസി ഗോത്രമഹാസഭ സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തിയ നില്‍പ്പുസമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥയിലെ പ്രധാന വിഷയമായിരുന്നു മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ഇരകളായ ആദിവാസികള്‍ക്ക് ഭൂമി ന്ല്‍കുക എന്നത്. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്കും അരിവാള്‍രോഗികള്‍ക്കും ഭൂമി നല്‍കുന്നതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പും റവന്യൂ വകുപ്പും ചേര്‍ന്നാണ് നടപടികള്‍ സ്വീകരിച്ചത്. അര്‍ഹിക്കുന്ന മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കാനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു.
ആശിക്കുന്ന ഭൂമി ആദിവാസിക്ക് സ്വന്തം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 450ഓളം പേര്‍ക്ക് ഇതിനോടകം ഭൂമി നല്‍കിക്കഴിഞ്ഞു. സുപ്രീംകോടതി വിധിപ്രകാരം വിട്ടുകിട്ടിയ വനഭൂമിയില്‍ വാസയോഗ്യമായവ കണ്ടെത്തി ഗുണഭോക്താക്കള്‍ക്ക് വിതരണംചെയ്യുന്നതിനുള്ള നടപടികളും നടന്നുവരികയാണ്. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളോടൊപ്പമുണ്ടായിരുന്ന കുട്ടികളില്‍ 44 പേര്‍ക്ക് ഒരുലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചുകഴിഞ്ഞു.
നില്‍പ്പുസമരത്തിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ മറ്റൊരു പ്രധാന വിഷയമായിരുന്നു പെസ്സ നിയമം കേരളത്തില്‍ നടപ്പാക്കി പട്ടികവര്‍ഗ്ഗ മേഖലകളെ ഭരണഘടനയുടെ അഞ്ചാംപട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നുള്ളത്. ഇതുപ്രകാരം വയനാട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളെ ഭരണഘടനയുടെ അഞ്ചാംപട്ടികയില്‍ ഉള്‍പ്പെടുത്തി 1996ലെ പെസ്സ നിയമത്തിന്റെ (പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ടു ഷെഡ്യൂള്‍ഡ് ഏരിയാസ് ആക്ട്) പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്രമന്ത്രിസഭ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും. സംസ്ഥാന മന്ത്രിസഭാ യോഗം നേരത്തെ തീരുമാനമെടുത്ത് ഈ വിഷയം കേന്ദ്രത്തിന് സമര്‍പ്പിക്കുകയായിരുന്നു. ഇതും യാഥാര്‍ഥ്യമാകുന്നതോടെ നില്‍പ്പുസമരത്തിലെ പ്രധാന വിഷയങ്ങളിലെല്ലാം തീരുമാനമാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here