Connect with us

Wayanad

കൗമാര സര്‍ഗോത്സവത്തിന് ഇന്ന് തുടക്കമാവും

Published

|

Last Updated

കല്‍പ്പറ്റ: കുട്ടികളിലെ കലാപരമായ കഴിവുകള്‍ കണ്ടെത്തുന്നതിന് പട്ടിക വര്‍ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന കൗമാരകലയുടെ സംഗമ വേദിയായ സര്‍ഗോത്സവമത്തിന് ഇന്ന് തുടക്കമാകും.കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന മേളയില്‍ സംസ്ഥാനത്തെ 18 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിന്നും 107 പ്രീമെട്രിക് ഹോസ്റ്റലുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 850 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുക്കും. ഇന്നു മുതല്‍ നാലാം തീയതി വരെയാണ്് മത്സരങ്ങള്‍ നടക്കുന്നത്.
2013 ല്‍ ആരംഭിച്ച സര്‍ഗോത്സവത്തിന് വയനാട്ടിലെ കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വേദിയാകുന്നത് ഇത് മൂന്നാം തവണയാണ്. അമൃത വര്‍ഷിണി, ശ്രീരാഗം, ഭാവപ്രിയ, നിരഞ്ജന, ശിവരഞ്ജിനി എന്നിങ്ങനെ അഞ്ച് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. വിജയികള്‍ക്ക് ഗ്രേഡ് മാര്‍ക്കും ലഭിക്കും.
പ്രധാന വേദിയായ അമൃത വര്‍ഷിണിയില്‍ 1000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് ദിവസങ്ങളിലായി മേളയില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണങ്ങള്‍ സൗജന്യമായി നല്‍കുന്നതിനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉച്ചക്ക് 1750 പേര്‍ക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുക. കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും വിരുന്നെത്തുന്നവരെ സഹായിക്കുന്നതിനുമായി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ തയ്യാറാണ്.
ഭക്ഷണ കൂപ്പണ്‍, വേദികളും നടക്കുന്ന പരിപാടികളുടെ വിവരങ്ങള്‍, താമസ സൗകര്യം തുടങ്ങിയ വിവരങ്ങളെല്ലാം തന്നെ ഇവിടെ ലഭ്യമാകും. കലാമേള ജനകീയവും കൂടുതല്‍ കാര്യക്ഷമവുമാക്കുന്നതിന് ജനപ്രതിനിധികള്‍, സംഘടനാ നേതാക്കള്‍, അധ്യാപകര്‍, എന്നിവരെ ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനതല മത്സരമായതിനാല്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കലോത്സവ നഗരിയുടെ സമീപ പ്രദേശങ്ങളില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. സീനിയര്‍ വിഭാഗത്തില്‍ പതിനെട്ടും ജൂനിയര്‍ വിഭാഗത്തില്‍ പന്ത്രണ്ടും ഇനങ്ങളില്‍ മത്സരം നടക്കും. പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്കായി നാടകം, സംഘനൃത്തം എന്നീ മത്സരങ്ങളും നടത്തും. ആകെ 32 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.
ജനുവരി രണ്ടിന് വേദി ഒന്നില്‍ (അമൃത വര്‍ഷിണി) വൈകീട്ട് ആറ് മുതല്‍ പരമ്പരാഗത നൃത്തം, വേദി രണ്ടില്‍ (ശ്രീരാമം) ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ കവിതാ രചന, ഇംഗ്ലീഷ് ഉപന്യാസം എന്നിവ നടക്കും. വേദി മൂന്നില്‍ (ഭാവപ്രിയ) ലളിതഗാനം, വേദി നാലില്‍ മലയാള പ്രസംഗം, വേദി അഞ്ചില്‍ കവിതാ പാരായണം എന്നിവയും നടക്കും. ജനുവരി മൂന്നിന് വേദി ഒന്നില്‍ സീനിയര്‍ നാടോടി നൃത്തം, നാടകം, വേദി രണ്ടില്‍ ജലച്ഛായം, പെന്‍സില്‍ ഡ്രോയിങ്ങ്, വേദി മൂന്നില്‍ സീനിയര്‍ ലളിതഗാനം, സംഘഗാനം, വേദി നാലില്‍ മലയാളം ഉപന്യാസം, കഥാ രചന, വേദി അഞ്ചില്‍ മിമിക്രി, മോണോ ആക്ട് എന്നിവയും നടക്കും. ജനുവരി നാലിന് വേദി ഒന്നില്‍ പ്രീമെട്രിക് ഹോസ്റ്റല്‍, സീനിയര്‍ വിഭാഗങ്ങളുടെ സംഘനൃത്തം എന്നിവ നടക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് നാലിന് കമ്പളക്കാട് ടൗണില്‍ നിന്നും ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ ചെണ്ട. നാദസ്വരം, കാവടി, അമ്മന്‍കുടം, ശിങ്കാരി മേളം, ബാന്റ് ട്രൂപ്പ്, നിശ്ചല ദൃശ്യം തുടങ്ങിയവയുടെ അകമ്പടിയോടെ വിദ്യാര്‍ത്ഥികളും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും അണിനിരക്കും.
വൈകീട്ട് നാലിന് പഞ്ചായത്ത്-സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ.എം.കെ.മുനീര്‍ മേളയും പട്ടികവര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയും കലാമത്സരങ്ങളും ഉദ്ഘാടനം ചെയ്യും.
എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ. അധ്യക്ഷനാവും. എം.ഐ.ഷാനവാസ് എം പി മുഖ്യാതിഥിയായിരിക്കും. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. എം എല്‍ എമാരായ കെ എം ഷാജി, സി മമ്മൂട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, എം പി വീരേന്ദ്രകുമാര്‍, കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍, കേരള മിനറല്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.പി.എ കരിം, മലയോര വികസന അതോരിറ്റി വൈസ് ചെയര്‍മാന്‍ എന്‍.ഡി. അപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

---- facebook comment plugin here -----

Latest