SHARE
pathankot_air_force_station_attack
ഭീകരാക്രമണം നടന്ന പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യം

ന്യൂഡല്‍ഹി: പഞ്ചാബില്‍ വ്യോമസേനാ താവളത്തിന് നേരെ ഭീകരാക്രമണം. പുലര്‍ച്ചെ 3.30 ഓടെയാണ് രാജ്യത്തെ ഏറ്റവും വലിയ വ്യോമസേനാ താവളമായ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയത്. അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും മരിച്ചിട്ടുണ്ട്. സംഘത്തില്‍ ഏഴ് പേരുണ്ടെന്നാണ് സൂചന. രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഒമ്പത് മണിയോടെ അവസാനിപ്പിച്ചെങ്കിലും തിരച്ചിലിനിടെ വീണ്ടും വെടിവെപ്പിന്റെ ശബ്ദം കേട്ടതോടെ ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഏറ്റുമുട്ടല്‍ പതിനഞ്ച് മണിക്കൂര്‍ നീണ്ടുനിന്നു. അവശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. തിരച്ചിലിനായി ദേശീയ സുരക്ഷാ സേനയും സ്ഥലത്തെത്തി. പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് പഞ്ചാബില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതേസമയം, പുതുവര്‍ഷ ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് ശേഷമാണ് അതീവ സുരക്ഷാ മേഖലയില്‍ ആക്രമണം നടന്നതെന്നത് ശ്രദ്ധേയമാണ്. ചില ഭീകരര്‍ അതിര്‍ത്തി കടന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.

പുലര്‍ച്ചെ മൂന്നരയോടെയാണ് വ്യോമസേനാ കേന്ദ്രത്തിന് നേരെ ആദ്യം വെടിവെപ്പുണ്ടായത്. പോലീസ് വാഹനത്തിലെത്തിയ ഭീകരരാണ് വെടിയുതിര്‍ത്തത്. എയര്‍ഫോഴ്‌സ് ബേസിനുള്ളില്‍ നിന്നാണ് വെടിവെപ്പ് ഉണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബേസിനുള്ളില്‍ ഭീകരര്‍ എങ്ങനെ പ്രവേശിച്ചുവെന്നത് വ്യക്തമല്ല.

ഹെലിക്കോപ്റ്റുകളും യുദ്ധവിമാനങ്ങളും തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഭീകരര്‍ വ്യോമസേനാ കേന്ദ്രത്തിലേക്ക് ആക്രമണം നടത്തിയതെന്നാണ് സൂചന. മിഗ് 29 യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും സൂക്ഷിച്ചിരുന്ന ഭാഗത്താണ് ആക്രമണം ഉണ്ടായത്. എന്നാല്‍, ഈ മേഖല സുരക്ഷിതമാണെന്നും ഭീകരര്‍ക്ക് ടെക്‌നിക്കല്‍ ഏരിയയിലേക്ക് കടക്കാന്‍ സാധിച്ചിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വ്യോമസേന വിമാനത്താവളത്തിന് അമ്പത് കിലോമീറ്റര്‍ അകലെയാണ് പാക്കിസ്ഥാന്‍ അതിര്‍ത്തി. എയര്‍ബേസിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ അടച്ച ശേഷം ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പ്രാദേശിക ബ്രിഗേഡ് കമാന്‍ഡറുടെ നേതൃത്വത്തില്‍ സൈന്യമാണ് തിരച്ചില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള നരോത്ത് ജയ്മല്‍ സിംഗ് മേഖലയില്‍ വെച്ച് പോലീസ് സൂപ്രണ്ടിന്റെ വാഹനം തട്ടിയെടുത്താണ് ഭീകരര്‍ വ്യോമസേനാ കേന്ദ്രത്തിലെത്തിയത്. പഞ്ചാബ്, ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി മേഖലയായ പത്താന്‍കോട്ടില്‍ ഒരു സൈനിക കന്റോണ്‍മെന്റും വ്യോമസേനാ കേന്ദ്രവുമാണുളളത്. അക്രമികള്‍ പാക്കിസ്ഥാനിലെ ബഹവാല്‍പൂര്‍, മുള്‍ട്ടാന്‍ സ്വദേശികളാണെന്നാണ് സൂചന. ഡിസംബര്‍ മുപ്പതിന് ഇന്ത്യയിലേക്ക് കടന്ന ഇവരുടെ ലക്ഷ്യം സൈനിക കേന്ദ്രമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഭീകരാക്രമണത്തെ തുടര്‍ന്ന് ഡല്‍ഹിയിലും ജമ്മു കാശ്മീരിലും സുരക്ഷ വര്‍ധിപ്പിച്ചു. പത്താന്‍കോട്ട് – ജമ്മു ദേശീയപാതയില്‍ വാഹനങ്ങള്‍ കര്‍ശനപരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്.
ആറ് മാസം മുമ്പ് ഗുരുദാസ്പൂരില്‍ നടന്ന സമാനമായ ആക്രമണത്തില്‍ മൂന്ന് സാധാരണക്കാരും നാല് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു. പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് അന്ന് ഭീകരരെ വധിച്ചത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനത്തിന് ശേഷമാണ് ഭീകരാക്രമണം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.

രണ്ട് മണിക്കൂര്‍;
നാല് കോളുകള്‍
ന്യൂഡല്‍ഹി: ആക്രമണം നടന്ന രാത്രി 12.30നും 2.30നും ഇടയില്‍ നാല് ഫോണ്‍കോളുകള്‍ പാക്കിസ്ഥാനിലേക്ക് പോയതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഒരെണ്ണം ഭീകരര്‍ തട്ടിയെടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ ഫോണില്‍ നിന്നാണ്. പഞ്ചാബി, മുള്‍ത്താനി ഭാഷകളിലായിരുന്നു സംഭാഷണം.
ആക്രമണം നടത്തേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരം ഭീകരര്‍ക്ക് ഫോണിലൂടെ മറുതലക്കല്‍ സംസാരിക്കുന്നയാള്‍ നല്‍കുന്നുണ്ട്. പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ കടന്ന് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും ഉള്‍പ്പെടെയുള്ളവയെല്ലാം തകര്‍ക്കാനും ഇയാള്‍ ഭീകരരോട് ആവശ്യപ്പെടുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.
ഇതില്‍ ഒരു കോള്‍ ആക്രമണത്തില്‍ പങ്കെടുത്ത ഭീകരന്റെ മാതാവിന്റെ ഫോണിലേക്കാണ്. ഭീകരാക്രമണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ മാതാവിനോട് വെളിപ്പെടുത്തിയതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. ഏഴ് പേരടങ്ങിയ സംഘമാണ് ആക്രമണത്തിന് എത്തിയതെന്ന് ഭീകരന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here